പെൻഷൻ മുടങ്ങി ജോസഫിന്‍റെ ആത്മഹത്യ: മാധ്യമപ്രവർത്തകനെതിരെ കേസെടുക്കണമെന്നു പ്രമേയം
Mail This Article
കോഴിക്കോട് ∙ പെൻഷൻ മുടങ്ങി സാമ്പത്തിക പ്രതിസന്ധിയിലായെന്ന് ആരോപിച്ചു മുതുകാട് വളയത്ത് ജോസഫ് (വി.പാപ്പച്ചൻ–77) ആത്മഹത്യ ചെയ്തതിൽ മാധ്യമപ്രവർത്തകനെതിരെ കേസെടുക്കണമെന്നു പ്രമേയം. ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് ഭരണസമിതിയാണു മുഖ്യമന്ത്രിയോടും സംസ്ഥാന ഡിജിപിയോടും കേസെടുക്കണമെന്നു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടത്.
തുടർച്ചയായി പ്രേരണ നൽകി ജോസഫിനെ മരണത്തിലേക്കു നയിച്ചതിൽ മാധ്യമപ്രവർത്തകന്റെ പങ്ക് വ്യക്തമാണ്. പഞ്ചായത്ത് ഓഫിസിൽ ആത്മഹത്യ ചെയ്യുമെന്നുള്ള കത്ത് തയാറാക്കിയതു മാധ്യമപ്രവർത്തകനും ജോസഫും ചേർന്നാണ്. കലക്ടറേറ്റ് മുതൽ വില്ലേജ് ഓഫിസ് വരെ മണ്ണെണ്ണയും തീപ്പന്തവുമായി ജോസഫിനെ ആത്മാഹുതി പ്രഖ്യാപനത്തിലേക്കു നയിച്ചതും ഇയാളാണ്. 2017 ജൂൺ 21ന് കാവിൽപുരയിടത്തിൽ ജോയ് ചെമ്പനോട വില്ലേജ് ഓഫിസിൽ തൂങ്ങി മരിച്ച സംഭവത്തിൽ സമാന സ്വഭാവമുളള വാർത്തകൾ ഇയാൾ പുറത്തുവിട്ടിരുന്നു.
ചക്കിട്ടപാറ സഹകരണ ബാങ്കിന്‍റെ മുതുകാട് ശാഖയിൽനിന്ന് ജോസഫ് 2023ൽ 24,200 രൂപ പെൻഷൻ ഇനത്തിൽ കൈപ്പറ്റി. തൊഴിലുറപ്പ് പദ്ധതിയിൽ 99 പ്രവൃത്തി 2024 ജനുവരി 15 വരെ പൂർത്തിയാക്കുകയും 28,400 രൂപ കൂലി ഇനത്തിൽ കൈപ്പറ്റുകയും ചെയ്തു. ഒരു മാസം സർക്കാരിൽനിന്ന് 10 കിലോ ഭക്ഷ്യധാന്യം സൗജന്യമായി കൈപ്പറ്റുന്നുണ്ട്. ഭിന്നശേഷിക്കാരൻ എന്ന പരിഗണനയിൽ 5 ലക്ഷം ചെലവഴിച്ച് ജോസഫിന്‍റെ വീട്ടിലേക്കു മാത്രമായി റോഡ് നിർമിച്ചു നൽകി.
അതിദരിദ്രരുടെ പട്ടികയിൽപ്പെടുത്തി പുതിയ വീട് നിർമിക്കുന്നതിന് 4 ലക്ഷം അനുവദിച്ചു. ഒരു പൗരന് നൽകാൻ കഴിയുന്ന ആനുകൂല്യവും സർക്കാരിൽനിന്ന് ലഭ്യമായിട്ടുണ്ട്. മലയോര മേഖലയിലെ കൃഷിക്കാർക്കിടയിൽ നിയമവിരുദ്ധമായി അസംതൃപ്തി പരത്തി ആത്മഹത്യയാണു യഥാർഥ സമരമാർഗം എന്നു പ്രചരിപ്പിക്കാൻ ശ്രമിക്കുന്ന മാധ്യമ പ്രവർത്തകനെതിരെ കേസെടുക്കണമെന്നും പ്രമേയത്തിൽ ആവശ്യപ്പെടുന്നു.