ADVERTISEMENT

ന്യൂഡൽഹി ∙ ജാർഖണ്ഡിൽ നാടകീയ സംഭവവികാസങ്ങൾ അരങ്ങേറുന്നു. ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ടു ചോദ്യം ചെയ്യുന്നതിനായി ഇ.ഡി തിരയുന്ന ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ റാഞ്ചിയിൽ‍ പ്രത്യക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം ഇ.ഡി ഉദ്യോഗസ്ഥർ ചോദ്യം ചെയ്യലിനായി സോറന്റെ ഡൽഹിയിലെ വസതിയിലെത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചിരുന്നില്ല. 24 മണിക്കൂറായി യാതൊരു വിവരവുമില്ലെന്ന് ഇ.ഡി അറിയിച്ചതോടെ സോറനെ കാണാതായതായി ബിജെപി പരിഹസിച്ചിരുന്നു.

ഇതിനിടയിലാണു ചൊവ്വാഴ്ച റാഞ്ചിയിലെ വസതിയിൽനിന്നു ഗവർണർ സി.പി.രാധാകൃഷ്ണന്റെ ഔദ്യോഗിക വസതിയിലേക്കു സോറനെത്തിയത്. തന്റെ പാർട്ടിയായ ജാർഖണ്ഡ് മുക്തി മോർച്ചയിലെ (ജെഎംഎം) എംഎൽഎമാരുമായും മന്ത്രിമാരുമായും സോറൻ കൂടിക്കാഴ്ചയും നടത്തി. സോറന്റെ ഭാര്യ കൽപനയും കൂടെയുണ്ടായിരുന്നു. സോറൻ രാജിവച്ചാൽ ഭാര്യയെ മുഖ്യമന്ത്രിയാക്കിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. സോറനെ അധിക്ഷേപിച്ചു സംസാരിച്ച ബിജെപി നേതാക്കൾക്കെതിരെ മാനനഷ്ട കേസ് നൽകുമെന്നു ജെഎംഎം സെക്രട്ടറി സുപ്രിയോ ഭട്ടാചാര്യ പറഞ്ഞു.‌

കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ടു സോറനെ ചോദ്യം ചെയ്യാനുള്ള ഇ.ഡി നീക്കത്തെ തുടർന്നു നാടകീയ സംഭവങ്ങൾക്കാണു ഡൽഹിയും ജാർഖണ്ഡ് തലസ്ഥാനമായ റാഞ്ചിയും സാക്ഷ്യം വഹിച്ചത്. ഞായറാഴ്ച രാത്രിയോടെ സോറൻ ഡൽഹിയിലെ വസതി വിട്ടിരുന്നു. സോറനുമായി ബന്ധപ്പെട്ട അടുത്തയാളുകളുടെയെല്ലാം ഫോൺ സ്വിച്ച് ഒാഫ് ചെയ്തു. റാഞ്ചിയിൽനിന്ന് ഡൽഹിയിലേക്ക് സോറൻ യാത്ര ചെയ്ത ചാർട്ടേഡ് വിമാനം ഡൽഹി വിമാനത്താവളത്തിലുള്ളതായി ‌അധികൃതർ കണ്ടെത്തി. സോറന്റെ കാർ പിടിച്ചെടുത്ത ഇ.ഡി, ഡ്രൈവറെ ചോദ്യം ചെയ്തു. ചില രേഖകളും പണവും കണ്ടെത്തിയതായും സൂചനയുണ്ട്.

ജനുവരി 31ന് ഉച്ചയ്ക്ക് ഒരു മണിയോടെ ചോദ്യം ചെയ്യാൻ ഹാജരാകുമെന്നു കാണിച്ച് സോറന്റെ ഒാഫിസിൽനിന്ന് ഇ.ഡിക്ക് ഒൗദ്യോഗിക കത്ത് ലഭിച്ചിരുന്നു. സോറന്റെ തിരോധാനം അവസരമായി കണ്ട് രംഗത്തെത്തിയ ബിജെപി, മുഖ്യമന്ത്രി ഒളിവിലാണെന്നും ഗവർണർ ഇക്കാര്യം ഗൗരവത്തിലെടുക്കണമെന്നും ആവശ്യപ്പെട്ടു. അന്വേഷണം ഭയന്ന് ഞായറാഴ്ച രാത്രിയോടെ സോറൻ ഡൽഹിയിലെ വസതിയിൽനിന്ന് രക്ഷപ്പെടുകയായിരുന്നുവെന്ന് ജാർഖണ്ഡ് ബിജെപി പ്രസിഡന്റ് ബാബുലാൽ പരിഹസിച്ചു. 

മുഖ്യമന്ത്രി ഉടൻ റാഞ്ചിയിലക്ക് മടങ്ങിയെത്തുമെന്നും അദ്ദേഹത്തിനെതിരെയുള്ള ഇ.ഡി അന്വേഷണം രാഷ്ട്രീയപ്രേരിതമാണെന്നും ആരോപിച്ച് ജെഎംഎമ്മും സഖ്യകക്ഷിയായ കോൺഗ്രസും രംഗത്തെത്തി. സോറന്റെ തിരോധാനം സംബന്ധിച്ചുടലെടുക്കുന്ന ആശങ്കകൾ കൃത്യമായ ഗൂഢാലോചനയുടെ ഭാഗമായിട്ടാണെന്നും സംസ്ഥാനത്തു രാഷ്ട്രപതി ഭരണം ഏർപ്പെടുത്താൻ നീക്കമുണ്ടെന്നും കോൺഗ്രസ് നേതാവ് രാജേഷ് താക്കൂർ ആരോപിച്ചു.  

ഭൂമിയുടെ ഉടമസ്ഥാവകാശം അനധികൃതമായി മാറ്റിയെന്ന ആരോപണവുമായി ബന്ധപ്പെട്ടാണു സോറനെതിരെ ഇ.ഡി അന്വേഷണം. കേസിൽ ഇതുവരെ 14 പേർ അറസ്റ്റിലായി. ജനുവരി 20ന് സോറന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. ബുധനാഴ്ച ചോദ്യം ചെയ്യലിനു ഹാജരാകുമെന്നു പറഞ്ഞ ശേഷവും സായുധ സേനയുടെ അകമ്പടിയോടെ മുഖ്യമന്ത്രിയുടെ ഡൽഹി വസതിയിലേക്ക് ഇ.ഡി എത്തിയത് ജെഎംഎമ്മിനെ ചൊടിപ്പിച്ചു. ഇ.ഡി ബിജെപിയുടെ കയ്യിലെ കളിപ്പാവയെപ്പോലെ പെരുമാറുകയാണെന്നും മുഖ്യമന്ത്രിയെ അപമാനിക്കുക വഴി സംസ്ഥാനത്തെ 3.5 കോടി ജനങ്ങളെയാണ് അപമാനിച്ചതെന്നും ജെഎംഎം കുറ്റപ്പെടുത്തി.

English Summary:

ED Officials claim that Hemanth Soren is "missing" for the past 24 hours, he surfaced in Ranchi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com