ADVERTISEMENT

കോട്ടയം∙ പി.സി.ജോർജ് നേതൃത്വം നൽകുന്ന ജനപക്ഷം സെക്കുലർ പാർട്ടി ബിജെപിയിലേക്കെന്ന്  സൂചന. ഇതിന്റെ ഭാഗമായുള്ള ചർച്ചയ്ക്ക് പാർട്ടിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതി ഡൽഹിയിലെത്തി. പി.സി.ജോർജ്, ഷോൺ ജോർജ്, ജോർജ് ജോസഫ് കാക്കനാട് എന്നിവരാണ് ബിജെപി കേന്ദ്ര നേതൃത്വവുമായി സംസാരിക്കാൻ ഡൽഹിയിലെത്തിയത്. പ്രകാശ് ജാവഡേക്കർ, വി.മുരളീധരൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തേക്കും. ബിജെപിയില്‍ ചേരണമെന്നാണ് പാര്‍ട്ടി അണികളുടെ പൊതുവികാരമെന്ന് പി.സി.ജോര്‍ജ് പറഞ്ഞു. 

Read also: ഒരു വർഷത്തോളം ഗവർണർ കേരളത്തിനു പുറത്ത്; രാജ്ഭവൻ രഹസ്യമാക്കിയ യാത്രാവിവരം പുറത്തുവിട്ട് സർക്കാർ

‘‘ഇത്രയും പ്രഗത്ഭനായ ഒരു പ്രധാനമന്ത്രി ഇന്ത്യയിൽ ഉണ്ടായിട്ടില്ല. അദ്ദേഹത്തിന് പിന്തുണ കൊടുക്കുക എന്നതാണ് പാർട്ടി അണികളുടെ അഭിപ്രായം. ബിജെപിയിൽ ചേരുക എന്ന അഭിപ്രായമാണ് ഞങ്ങൾ‌ക്കുള്ളത്. സീറ്റൊന്നും പ്രശ്നമല്ല. ബിജെപിയിൽ ചേരുക എന്ന അഭിപ്രായം വന്നാൽ സീറ്റിന്റെ കാര്യങ്ങൾ ബിജെപിയല്ലേ നിശ്ചിക്കുന്നത്? ബിജെപി മത്സരിക്കാൻ പറഞ്ഞാൽ മത്സരിക്കും, ഇല്ലെങ്കിൽ ഇല്ല. ലോക്സഭ തിരഞ്ഞെടുപ്പിനു മുൻപ് തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്’’– പി.സി.ജോർജ് പറഞ്ഞു.

ബിജെപിയുടെ കേന്ദ്ര നേതൃത്വം ഇന്ന് ഡൽഹിയിലെത്താൻ ആവശ്യപ്പെട്ടതായി ഷോൺ ജോർജ് മനോരമ ഓൺലൈനിനോടു പറഞ്ഞു. ‘‘എൻഡിഎയിൽ ചേരുന്നതുമായി ബന്ധപ്പെട്ട തീരുമാനമെടുക്കാൻ പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി അഞ്ചംഗ സമിതിയെ ചുമതലപ്പെടുത്തിയിരുന്നു. അതിൽ മൂന്നു പേരാണ് ഇന്ന് ഡൽഹിൽ എത്തിയത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ചയാകും. എൻഡിഎ മുന്നണിയുടെ ഭാഗമാകുമോ അതോ ബിജെപിയിൽ ലയിക്കുമോ എന്ന കാര്യം ചർച്ചയ്ക്കു ശേഷം തീരുമാനിക്കും.’’– ഷോൺ ജോർജ് പറഞ്ഞു.  

English Summary:

PC George meeting with Central BJP leaders in Delhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com