സഹകരണ ബാങ്ക് തട്ടിപ്പിനെക്കുറിച്ച് നിയമസഭയിൽ ചോദ്യം ചോദിച്ച് കുടുങ്ങി സിപിഎം എംഎൽഎ; പിൻവലിച്ചു
Mail This Article
തിരുവനന്തപുരം∙ സഹകരണബാങ്കുകളിലെ ക്രമക്കേട് സംബന്ധിച്ച് നിയമസഭയിൽ ഉന്നയിച്ച ചോദ്യം പിൻവലിച്ച് ഭരണകക്ഷി എംഎൽഎ. അമ്പലപ്പുഴ മണ്ഡലത്തിൽ നിന്നുള്ള സിപിഎം എംഎൽഎ എച്ച്.സലാമാണ് ചോദ്യം പിൻവലിച്ചത്. നിയമസഭാ വെബ്സൈറ്റിൽനിന്നും ചോദ്യം പിൻവലിച്ചിട്ടുണ്ട്. സഹകരണ വകുപ്പ് മന്ത്രിയോടാണ് എച്ച്. സലാം എംഎൽഎ ചോദ്യം ഉന്നയിച്ചത്.
സഹകരണവകുപ്പിന്റെ പരിശോധനയിൽ ക്രമക്കേട് കണ്ടെത്തിയ കേരളത്തിലെ സഹകരണ സംഘങ്ങളും സ്ഥാപനങ്ങളും ഏതൊക്കെയാണ്, ഇവയുടെ ഭരണസമിതിക്ക് നേതൃത്വം നൽകുന്നത് ഏത് രാഷ്ട്രീയ പാർട്ടിയുമായി ബന്ധപ്പെട്ടവരാണ്, ബാങ്കുകളുടെ ജില്ല തിരിച്ച പട്ടികയും രാഷ്ട്രീയ പാർട്ടിയും വ്യക്തമാക്കാമോ എന്നതായിരുന്നു ഒന്നാമത്തെ ചോദ്യം. ഓരോ സഹകരണ സംഘത്തിലും നടന്ന ക്രമക്കേടുകൾ തരംതിരിച്ച് വ്യക്തമാക്കുമോ എന്നതായിരുന്നു രണ്ടാമത്തെ ചോദ്യം.
10 ദിവസം മുൻപ് എംഎൽഎ കൊടുത്ത ചോദ്യം നിയമസഭാ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരുന്നു. മറുപടി ലഭ്യമാക്കാനായി സഹകരണ വകുപ്പിലെത്തിയപ്പോഴാണ് ചോദ്യത്തിലെ പ്രശ്നം ഉദ്യോഗസ്ഥർക്ക് മനസിലായത്. ഉദ്യോഗസ്ഥർ വിഷയം സഹകരണ മന്ത്രിയുടെ ഓഫിസിന്റെ ശ്രദ്ധയിൽപ്പെടുത്തി. പാർട്ടി ഇടപെട്ടതോടെ സലാം ചോദ്യം പിൻവലിക്കാൻ നിയമസഭാ സെക്രട്ടറിക്ക് അപേക്ഷ നൽകി.
അതേസമയം, നിയമസഭാ വെബ്സൈറ്റിൽനിന്ന് ചോദ്യം നീക്കിയെങ്കിലും അച്ചടിച്ച ചോദ്യങ്ങളുടെ കൂട്ടത്തിൽ ഇടംപിടിച്ചു. കരുവന്നൂർ, കണ്ടല സഹകരണ ബാങ്കുകളിൽ നടന്ന ക്രമക്കേടുകളുമായി ബന്ധപ്പെട്ട് പ്രതിരോധത്തിലാണ് ഇടതുമുന്നണി.