ADVERTISEMENT

ന്യൂഡൽഹി ∙ സൊമാലിയൻ കടൽക്കൊള്ളക്കാർ തട്ടിയെടുത്ത മറ്റൊരു ഇറാനിയൻ മത്സ്യബന്ധന കപ്പൽ കൂടി മോചിപ്പിച്ച് ഇന്ത്യൻ നാവികസേനയുടെ രക്ഷാപ്രവർത്തനം. കപ്പലിലുണ്ടായിരുന്ന പാക്കിസ്ഥാൻകാരായ 19 ജീവനക്കാരെയും രക്ഷപ്പെടുത്തി. ഇന്ത്യൻ യുദ്ധക്കപ്പലായ ഐഎൻഎസ് സുമിത്രയാണ് രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകിയത്. കടൽക്കൊള്ളക്കാരെ നാവികസേന കസ്റ്റഡിയിലെടുത്തു.

ഇറാനിയൻ പതാകയുള്ള മത്സ്യബന്ധന കപ്പലായ എഫ്‌വി അൽ നയീമിയാണ് സൊമാലിയൻ കടൽക്കൊള്ളക്കാർ തട്ടിയെടുത്തത്. സായുധരായ 11 കടൽക്കൊള്ളക്കാരാണ് യാത്രാമധ്യേ കപ്പൽ തട്ടിയെടുത്തത്. കപ്പലിലുണ്ടായിരുന്ന പാക്കിസ്ഥാൻകാരായ 19 ജീവനക്കാരെയും ബന്ദികളാക്കുകയും ചെയ്തു. തട്ടിയെടുത്ത കപ്പൽ തടഞ്ഞ ഇന്ത്യൻ നാവികസേന, കടൽക്കൊള്ളക്കാരെ തുരത്തി ബന്ദികളെ മോചിപ്പിച്ചു. തുടർന്ന് ബന്ദികൾ ആരോഗ്യവാൻമാരാണെന്ന് ഉറപ്പുവരുത്തി. 

36 മണിക്കൂറിന്റെ ഇടവേളയിൽ തുടർച്ചയായ രണ്ടാം തവണയാണ് ഇന്ത്യൻ നാവികസേന വിദേശ കപ്പൽ മോചിപ്പിക്കുന്നത്. ഇതിനു മുൻപ് ഇറാനിയൻ മത്സ്യബന്ധന കപ്പലായ ഇമാനും ഇന്ത്യൻ നാവികസേന മോചിപ്പിച്ചിരുന്നു. ഈ കപ്പലിൽ 17 ജീവനക്കാരാണ് ഉണ്ടായിരുന്നത്. കൊച്ചി തീരത്തു നിന്ന് ഏകദേശം 1,200 കിലോമീറ്റർ അകലെവച്ചാണ് കപ്പൽ തട്ടിയെടുത്തത്. കടൽക്കൊള്ളക്കാർ കപ്പലിനുള്ളിൽ കടന്ന് ജീവനക്കാരെ ബന്ദികളാക്കിയിരുന്നു. അപായസന്ദേശം ലഭിച്ചതിനു പിന്നാലെ ഐഎൻഎസ് സുമിത്ര എന്ന യുദ്ധക്കപ്പലെത്തി ജീവനക്കാരെ മോചിപ്പിച്ചു.

ഇതിനിടെ, കടൽകൊള്ളക്കാർ തട്ടിയെടുത്ത 6 ശ്രീലങ്കൻ മത്സ്യത്തൊഴിലാളികളെയും ഇന്ത്യയുടെ പിന്തുണയോടെ മോചിപ്പിച്ചു. ചെങ്കടൽ വഴിയുള്ള ചരക്കുഗതാഗതത്തിന് സഹായം നൽകാനുള്ള യുഎസ് തീരുമാനത്തിനു ശ്രീലങ്ക പിന്തുണ പ്രഖ്യാപിച്ചിരുന്നു. തുടർന്നാണ് ശ്രീലങ്കയ്ക്കെതിരായ നീക്കമുണ്ടായതെന്നാണ് സൂചന.

കസ്റ്റഡിയിലെടുത്ത കടൽക്കൊള്ളക്കാരുമായി ഇന്ത്യൻ നാവിക സേനാംഗങ്ങൾ (എക്സ്‌ പ്ലാറ്റ്‌ഫോമിൽ പങ്കുവച്ച ചിത്രം)
കസ്റ്റഡിയിലെടുത്ത കടൽക്കൊള്ളക്കാരുമായി ഇന്ത്യൻ നാവിക സേനാംഗങ്ങൾ (എക്സ്‌ പ്ലാറ്റ്‌ഫോമിൽ പങ്കുവച്ച ചിത്രം)
English Summary:

Navy Rescues 19 Pak Sailors Kidnapped By Pirates, Second Op In 2 Days

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com