‘ഇന്ത്യ’യിൽ സ്വാധീനമില്ല, പിന്തുണയില്ല, സ്വീകാര്യതയില്ല; നിതീഷിന്റെ രാഷ്ട്രീയക്കളിക്ക് പിന്നിൽ?
Mail This Article
പട്ന∙ 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപ് ബിഹാറിലെ രാഷ്ട്രീയ ഗോദയിൽ വലിയൊരു കളിക്ക് ഒരുങ്ങുകയാണ് മുഖ്യമന്ത്രിയും ജെഡിയുവിന്റെ അധ്യക്ഷനുമായ നിതീഷ് കുമാർ. തിരഞ്ഞെടുപ്പിനു മാസങ്ങൾ മാത്രം ശേഷിക്കെ, ജെഡിയു – ആർജെഡി സഖ്യ സർക്കാരിൽ വിള്ളൽ വീണിരിക്കുന്നു. നിലവിൽ അധികാരത്തിലിരിക്കുന്ന മഹാ സഖ്യസർക്കാരിൽനിന്ന് ജെഡിയുവിനെ പിൻവലിച്ചു ബിജെപിയുടെ പിന്തുണയിൽ അധികാരം നിലനിർത്താനാണു നിതീഷിന്റെ പദ്ധതിയെന്നാണു പുറത്തുവരുന്ന വിവരങ്ങൾ. ഞായറാഴ്ച പുതിയ സർക്കാർ അധികാരത്തിൽക്കയറുമെന്നും ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ചു ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നിതീഷിന്റെ നീക്കങ്ങൾക്കു തടയിടാൻ ജിതൻ റാം മാഞ്ചിയെ ഒപ്പം നിർത്താനും എംഎൽഎമാരെക്കൊണ്ടു രാജിവയ്പ്പിക്കാനും ഇന്ത്യ സഖ്യം നീക്കം നടത്തുന്നതായും റിപ്പോർട്ടുകളുണ്ട്. ബിഹാർ പ്രതിസന്ധി കടുത്തതോടെ ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ കേരളത്തിലേക്കുള്ള സന്ദർശനംപോലും മാറ്റിവച്ചിരിക്കുകയാണ്. അമിത് ഷായുടെ നേതൃത്വത്തിൽ ബിഹാറിലെ ബിജെപി നേതാക്കളുടെ യോഗവും വിളിച്ചിട്ടുണ്ട്.
ഞായറാഴ്ച രാവിലെ 10നു നിയമസഭായോഗം, പിന്നാലെ എംപിമാരും മുതിർന്ന നേതാക്കളുമായും ചർച്ച – ഇങ്ങനെയാണ് നിതീഷിന്റെ പ്ലാൻ. മഹാസഖ്യം ഉപേക്ഷിക്കുന്നതിൽ ജെഡിയുവിൽ രണ്ട് അഭിപ്രായം ഉള്ളതുകൊണ്ടു കരുതലോടെ നീങ്ങുകയാണു നിതീഷ് കുമാർ. ഈ യോഗങ്ങൾക്കുശേഷം ഗവർണറെ കണ്ടു രാജിക്കത്ത് നൽകുമെന്നാണു വിവരം. ഞായറാഴ്ച വൈകിട്ടോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ ഉണ്ടായേക്കും. നിതീഷിനെ അനുനയിപ്പിക്കാൻ കോൺഗ്രസും ആർജെഡിയും നീക്കം നടത്തിയെങ്കിലും വിജയിച്ചിട്ടില്ല. ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ് നിതീഷിനെ കാണാൻ ശ്രമിച്ചെങ്കിലും നടന്നില്ല. സോണിയ ഗാന്ധിയും മല്ലികാർജുൻ ഖർഗെയും ഫോണിൽ സംസാരിക്കാൻ ശ്രമിച്ചെന്നും അദ്ദേഹത്തെ ലഭിച്ചില്ലെന്നുമാണു വിവരം. ഇന്ത്യ സഖ്യം തകർച്ചയുടെ വക്കിലാണെന്നും കോൺഗ്രസാണ് ഉത്തരവാദിയെന്നുമുള്ള പ്രസ്താവനകളും ജെഡിയു നേതാക്കൾ നടത്തുന്നുണ്ട്.
