അങ്കമാലി മൂക്കന്നൂർ കൂട്ടക്കൊല: സ്മിതയെ കൊലപ്പെടുത്തിയ കേസിൽ പ്രതി ബാബുവിന് വധശിക്ഷ
Mail This Article
കൊച്ചി∙ അങ്കമാലി മൂക്കന്നൂർ കൂട്ടക്കൊലകേസിൽ പ്രതി ബാബുവിന് വധശിക്ഷ. ബാബുവിന്റെ സഹോദരന്റെ മകൾ സ്മിതയെ കൊലപ്പെടുത്തിയ കേസിലാണ് വധശിക്ഷ വിധിച്ചത്. സഹോദരൻ ശിവനെയും ഇയാളുടെ ഭാര്യ വൽസയേയും കൊലപ്പെടുത്തിയ കേസിൽ ഇരട്ടജീവപര്യന്തം തടവും പ്രതി അനുഭവിക്കണം. കേസിലെ വിവിധ വകുപ്പുകളിലായി നാലു ലക്ഷത്തി പതിനായിരം രൂപ ബാബു പിഴയും അടയ്ക്കണം. എറണാകുളം അഡീഷണൽ സെഷൻസ് കോടതിയുടേതാണ് വിധി. അപൂർവങ്ങളിൽ അപൂർവം കേസായി പരിഗണിച്ച് പ്രതിയ്ക്ക് വധശിക്ഷ ഉറപ്പാക്കണമെന്ന് പ്രോസിക്യൂഷൻ വാദിച്ചിരുന്നു.
2018 ഫെബ്രുവരി 11നാണ് കേസിനാസ്‍പദമായ സംഭവം നടന്നത്. സ്വത്ത് തർക്കമായിരുന്നു കൊലപാതകത്തിന് ആസ്പദമായ കാരണം. വീട്ടിലേക്ക് അപ്രതീക്ഷിതിമായി കയറിവന്ന ബാബു സഹോദരനെയും കുടുംബത്തെയും വകവരുത്തുകയായിരുന്നു. വാക്കത്തി ഉപയോഗിച്ചായിരുന്നു മൂന്നുപേരെയും കൊലപ്പെടുത്തിയത്. അക്രമം തടയാൻ ശ്രമിച്ച സ്‍മിതയുടെ ഇരട്ടക്കുട്ടികളെയും ബാബു വെട്ടിപരിക്കേൽപ്പിച്ചിരുന്നു. സംഭവത്തിനു ശേഷം കൊരട്ടിയിലെ ക്ഷേത്ര കുളത്തിൽ സ്‍കൂട്ടറുമായി ചാടി ആത്മഹത്യക്ക് ബാബു ശ്രമിച്ചിരുന്നു. നാട്ടുകാരും പൊലീസും ചേർന്നാണ് ബാബുവിനെ പിടികൂടിയത്.
റൂറൽ പൊലീസ് പഴുതടച്ച അന്വേഷണമാണു നടത്തിയത്. ഇൻസ്പെക്ടർ ആയിരുന്ന മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ രണ്ടു മാസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിച്ചു. 122 സാക്ഷികളാണ് ഉണ്ടായിരുന്നത്. ഇതിൽ 61 പേരെ വിസ്തരിച്ചു. 102 തൊണ്ടിമുതലുണ്ടായിരുന്നു. എസ്ഐമാരായ പി.ജെ.നോബിൾ, കെ.ടി.രമേഷ്, സുകേശൻ, എം.എസ്.വിജേഷ്, എഎസ്ഐ ഇ.ഡി.ശ്രീജ, എസ്‌സിപിഒ എം.എസ്.അജിത്ത്കുമാർ, എം.ബി.ജിനിമോൾ, സിപിഒ കെ.ആർ.ദിവ്യ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. അന്വേഷണ സംഘത്തെ ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേന അഭിനന്ദിച്ചു.