സഖ്യത്തിന് ‘ഇന്ത്യ’ എന്നു പേരിട്ടതിനെ എതിർത്തു; ക്രെഡിറ്റ് തട്ടിയെടുക്കാൻ രാഹുലിന്റെ ശ്രമം: നിതീഷ്
Mail This Article
പട്ന ∙ പ്രതിപക്ഷ രാഷ്ട്രീയ സഖ്യത്തിന് ‘ഇന്ത്യ’ എന്നു പേരിടുന്നതിനു താൻ എതിരായിരുന്നുവെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. ബിഹാർ ജാതി സർവേയുടെ ക്രെഡിറ്റ് തട്ടിയെടുക്കാൻ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ശ്രമിക്കുകയാണ്. ജാതി സെൻസസിനായി 2019 മുതൽ നിയമസഭയിലും പൊതുവേദികളിലും ശബ്ദമുയർത്തിയത് താനായിരുന്നുവെന്നും നിതീഷ് ചൂണ്ടിക്കാട്ടി.
കോൺഗ്രസിന്റെ സമ്മർദത്തിലാണ് നിതീഷ് കുമാർ സർക്കാർ ജാതി സർവേ നടത്തിയതെന്ന രാഹുൽ ഗാന്ധിയുടെ അവകാശവാദത്തോടായിരുന്നു മറുപടി. ഭാരത് ജോഡോ ന്യായ് യാത്ര ബിഹാറിൽ പ്രവേശിച്ചപ്പോഴാണ് നിതീഷിനെതിരെ രാഹുൽ ആരോപണമുന്നയിച്ചത്. ചെറിയ സമ്മർദമുണ്ടായാൽ പോലും മലക്കംമറിയുന്ന സ്വഭാവക്കാരനാണ് നിതീഷ് എന്നായിരുന്നു രാഹുലിന്റെ പരിഹാസം. പ്രതിപക്ഷ ‘ഇന്ത്യ’ മുന്നണിയിൽ സീറ്റു വിഭജന ചർച്ച സ്തംഭിച്ചതാണ് മുന്നണി വിടാൻ കാരണമായതെന്നും നിതീഷ് വെളിപ്പെടുത്തി.