∙ 2005 മുതൽ മുഖ്യമന്ത്രി
2014–15 കാലയളവിലെ എട്ടുമാസം ഒഴിച്ചാൽ 2005 മുതൽ ബിഹാറിന്റെ മുഖ്യമന്ത്രിയാണ് നിതീഷ് കുമാർ. 1985ലാണ് നിതീഷ് ആദ്യമായി ബിഹാർ നിയമസഭയിലെത്തുന്നത്. 1998ൽ ബിജെപി സഖ്യത്തിലെത്തി വാജ്പേയി സർക്കാരിൽ റെയിൽവേ, കാർഷിക മന്ത്രിപദവികൾ വഹിച്ചു. 2000 ത്തിൽ ബിജെപിയുടെ പിന്തുണയോടെ ആദ്യമായി മുഖ്യമന്ത്രിയായി. എന്നാൽ ഭൂരിപക്ഷമില്ലാത്തതിനാൽ ഏഴു ദിവസങ്ങൾക്കുശേഷം രാജിവയ്ക്കേണ്ടിവന്നു. 2005ൽ ജെഡിയു– ബിജെപി സഖ്യം വൻ വിജയം നേടി. രണ്ടാം വട്ടം നിതീഷ് മുഖ്യമന്ത്രിയായി അധികാരമേറ്റു. 2013ൽ ദേശീയ രാഷ്ട്രീയത്തിലേക്ക് നരേന്ദ്ര മോദിയുടെ ഉയർച്ച തുടങ്ങിയതോടെ ബന്ധം വേർപ്പെടുത്തി. 2014ലെ തിരഞ്ഞെടുപ്പിൽ ജെഡിയുവിന്റെ വൻ പരാജയത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് അദ്ദേഹം മുഖ്യമന്ത്രിപദത്തിൽനിന്നു മാറിനിന്നു. അന്ന് 40ൽ വെറും രണ്ടു സീറ്റ് മാത്രമാണ് ജെഡിയുവിന് ലഭിച്ചത്. 2015ൽ ലാലു പ്രസാദ് യാദവുമായി ചേർന്ന് കോൺഗ്രസിനൊപ്പം മഹാസഖ്യമുണ്ടാക്കി അധികാരത്തിലെത്തി. രണ്ടുവർഷങ്ങൾക്കുശേഷം സഖ്യം ഉപേക്ഷിച്ച് വീണ്ടും ബിജെപിയുടെ പാളയത്തിലെത്തി. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ 40ൽ 39 സീറ്റാണ് ബിജെപി–ജെഡിയു– എൽജെപി സഖ്യം നേടിയത്. 2022ൽ വീണ്ടും ബിജെപിയെ വിട്ട് കോൺഗ്രസ്–ജെഡിയു സഖ്യത്തിൽ നിതീഷ് വീണ്ടും മുഖ്യമന്ത്രിയായി.
∙ ‘ഇന്ത്യ’യിൽ സ്വാധീനമില്ല, പിന്തുണയില്ല, സ്വീകാര്യതയില്ല
20 വർഷം എൻഡിഎ സഖ്യത്തിൽ, പിന്നീട് നാലു വർഷം മഹാസഖ്യത്തിൽ – എന്തുകൊണ്ട് നിതീഷ് വീണ്ടും ബിജെപിയിൽ ചേരുന്നു എന്നു ചോദിച്ചാൽ ഈ തീരുമാനത്തിനു പിന്നിൽ ഇന്ത്യ മുന്നണിക്കു വ്യക്തമായ സ്വാധീനമുണ്ടെന്നു കരുതേണ്ടിവരും. വിവിധ രാഷ്ട്രീയ ചേരികളെ ഒരു കുടക്കീഴിൽ കൊണ്ടുവന്നപ്പോൾ താനവിടെ അപ്രസക്തമാകപ്പെടുമോ എന്ന ഭയം നിതീഷിനുണ്ടെന്നു ഇപ്പോഴത്തെ മാറ്റങ്ങളെ അപഗ്രഥിക്കുന്നവർ പറയുന്നു. നിരവധി രാഷ്ട്രീയ ചാണക്യന്മാർ ഇന്ത്യ മുന്നണിയുടെ ഭാഗമായുണ്ട്. ഇന്ത്യ സഖ്യ രൂപീകരണത്തിന് മുൻപന്തിയിലുണ്ടായിരുന്നെങ്കിലും സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർഥിയാകാനുള്ള നീക്കങ്ങൾക്കു കാര്യമായ പിന്തുണ അദ്ദേഹത്തിനു കിട്ടിയില്ല. പലപ്പോഴും അദ്ദേഹം നടത്തിയ നീക്കങ്ങൾ അവഗണിക്കപ്പെടുകയും ചെയ്തു. ബെംഗളൂരുവിൽ വച്ചു നടന്ന മുന്നണിയുടെ രണ്ടാം യോഗത്തിനുശേഷം വാർത്താ സമ്മേളനത്തിൽപ്പോലും പങ്കെടുക്കാതെയാണ് നിതീഷ് പട്നയിലേക്കു തിരികെപ്പോയത്. മുംബൈയിൽ വച്ചുനടന്ന മൂന്നാം യോഗത്തിലും നിതീഷിന് തൃപ്തിയുണ്ടായിരുന്നില്ല.
