‘ചൈനയെ ഇന്ത്യ ഭയക്കേണ്ടതില്ല, വിമർശിക്കുന്നതിനു പകരം മികച്ച നീക്കം നടത്തണം’
Mail This Article
മുംബൈ ∙ ദക്ഷിണേഷ്യയിലെ ഭൗമരാഷ്ട്രീയം ചൈന അവരുടേതായ രീതിയിൽ മാറ്റിക്കൊണ്ടിരിക്കുകയാണെങ്കിലും, ചൈനയെ ഇന്ത്യ ഭയക്കേണ്ടതില്ലെന്ന് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ. ആഗോള രാഷ്ട്രീയം മത്സരാധിഷ്ഠിതമാണെന്നും ചൈന അവരുടേതായ രീതിയിൽ കരുക്കൾ നീക്കുമ്പോൾ അതിനേക്കാൾ മികച്ച നീക്കം പുറത്തെടുക്കാൻ നമുക്കാകണമെന്നും ജയശങ്കർ പറഞ്ഞു. മുംബൈ ഐഐഎമ്മിൽ നടന്ന പരിപാടിയിൽ ‘ആഗോള വേദിയിൽ ഇന്ത്യയുടെ പങ്ക്’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Read Also: രേഖകൾ പരസ്യമാക്കിയ കേസ്: പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് 10 വർഷം തടവുശിക്ഷ
‘‘ചൈനയും നമ്മുടെ അയൽ രാജ്യമാണ്. പല രീതിയിലും ദക്ഷിണേഷ്യയിലെ മറ്റു രാജ്യങ്ങളെ സ്വാധീനിക്കാൻ ചൈന ശ്രമിക്കുന്നുണ്ട്. എന്നാൽ നാം ചൈനയെ ഭയപ്പെടേണ്ടതുണ്ടെന്ന് കരുതുന്നില്ല. ആഗോള രാഷ്ട്രീയം മത്സരാധിഷ്ഠിതമാണെന്ന് നമ്മൾ മനസ്സിലാക്കണം. അവർ മികച്ച പ്രകടനം പുറത്തെടുക്കുമ്പോൾ നമ്മളും മികച്ചത് കാഴ്ചവയ്ക്കണം. ചൈന ലോകത്തെ ഏറ്റവും വലിയ സമ്പദ്‍വ്യവസ്ഥകളിൽ ഒന്നാണ്. കാര്യങ്ങൾ തങ്ങളുടെ വഴിക്കു വരാൻ ചൈന ശ്രമിക്കും. അവർ ചെയ്യുന്നതിനെ വിമർശിക്കുന്നതിനു പകരം അതിലും മികച്ച രീതിയിലുള്ള നീക്കം നടത്താനാണ് നാം ശ്രദ്ധിക്കേണ്ടത്’’ –ജയശങ്കർ പറഞ്ഞു.
ബംഗ്ലദേശ്, മാലദ്വീപ്, പാക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളുമായുള്ള ബന്ധം ചൈന കൂടുതൽ ദൃഢമാക്കുന്നതിനിടെയാണ് ജയശങ്കറിന്റെ പരാമർശം. അവശ്യ ഘട്ടങ്ങളിൽ മറ്റു രാജ്യങ്ങളെ സഹായിക്കേണ്ടതിന്റെ ആവശ്യകതയേപ്പറ്റിയും ജയശങ്കർ പറഞ്ഞു. ചെങ്കടലില്‍ ചരക്കു കപ്പലുകൾക്കു നേരെയുണ്ടായ ആക്രമണത്തെ ഇന്ത്യൻ നാവിക സേന ചെറുത്ത സംഭവത്തെയും, തുർക്കിയിലെ ഭൂചലനത്തെത്തുടർന്ന് നൽകിയ സഹായങ്ങളും അദ്ദേഹം ഉയർത്തിക്കാണിച്ചു. കോവിഡ് മഹാമാരിയുടെ ഘട്ടത്തിൽ ഇന്ത്യയിൽനിന്ന് വാക്സീനും വൈദ്യസഹായത്തിനു ഡോക്ടർമാരെയും മറ്റു രാജ്യങ്ങളിൽ എത്തിക്കുകയും ചെയ്തതിലൂടെ രാജ്യാന്തര ബന്ധങ്ങള്‍ കൂടുതൽ ദൃഢമായെന്ന് ജയശങ്കർ പറഞ്ഞു.