മഹാരാഷ്ട്ര സർക്കാർ സംവരണ ഓർഡിനൻസിന്റെ കരട് പുറത്തുവിട്ടു; മറാഠാ സമരം അവസാനിപ്പിച്ചു
Mail This Article
മുംബൈ∙ സംവരണ ഓർഡിനൻസിന്റെ കരട് മഹാരാഷ്ട്ര സർക്കാർ പുറത്തുവിട്ടതിനു പിന്നാലെ ഏറെനാളായി തുടരുന്ന മറാഠ സമരം അവസാനിച്ചു. നവി മുംബൈയിൽ പ്രക്ഷോഭകർ ആഹ്ലാദപ്രകടനം നടത്തി. കരട് പുറത്തുവിട്ടതിനാൽ സമരം അവസാനിപ്പിക്കുന്നതായി മറാഠാ നേതാവ് മനോജ് ജരാങ്കെ പാട്ടീൽ പറഞ്ഞു. മറാഠാക്കാർക്ക് സംവരണത്തിനായി പുതിയ നിയമം കൊണ്ടുവരികയാണ് സർക്കാർ. ഇതിന്റെ കരട് കഴിഞ്ഞ ദിവസം മനോജ് ജരാങ്കെ പാട്ടീലിനുൾപ്പെടെ നൽകിയിരുന്നു.
സംവരണം വേണമെന്നത് മറാഠാ സമുദായത്തിന്റെ ഏറെക്കാലമായുള്ള ആവശ്യമാണ്. സംവരണം നൽകുന്നതിന് സർക്കാരുകൾ മുൻപും നടപടി സ്വീകരിച്ചെങ്കിലും അതൊന്നും ഫലവത്തായിരുന്നില്ല. ബിജെപിയുടെ നിയന്ത്രണത്തിലുള്ള ഏക്നാഥ് ഷിൻഡെ സർക്കാരിനെ ഏറ്റവും കൂടുതൽ പ്രതിസന്ധിയിലാക്കിയിരുന്നത് മറാഠകളുടെ സംവരണ ആവശ്യമാണ്. ലോക്സഭാ തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും പടിവാതിൽക്കൽ എത്തിനിൽക്കുമ്പോളാണ് മറാഠാ പ്രശ്നം ഊരാക്കുടുക്കായത്.
കൃഷിക്കാരും മണ്ണിന്റെ മക്കളെന്നുമാണ് മറാഠകൾ വിശേഷിപ്പിക്കപ്പെടുന്നത്. കൃഷി ഉപജീവനമായതിനാൽ ഇവർക്ക് ധാരാളം കൃഷിഭൂമിയുണ്ട്. മറാഠി ഭാഷ സംസാരിക്കുന്നവരാണ് ഏറെയും. മഹാരാഷ്ട്രയുെട മൂന്നിൽ ഒന്ന് ജനസംഖ്യയും മറാഠകളാണ്. 1960 മുതൽ 20 മുഖ്യമന്ത്രിമാരുണ്ടായതിൽ 12 പേരും മറാഠ സമുദായത്തിൽ നിന്നുള്ളവരാണ്. ഇപ്പോഴത്തെ മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയും മറാഠ സമുദായാംഗമാണ്. കുറച്ചു കാലമായി കൃഷിത്തകർച്ചമൂലം സമുദായം വലിയ പ്രതിസന്ധി നേരിടുകയാണ്. അടുത്തിടെ സാമ്പത്തികമായി സമുദായം ഏറെ പിന്നാക്കാവസ്ഥയിലായതാണ് പ്രതിഷേധത്തിന് ചൂടു പിടിക്കാൻ കാരണം. സംവരണം നടപ്പായാൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർക്കാർ ജോലി തുടങ്ങിയവയിലെല്ലാം ഇവർക്ക് പ്രാതിനിധ്യം കൂടും.
2016 ലാണ് മറാഠ സംവരണ പ്രശ്നം വീണ്ടും കത്താൻ തുടങ്ങിയത്. കൊപാർഡി ഗ്രാമത്തിൽ ഒരു കൗമാരക്കാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് സംഭാജി നഗറിൽ (ഔറംഗബാദ്) മറാഠകൾ വൻ റാലി സംഘടിപ്പിച്ചു. കറുത്ത വസ്ത്രം ധരിച്ചു നടത്തിയ മൗനറാലിക്കു ശേഷം നേതാക്കൻമാർ ഒരു നിവേദനം കലക്ടർക്കു നൽകി. കൊപാർഡി കൊലപാതകത്തിലെ കുറ്റവാളികളെ പിടികൂടുക, സ്വാമിനാഥൻ കമ്മിഷൻ റിപ്പോർട്ട് അനുസരിച്ച് കർഷകർക്ക് ഉയർന്ന വേതനം ഉറപ്പുവരുത്തുക, കർഷകരുടെ കടം എഴുതിത്തള്ളുക, മറാഠ സംവരണം ഏർപ്പെടുത്തുക എന്നിവയായിരുന്നു നിവേദനത്തിലെ ആവശ്യങ്ങൾ. മറാഠ ക്രാന്തി മോർച്ച (എംകെഎം) ഇതേ രീതിയിൽ വിവിധ ജില്ലകളിലായി 58 റാലികൾ സംഘടിപ്പിച്ചു. മറാഠ സംവരണം എന്ന ആവശ്യം അതോടെ വീണ്ടും ശക്തമായി. പലയിടത്തും സമരങ്ങളുമുണ്ടായി.
സംസ്ഥാനവ്യാപകമായി ഉയർന്ന പ്രക്ഷോഭത്തെത്തുടർന്ന് 2018ൽ സംസ്ഥാന സർക്കാർ സംവരണം പ്രഖ്യാപിച്ചെങ്കിലും സുപ്രീം കോടതി ഇതു റദ്ദാക്കി. മറാഠ സമുദായം സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്നവരല്ലെന്നും സംവരണം ഭരണഘടനാ വിരുദ്ധമാണെന്നും 2021 മേയിൽ സുപ്രീം കോടതിയുടെ അഞ്ചംഗ ബെഞ്ച് വിധിച്ചു. 2023 ഏപ്രിലിൽ പുനഃപരിശോധനാ ഹർജി നൽകിയെങ്കിലും അതും കോടതി തള്ളിയിരുന്നു.