ഒക്ടോബറിൽ സിപിഐയുടെ റാലിയിൽ വച്ചാണ് ആദ്യ വെടി പൊട്ടിച്ചത്. ഇന്ത്യ മുന്നണിയുടെ സീറ്റ് വിഭജനം വൈകിപ്പിക്കുന്നത് കോൺഗ്രസ് പാർട്ടിയാണെന്നായിരുന്നു ആ പരാമർശം. മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തിസ്ഗഡ്, തെലങ്കാന സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിന്റെ സമയമായിരുന്നു അത്. മൂന്നു സംസ്ഥാനങ്ങളിൽ കോൺഗ്രസ് വൻ പരാജയം ഏറ്റുവാങ്ങിയപ്പോൾ നിതീഷ് ആക്രമണം രൂക്ഷമാക്കി. ബിഹാറിലെ പാർട്ടിയുടെ വളർച്ചയെ ആർജെഡി – കോൺഗ്രസ് സഖ്യം ബാധിക്കുന്നുവെന്ന ചിന്ത വന്നതോടെ എൻഡിഎ തന്നെയാണ് ഭാവിയെന്ന് അദ്ദേഹം ചിന്തിച്ചേക്കാമെന്നാണ് ഈ രംഗത്തുള്ളവർ പറയുന്നത്.
∙ ചെറുക്കാൻ ആർജെഡിയും കോൺഗ്രസും
നിതീഷ് കുമാറിന്റെ നീക്കങ്ങളെ ചെറുക്കാൻ കോൺഗ്രസും ആർജെഡിയും ശ്രമം തുടങ്ങി. ഏതു സാഹചര്യവും നേരിടാൻ തയാറാകണമെന്നും ഫോണുകൾ സ്വിച് ഓഫ് ചെയ്യരുതെന്നും ഉപമുഖ്യമന്ത്രിയും ആർജെഡി നേതാവുമായ തേജസ്വി യാദവ് എംഎൽഎമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. മറുകണ്ടം ചാടാതിരിക്കാൻ എംഎൽഎമാർക്കുമേൽ കർശന നിരീക്ഷണം നടത്തുന്നുണ്ടെന്നും റിപ്പോർട്ടുണ്ട്. നിതീഷിനോട് ഇടഞ്ഞ് നിലവിൽ എൻഡിഎയുടെ ഭാഗമായി നിൽക്കുന്ന ജിതൻ റാം മാഞ്ചിയെ ഇന്ത്യാ സഖ്യത്തിലേക്ക് എത്തിക്കാനുള്ള നീക്കവും നടക്കുന്നു. രാഹുൽ ഗാന്ധി മാഞ്ചിയുമായി സംസാരിച്ചുവെന്നാണു വിവരം. 122 ആണ് കേവല ഭൂരിപക്ഷമായി വേണ്ടത്. കോൺഗ്രസും ആർജെഡിയും മാഞ്ചിയുമൊക്കെ ചേർന്നാലും 122 തികയ്ക്കുക പാടാണ്. അതുകൊണ്ടുതന്നെ ജെഡിയുവിന്റെ എംഎൽഎമാരെ രാജിവയ്പ്പിക്കാനുള്ള അണിയറ നീക്കങ്ങളും സജീവമാണ്.