ADVERTISEMENT

കൊച്ചി ∙ സംസ്ഥാനത്തെ കലാലയങ്ങളിൽ രാഷ്ട്രീയം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ വീണ്ടും ഹർജി. മഹാരാജാസ് കോളജ് സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ ഹർജി. രാഷ്ട്രീയം നിരോധിക്കുക മാത്രമല്ല, ക്യാംപസുകളിൽ ഏതെങ്കിലും വിധത്തിലുള്ള രാഷ്ട്രീയ പ്രവർത്തനങ്ങള്‍ നടത്തുന്നതോ വിദ്യാർഥി യൂണിയനുകള്‍ പ്രവർത്തിക്കുന്നതോ തടയണമെന്നും എൻ.പ്രകാശൻ എന്ന വ്യക്തി നല്‍കിയ പൊതുതാൽപര്യ ഹര്‍ജിയിൽ പറയുന്നു. ഹർജി ഫയലിൽ സ്വീകരിച്ച കോടതി, കേസുമായി ബന്ധപ്പെട്ട കക്ഷികൾക്ക് നോട്ടിസ് അയയ്ക്കാനും നിർദേശിച്ചു. 

അടുത്തിടെ വിദ്യാർഥി സംഘർഷത്തെ തുടർന്ന് എറണാകുളം മഹാരാജാസ് കോളജിലെ എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റിന് കുത്തേറ്റിരുന്നു. കെഎസ്‍യു – ഫ്രെറ്റേണിറ്റി പ്രവർത്തകരാണ് അക്രമത്തിനു പിന്നിലെന്ന് എസ്എഫ്ഐ ആരോപിച്ചു. സംഘർഷത്തിനു പിന്നാലെ കോളജ് അടച്ചിടുകയും പിന്നീട് ഒട്ടേറെ യോഗങ്ങൾക്കും ചർച്ചകൾക്കുമൊടുവിലാണ് കഴിഞ്ഞ ദിവസം തുറന്നത്. സംസ്ഥാന സർക്കാർ, വിദ്യാഭ്യാസ വകുപ്പ്, പൊലീസ്, വിദ്യാർഥി സംഘടനകളായ എസ്എഫ്ഐ, കെഎസ്‍യു, എബിവിപി, എംഎസ്എഫ്, മഹാരാജാസ് കോളജ് പ്രിൻസിപ്പൽ, വിവിധ സർവകലാശാലകൾ എന്നിവർക്കും ജസ്റ്റിസുമാരായ എ.മുഹമ്മദ് മുഷ്താഖ്, ശോഭ അന്നമ്മ ഈപ്പൻ എന്നിവരുടെ ബെഞ്ച് നോട്ടിസ് അയച്ചിട്ടുണ്ട്.

കലാലയ രാഷ്ട്രീയം നിരോധിച്ചുകൊണ്ടുള്ള 2003ലെ സോജൻ ഫ്രാൻസിസ് കേസിനുശേഷം ആറോളം കോടതി വിധികൾ ഈ വിഷയത്തിൽ പുറത്തു വന്നിട്ടുണ്ട്. എന്നാൽ കലാലയങ്ങളിൽ ഇപ്പോഴും രാഷ്ട്രീയ പ്രവർത്തനങ്ങൾ ‍നടക്കുന്നുണ്ടെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ഇതേ ഹർജിക്കാരൻ തന്നെ എറണാകുളം ലോ കോളജിലെ വിദ്യാർഥി സംഘർഷവുമായി ബന്ധപ്പെട്ട് 2013ൽ ഹൈക്കോടതിയെ സമീപിച്ചിരുന്നു. സംസ്ഥാന സർക്കാരിനും ക്യാംപസ് അധികൃതർക്കും കലാലയ രാഷ്ട്രീയം നിയന്ത്രിക്കാൻ കഴിയാത്ത സാഹചര്യത്തിൽ പൂർണമായി നിരോധിക്കുകയും കോളജുകളിൽ അച്ചടക്കം പാലിക്കുകയും ചെയ്യണം എന്നാണ് പുതിയ ഹർജിയിലെ ആവശ്യം. 

വിദ്യാർഥി സംഘടനകൾക്ക് തങ്ങളുടെ രാഷ്ട്രീയ പ്രവർത്തനങ്ങൾ നടത്താൻ ക്യാംപസുകളിൽ യൂണിറ്റുകൾ രൂപീകരിക്കാൻ കഴിയില്ലെന്ന് മുമ്പു തന്നെ വിധിയുണ്ടെന്നും ഹർജിയിൽ പറയുന്നു. തങ്ങളുടെ മക്കൾ കലാലയ വിദ്യാഭ്യാസത്തിനുശേഷം പുറത്തു വരുന്നത് കാണാൻ കാത്തിരിക്കുന്ന മാതാപിതാക്കൾക്കും വിദ്യാർഥി രാഷ്ട്രീയം മൂലം തങ്ങളുടെ വിലപ്പെട്ട സമയം നഷ്ടപ്പെടുത്തേണ്ടി വരുന്ന വിദ്യാർഥികൾക്കും വേണ്ടിക്കൂടിയാണ് ഹർജി നൽകുന്നത് എന്ന് ഹർജിക്കാരൻ പറയുന്നു. 

English Summary:

Plea In Kerala HC Seeks Banning Of Campus Politics In Wake Of Student Union Clashes In Maharajas College

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com