നിതീഷ് കുമാർ വീണ്ടും ബിഹാർ മുഖ്യമന്ത്രി; ഒൻപതാം തവണയും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
Mail This Article
പട്ന∙ ബിഹാറിൽ ജെഡിയു അധ്യക്ഷൻ നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര അർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു. ഇത് ഒൻപതാം തവണയാണ് നിതീഷ് കുമാർ ബിഹാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. ഇതിൽ ആറു തവണ ബിജെപി സഖ്യത്തിലും മൂന്നു തവണ ആർജെഡി സഖ്യത്തിലും.
ബിജെപി സംസ്ഥാന അധ്യക്ഷൻ സമ്രാട്ട് ചൗധരി, മുൻ പ്രതിപക്ഷ നേതാവ് വിജയ് കുമാർ സിന്‍ഹ എന്നിവർ ഉപമുഖ്യമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. ഇവർക്കു പുറമേ ആറു പേർ കൂടി മന്ത്രിമാരായ സത്യപ്രതിജ്ഞ ചെയ്തു. ബിജെപി എംഎൽഎ പ്രേംകുമാർ, ജെഡിയു എംഎൽഎമാരായ വിജയ് കുമാർ ചൗധരി, ബിജേന്ദ്ര പ്രസാദ് യാദവ്, ശ്രാവൺ കുമാർ, എച്ച്എഎം അധ്യക്ഷൻ സന്തോഷ് കുമാർ സുമൻ, സ്വതന്ത്ര എംഎൽഎ സുമിത് കുമാർ സിങ് എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്ത മറ്റുള്ളവർ. എച്ച്എഎം നേതാവും മുൻ മുഖ്യമന്ത്രിയുമായ ജിതൻ റാം മാഞ്ചിയുടെ മകനാണ് സന്തോഷ് കുമാർ സുമൻ.
രാവിലെ രാജ്ഭവനിലെത്തിയ നിതീഷ് കുമാർ മഹാസഖ്യ മുഖ്യമന്ത്രി സ്ഥാനത്തുനിന്നുള്ള രാജിക്കത്ത് ഗവർണർക്ക് സമർപ്പിച്ചിരുന്നു. ജെഡിയു എംഎൽഎമാരുടെ നിയമസഭാകക്ഷി യോഗം പൂർത്തിയായതിനു പിന്നാലെയാണ് നിതീഷ് ഗവർണറെ കണ്ട് രാജിക്കാര്യം അറിയിച്ചത്. ജെഡിയു– ആർജെഡി– കോൺഗ്രസ് മഹാസഖ്യ മുന്നണി വിട്ടാണ് ജെഡിയും വീണ്ടും ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ സഖ്യത്തിനൊപ്പം ചേരുന്നത്. ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ ഉൾപ്പെടെയുള്ളവർ സത്യപ്രതിജ്ഞ ചടങ്ങിന് എത്തി.
ആകെയുള്ള 243 സീറ്റുകളിൽ 122 സീറ്റുകളാണ് നിയമസഭയിൽ കേവല ഭൂരിപക്ഷത്തിനു വേണ്ടത്. നിലവിൽ ബിജെപി- 78, ആർജെഡി – 79, ജെഡിയു – 45, കോൺഗ്രസ്- 19, ഇടത് കക്ഷികൾ- 16, എച്ച്എഎം-4, എഐഎംഐഎം-1, സ്വതന്ത്രൻ- 1 എന്നിങ്ങനെയാണ് കക്ഷിനില. ജെഡിയു പോകുന്നതോടെ ആർജെഡി + കോൺഗ്രസ് + ഇടത് കക്ഷികൾക്കുള്ളത് 114 സീറ്റ്. കേവല ഭൂരിപക്ഷത്തിൽനിന്ന് 8 സീറ്റ് കുറവാണിത്. അപ്പുറത്ത് ബിജെപിയും ജെഡിയും ഒന്നിക്കുന്നതോടെ 123 സീറ്റോടെ കേവല ഭൂരിപക്ഷം കടക്കാം.
2020ൽ ബിജെപിയുമായി ചേർന്ന് അധികാരത്തിൽ വന്ന നിതീഷ്, 2022 ഓഗസ്റ്റ് 9ന് ആർജെഡിയും കോൺഗ്രസും ഉൾപ്പെടുന്ന മഹാസഖ്യവുമായി കൂട്ടുചേരാനായി രാജിവച്ചു. പിറ്റേന്ന് അവരുടെ പിന്തുണയോടെ വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഇക്കുറി മഹാസഖ്യം വിട്ടു ബിജെപി സഖ്യത്തിലേക്കും ചേക്കേറി.
നിതീഷിന്റെ ചാട്ടങ്ങൾ
2014: ബിജെപി പിന്തുണയോടെ മുഖ്യമന്ത്രിയായിരിക്കെ ജെഡിയുവിലെ ആഭ്യന്തരപ്രശ്നം മൂലം രാജി. 2015 ൽ ആർജെഡി, കോൺഗ്രസ് സഖ്യത്തിന്റെ പിന്തുണയോടെ മുഖ്യമന്ത്രി പദത്തിൽ.
2017: ആർജെഡി, കോൺഗ്രസ് പിന്തുണയോടെ മുഖ്യമന്ത്രിയായിരിക്കെ രാജി. തുടർന്നു ബിജെപി പിന്തുണയോടെ മുഖ്യമന്ത്രി.
2022: ബിജെപി പിന്തുണയോടെ മുഖ്യമന്ത്രിയായിരിക്കെ സഖ്യം വിട്ടു. ആർജെഡി, കോൺഗ്രസ് പിന്തുണയോടെ മുഖ്യമന്ത്രി
2024: ആർജെഡി, കോൺഗ്രസ് പിന്തുണയോടെ മുഖ്യമന്ത്രിയായിരിക്കെ സഖ്യം വിടുന്നു. ബിജെപി പിന്തുണയോടെ മുഖ്യമന്ത്രിയായി.