മലയാള സിനിമയും ‘പുകമയം’, താരങ്ങളുടെ വലി സമൂഹത്തെ സ്വാധീനിക്കുന്നു, നിരോധിക്കണമെന്ന് ഹർജി
Mail This Article
കൊച്ചി ∙ സിനിമയിൽ പുകവലിക്കുന്ന ദൃശ്യങ്ങൾ സമൂഹത്തെ സ്വാധീനിക്കുന്നുണ്ടെന്നും ഇത്തരം ദൃശ്യങ്ങളുള്ള സിനിമ, ടിവി, ഒടിടി പരിപാടികൾക്കു നിരോധനം ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. സിഗരറ്റിന്റെയും മറ്റു പുകയില ഉല്‍പന്നങ്ങളുടെയും പരസ്യങ്ങൾ 2003ലെ നിയമത്തിന്റെ അടിസ്ഥാനത്തിൽ തടഞ്ഞിട്ടുണ്ട്. സിനിമ പോലുള്ളവയിൽ പുകയില ഉല്‍പന്നങ്ങളുടെ വ്യാപക ഉപയോഗത്തിലൂടെ പരോക്ഷമായ പരസ്യം നൽകുകയാണ്. ചലച്ചിത്ര താരങ്ങളും മറ്റും പുകവലിക്കുന്നതു സമൂഹത്തെയാകെ സ്വാധീനിക്കുന്നു. സിനിമയിലും സീരിയലിലുെമാക്കെ പുകയില ഉപയോഗം കാണിച്ച് സാധാരണവത്ക്കരിക്കുകയാണു ചെയ്യുന്നതെന്നും ഹർജിക്കാർ ആരോപിച്ചു.
കേരള വൊളന്ററി ഹെൽത്ത് സർവീസസ് എന്ന സന്നദ്ധ സംഘടനയാണു ഹർജിയുമായി കോടതിയെ സമീപിച്ചത്. ഹർജിയിലെ ആവശ്യത്തിനു പിന്നിലുള്ള കാരണത്തോടു യോജിക്കുമ്പോഴും ചില കാരണങ്ങൾ മനസ്സിലാക്കണമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചൂണ്ടിക്കാട്ടി. ‘സിനിമയിലെ പുകവലി രംഗങ്ങള്‍ കണ്ട് ആളുകൾ പുകവലിച്ചു തുടങ്ങുമെന്ന് നിങ്ങൾ ശരിക്കും കരുതുന്നുണ്ടോ?’– ഹൈക്കോടതി വാക്കാൽ പരാമർശിച്ചു. സുഹൃത്തുക്കളുടെയും മറ്റും സ്വാധീനവും ലഭ്യതയുമൊക്കെ പുകവലിക്കു കാരണമാകുന്നുണ്ട്. പലപ്പോഴും സുഹൃത്തുക്കളും മറ്റും വലിക്കുന്നതു കണ്ടാണു പലരും പുകവലിച്ചു തുടങ്ങുന്നതെന്നു കോടതി നിരീക്ഷിച്ചു.
സ്ക്രീനിൽ മുഴുവൻ പുകവലി ആരോഗ്യത്തിനു ഹാനികരം, മദ്യപാനം ആരോഗ്യത്തിനു ഹാനികരം എന്നൊക്കെ എഴുതി വയ്ക്കണമെന്നു പറയാൻ പറ്റുമോ? എന്താണു രാജ്യാന്തര സിനിമകളിലെയും മറ്റു സംസ്ഥാനങ്ങളിലെ സിനിമകളുടെയും കാര്യം? അവയൊക്കെ ഒടിടി പ്ലാറ്റ്ഫോമുകളിൽ ലഭ്യമാണല്ലോ. പുകവലി, മദ്യപാനം, പ്രത്യേകിച്ചു ലഹരിമരുന്ന് ഉപയോഗം ഇവയിൽനിന്നൊക്കെ കുട്ടികളെ മാറ്റി നിർത്തുന്ന എന്തു കാര്യത്തോടും തനിക്കു യോജിപ്പാണെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.
ഒട്ടേറെ മലയാള സിനിമകളിലാണു പുകവലിയും മറ്റും ഉൾപ്പെടുത്തിയിട്ടുള്ളത് എന്നും ഇത് നിലവിലുള്ള നിയമങ്ങൾക്ക് എതിരാണെന്നും ഹർജിക്കാർ പറയുന്നു. സിനിമാ താരങ്ങൾ പുകവലിക്കുന്നതും മറ്റും കാണിക്കുന്നത് സമൂഹത്തിൽ പുകവലിയുടെ സ്വാധീനം കൂട്ടും. ആരോഗ്യത്തോടെ ഇരിക്കാനും മലിനരഹിത അന്തരീക്ഷത്തിൽ ജീവിക്കാനുമുള്ള ഭരണഘടനാ അവകാശങ്ങളെ ലംഘിക്കുന്നതാണിതെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി.