പുതുവർഷാഘോഷത്തിനു പോയ യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവം: നീതി തേടി കുടുംബം ഗോവയ്ക്ക്
Mail This Article
വൈക്കം ∙ ഗോവയിൽ പുതുവത്സരാഘോഷ പരിപാടിയിൽ പങ്കെടുക്കാൻ പോയ വൈക്കം കുലശേഖരമംഗലം കടൂക്കര സന്തോഷ് വിഹാറിൽ സഞ്ജയ് (19) ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ നീതി തേടി കുടുംബം ഗോവയിലേക്കു പുറപ്പെട്ടു. സഞ്ജയ്‌യുടെ അച്ഛൻ സന്തോഷ്, പിതൃസഹോദരൻ പ്രസന്നകുമാർ എന്നിവർ ഇന്നലെ വൈകിട്ടാണ് യാത്രതിരിച്ചത്. ഗോവയിലെ മലയാളി അസോസിയേഷനുമായി ബന്ധപ്പെട്ട് ഗോവ അഞ്ജുന പൊലീസിൽ പരാതി നൽകുമെന്ന് സന്തോഷ് പറഞ്ഞു.
Read also: പാലക്കാട് തിരുനെല്ലായിയിൽ മദ്യപാനത്തിനിടെ തർക്കം: സുഹൃത്തിന്റെ കുത്തേറ്റ് യുവാവ് മരിച്ചു
പോസ്റ്റ്മോർട്ടം റിപ്പോർട്ട്, രാസപരിശോധനാഫലം തുടങ്ങിയവ വൈകുന്നതിനെക്കുറിച്ചും അന്വേഷിക്കും. സമഗ്രമായ അന്വേഷണം നടത്തി പ്രതികളെ കണ്ടെത്തണം എന്നാവശ്യപ്പെട്ട് കുടുംബം നേരത്തേ മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി വി.എൻ.വാസവൻ, സംസ്ഥാന പൊലീസ് മേധാവി എന്നിവർക്ക് പരാതി നൽകിയിരുന്നു. സഞ്ജയിനെ ആരോ കൊലപ്പെടുത്തിയതാണെന്നാണ് കുടുംബത്തിന്റെ ആരോപണം.
ഡിസംബർ 29നാണു സഞ്ജയ് അയൽവാസികളും സുഹൃത്തുക്കളുമായ രണ്ടു പേർക്കൊപ്പം ഗോവയിലേക്കു പോയത്. ജനുവരി ഒന്നിനു പുലർച്ചെ കാണാതായി. ജനുവരി 4നു പുലർച്ചെയാണു മൃതദേഹം കണ്ടെത്തിയത്. ഡാൻസ് ക്ലബ്ബിലെ പാർട്ടിയിൽ സഞ്ജയ് ഡാൻസ് കളിക്കുന്ന വിഡിയോ ദൃശ്യങ്ങൾ ലഭിച്ചിരുന്നു. സഞ്ജയ്‌യെ ഒരാൾ വിളിച്ചുകൊണ്ടുപോകുന്നതും വിഡിയോയിൽ കാണാം. നെഞ്ചിലും പുറത്തും മർദനമേറ്റതിന്റെ പാടുകൾ കണ്ടെത്തിയെന്നാണു റിപ്പോർട്ട്.