ADVERTISEMENT

ന്യൂഡൽഹി∙ ബിഹാറിൽ നിതീഷ് കുമാർ ബിജെപി നേതൃത്വത്തിലുള്ള എൻഡിഎയിലേക്കു ചുവടുമാറിയതിനു പിന്നിൽ രാഹുൽ ഗാന്ധിയുമായുള്ള പിണക്കം. ഇന്ത്യാ മുന്നണിയുടെ കോ–ഓർഡിനേറ്ററാകാനുള്ള നീക്കത്തിൽ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുമായി കൂടിയാലോചിച്ചശേഷം തീരുമാനമെടുക്കാമെന്ന രാഹുൽ ഗാന്ധിയുടെ നിലപാടാണു നിതീഷിനു തിരിച്ചടിയായത്. അടുത്തിടെ ചേർന്ന ഇന്ത്യ മുന്നണിയുടെ ഓൺലൈൻ യോഗമാണ് കോ–ഓർഡിനേറ്ററെ തീരുമാനിക്കാനായി ചേർന്നത്. ഇതിനുശേഷമായിരുന്നു മുന്നണിവിടാനുള്ള തീരുമാനം നിതീഷ് എടുത്തത്.  യോഗത്തിൽനിന്ന് ദേഷ്യപ്പെട്ട് നിതീഷ് നേരത്തെ ഇറങ്ങിപ്പോയതായാണ് റിപ്പോർട്ട്.

കോ–ഓർഡിനേറ്റർ പദവിയിൽ തീരുമാനമാകാതെ വന്നതോടെ നിതീഷിനെ കൺവീനറാക്കാം എന്നായിരുന്നു മറ്റുമുന്നണികളുടെ തീരുമാനം. എന്നാലത് ലാലു പ്രസാദ് യാദവിനു നൽകിയാൽ മതിയെന്നായിരുന്നു നിതീഷിന്റെ നിലപാട്. 

മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാർഥി, അധ്യക്ഷൻ, കൺവീനർ പദവികളായിരുന്നു നിതീഷ് ലക്ഷ്യമിട്ടിരുന്നത്. ഇത് നടക്കില്ലെന്ന് ഉറപ്പായതോടെയായിരുന്നു ചുവടുമാറ്റം. പിന്നാലെ പ്രതിപക്ഷ ഇന്ത്യ മുന്നണിയെ മുന്നോട്ടു നയിക്കാൻ താൻ പരമാവധി ശ്രമിച്ചെങ്കിലും പിന്തുണ ലഭിച്ചില്ലെന്ന് നിതീഷ് ആരോപിച്ചു.

ആർജെഡി, കോൺഗ്രസ്, ഇടതു കക്ഷികൾ എന്നിവയെ കൂട്ടുപിടിച്ച് 2022 ഓഗസ്റ്റ് മുതൽ നേതൃത്വം നൽകിയ മഹാസഖ്യ സർക്കാർ പിരിച്ചുവിട്ട ശേഷമാണ് നിതീഷ് മറുപാളയത്തിലെത്തിയത്. ജെഡിയു, ബിജെപി, എച്ച്എഎം എന്നിവയിലെ എംഎൽഎമാരും ഒരു സ്വതന്ത്രനുമടക്കം 128 പേരുടെ പിന്തുണയാണ് ബിഹാറിലെ എൻഡിഎ സർക്കാരിനുള്ളത്.

അടുത്തദിവസം എൻഡിഎ സഖ്യം ലോക്‌സഭാ സീറ്റ് വിഭജനത്തിലേക്ക് നീങ്ങുമെന്നും സൂചനകളുണ്ട്. 

English Summary:

Nitish Kumar, Furious At Rahul Gandhi, Left INDIA Video Meet 10 Min Early

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com