അയോധ്യ പ്രതിഷ്ഠാ ചടങ്ങിനെതിരേ പോസ്റ്റ്: മണി ശങ്കർ അയ്യരോടും മകളോടും വീടൊഴിയാൻ ആവശ്യപ്പെട്ട് അസോസിയേഷൻ
Mail This Article
ന്യൂഡൽഹി∙ അയോധ്യ രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങിനെ അപലപിച്ച് സാമൂഹ്യ മാധ്യമത്തിൽ പോസ്റ്റിട്ടതിന് വീടൊഴിയണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് മണി ശങ്കർ അയ്യർക്കും മകൾ സുരണ്യ അയ്യർക്കും നോട്ടിസ്. ഡൽഹി ജംഗ്പുരയിലെ വസതി ഒഴിയണമെന്നാവശ്യപ്പെട്ട് റെസിഡന്റ്സ് വെൽഫെയർ അസോസിയേഷനാണ് നോട്ടിസ് നൽകിയിരിക്കുന്നത്. മകളുടെ സാമൂഹമാധ്യമ പോസ്റ്റിനെ അപലപിക്കണമെന്നും അതല്ലെങ്കിൽ വീടുവിട്ടൊഴിയണമെന്നുമാണ് മണി ശങ്കർ അയ്യറിനോട് ആർഡബ്ല്യുഎ ആവശ്യപ്പെട്ടത്.
‘‘കോളനിയിലെ മറ്റുതാമസക്കാരുടെ സമാധാനം കെടുത്തുന്ന, അവരുടെ മതവികാരത്തെ വ്രണപ്പെടുത്തുന്ന യാതൊരു നടപടികളും ഞങ്ങൾ പ്രോത്സാഹിപ്പിക്കില്ല. ഇത്തരം വെറുപ്പുകൾക്കെതിരേ കണ്ണടയ്ക്കുന്ന മറ്റൊരു കോളനിയിലേക്ക് നിങ്ങളോട് മാറാൻ ഞങ്ങൾ നിർദേശിക്കുന്നു’’ നോട്ടീസിൽ റെസിഡന്റ്സ് വെൽഫെയർ വ്യക്തമാക്കുന്നു.
പ്രാണപ്രതിഷ്ഠാ ചടങ്ങിനെതിരെ നിരാഹാരം കിടന്ന് പ്രതിഷേധിക്കുമെന്ന് ജനുവരി 20ന് സുരണ്യ അയ്യർ ഫെയ്സ്ബുക്കിൽ കുറിച്ചിരുന്നു. സഹജീവികളായ മുസ്ലീം പൗരന്മാരോടുള്ള സ്നേഹത്തിന്റെയും അവരുടെ ദുഃഖത്തിൽ പങ്കുചേരുന്നതിന്റെയും പ്രതിഫലനമാണ് തന്റെ പ്രതിഷേധമെന്നാണ് അവർ പറഞ്ഞത്.
എന്നാൽ സാമൂഹ്യ മാധ്യമത്തിലൂടെ സുരണ്യ പങ്കുവച്ച കാര്യങ്ങൾ വിദ്യാസമ്പന്നനായ ഒരു വ്യക്തിക്ക് ചേർന്നതല്ലെന്ന് ആർഡബ്ല്യുഎ അഭിപ്രായപ്പെട്ടു. സുപ്രീംകോടതി വിധിയെ തുടർന്ന് അഞ്ഞൂറ് കൊല്ലങ്ങൾക്ക് ശേഷമാണ് രാമക്ഷേത്രം പണിയുന്നതെന്ന് മറക്കരുത്. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ മറവിൽ സ്വന്തം അഭിപ്രായത്തെ ന്യായീകരിക്കാമെങ്കിലും ഇന്ത്യൻ പരമോന്നത കോടതി പ്രകാരം അഭിപ്രായ സ്വാതന്ത്ര്യം പരമമായ ഒന്നല്ലെന്നും ആർഡബ്ല്യുഎ പറയുന്നു.