മഹാസഖ്യത്തിന്റെ സ്ഥിതി വളരെ മോശം; ഇന്ത്യ മുന്നണിയിൽ ഒന്നും നടന്നില്ല: രാജിക്കു പിന്നാലെ നിതീഷ്
Mail This Article
പട്ന∙ ഇന്ത്യ മുന്നണിയുടെ ഭാഗമായി ഇനി താൻ ഉണ്ടാകില്ലെന്ന് ജെഡിയു അധ്യക്ഷൻ നിതീഷ് കുമാർ. ബിഹാർ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചതിനു പിന്നാലെയായിരുന്നു നിതീഷിന്റെ പരാമർശം. മഹാസഖ്യത്തിലെ സ്ഥിതി മോശമാണെന്നും അത് അവസാനിച്ചെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു. എല്ലാവരുടെയും അഭിപ്രായം മാനിച്ചാണ് തീരുമാനമെടുത്തതെന്നും നിതീഷ് വ്യക്തമാക്കി. ഇന്ത്യ മുന്നണി പടുത്തുയർത്താൻ ശ്രമിച്ചെങ്കിലും അതു നടന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
Read also: ‘2024 മോദിക്ക് എളുപ്പമാകില്ല’; വെല്ലുവിളിച്ചിറങ്ങിയ നിതീഷിനെ ബിജെപി എന്തിന് തിരികെ എത്തിക്കുന്നു?
‘‘ഒന്നര വർഷം മുൻപ് ഞാൻ രൂപീകരിച്ച മഹാസഖ്യത്തിലെ സ്ഥിതി ഇന്നു വളരെ മോശമാണ്. അതുകൊണ്ട് രാജി സമർപ്പിക്കുന്നു. ഇപ്പോൾ ഞങ്ങൾ വേർപിരിഞ്ഞിരിക്കുന്നു. എല്ലാവരോടും അഭിപ്രായം ചോദിച്ചു, എല്ലാവർക്കും പറയാനുള്ളത് കേട്ടു, അതിനുശേഷമാണു തീരുമാനമെടുത്തത്. സർക്കാരിനെ പിരിച്ചുവിട്ടിരിക്കുന്നു’’ – നിതീഷ് പറഞ്ഞു. ഇന്ത്യ മുന്നണിക്കെതിരെ താനിതുവരെ ഒന്നും പറഞ്ഞിട്ടില്ലെന്നും സാധ്യമായതെല്ലാം ചെയ്തിട്ടും മുന്നണിയില്‍ ഒന്നും സംഭവിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
ദിവസങ്ങൾ നീണ്ട അഭ്യൂഹങ്ങൾക്കൊടുവിൽ ഇന്നു രാവിലെയാണ് നിതീഷ് കുമാർ കോൺഗ്രസ് – ജെഡിയു – ആർജെഡി സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചത്. ഇന്നു വൈകിട്ട് അഞ്ചിന് ബിജെപി – ജെഡിയും സർക്കാരിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.