അഭിഭാഷകനോട് എസ്ഐയുടെ അപമര്യാദയായ പെരുമാറ്റം: മാർഗനിർദേശം വേണമെന്ന് ആവശ്യപ്പെട്ട് ഹർജി
Mail This Article
കൊച്ചി ∙ ആലത്തൂര്‍ പൊലീസ് സ്റ്റേഷനിൽ കോടതി ഉത്തരവുമായെത്തിയ അഭിഭാഷകനോട് എസ്ഐ അപമര്യാദയായി പെരുമാറിയ സംഭവത്തിന്റെ പശ്ചാത്തലത്തിൽ സംരക്ഷണ നടപടികൾ ആവശ്യപ്പെട്ടു കേരള ഹൈക്കോർട്ട് അഡ്വക്കേറ്റ്സ് അസോസിയേഷൻ ഹൈക്കോടതിയിൽ ഹർജി നൽകി. അഭിഭാഷകർക്കെതിരെ കേസെടുക്കുന്നതിലും അവരോടുള്ള പൊലീസിന്റെ പെരുമാറ്റം സംബന്ധിച്ചും വ്യക്തമായ മാർഗനിർദേശം പുറപ്പെടുവിക്കണമെന്നാണ് ആവശ്യം. മാർഗനിർദേശങ്ങൾ തയാറാക്കുന്നതിനും കോടതിയെ സഹായിക്കാനുമായി ബന്ധപ്പെട്ടവരെ ഉൾപ്പെടുത്തി സമിതി രൂപീകരിക്കണമെന്നും ആവശ്യപ്പെട്ടു.
ഹർജി പരിഗണിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ സർക്കാരിനും സംസ്ഥാന പൊലീസ് മേധാവിക്കും നിയമ സെക്രട്ടറിക്കുമടക്കം നോട്ടിസ് അയയ്ക്കാൻ നിർദേശിച്ചു. എസ്ഐക്കെതിരെ അഭിഭാഷകൻ നൽകിയ കോടതിയലക്ഷ്യ ഹർജിക്കൊപ്പം ഫെബ്രുവരി ആറിന് അഡ്വക്കേറ്റ്സ് അസോസിയേഷന്റെ ഹർജിയും പരിഗണിക്കും. ആലത്തൂർ സ്റ്റേഷനിൽ അക്വിബ് സുഹൈൽ എന്ന അഭിഭാഷകനെ അപമാനിച്ച സംഭവത്തിൽ കോടതി ഇടപെടലിനെ തുടർന്ന് എസ്ഐ വി.ആർ.റിനീഷിനെ സ്ഥലം മാറ്റിയിരുന്നു. അപകടവുമായി ബന്ധപ്പെട്ട കേസിൽ വാഹനം വിട്ടുനൽകാനുള്ള കോടതി ഉത്തരവുമായെത്തിയ അഭിഭാഷകനെ എസ്ഐ അപമാനിക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. വിഷയത്തിൽ സ്വമേധയായാണു കോടതി ഇടപെട്ടത്.
പൊലീസ് അതിക്രമങ്ങളുണ്ടായ മുന്‍ സന്ദർഭങ്ങളില്‍ ഹൈക്കോടതിയും കീഴ്ക്കോടതിയുമൊക്കെ ഇടപെട്ട് പല നിർദേശങ്ങളും നൽകിയിട്ടുണ്ടെങ്കിലും അഭിഭാഷകർക്കെതിരെ ഇത്തരം സംഭവങ്ങൾ കൂടിവരികയാണെന്നു ഹർജിയിൽ ആരോപിച്ചു. ആലത്തൂർ സംഭവം ഇതിന്റെ തെളിവാണ്. ആ അഭിഭാഷകനെതിരെ നിരവധി വ്യാജ കേസുകളും പൊലീസ് റജിസ്റ്റർ ചെയ്തു. ഇവ അഭിഭാഷകരുടെ ജോലിയെ ബാധിക്കുന്ന തരത്തിലാണ്. അഭിഭാഷകർക്കെതിരെ മുൻപും ഇത്തരം അതിക്രമങ്ങളും മറ്റും പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ടെങ്കിലും തടയാൻ ആവശ്യമായ മാർഗനിർദേശങ്ങൾ നൽകിയിട്ടില്ല. അഭിഭാഷകർക്കെതിരെ പൊലീസ് മോശമായി പെരുമാറിയാൽ അവർക്കെതിരായ പരാതികൾ തീർപ്പാക്കാൻ അതിവേഗ കോടതി സംവിധാനം രൂപീകരിക്കാൻ സർക്കാരിനോടു നിർദേശിക്കണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടു.