‘ബജറ്റ് സമ്മേളനം തെറ്റ് തിരുത്താനുള്ള അവസരം; പൂർണ ബജറ്റ് പുതിയ ബിജെപി സർക്കാർ തന്നെ അവതരിപ്പിക്കും’
Mail This Article
ന്യൂഡൽഹി∙ ബജറ്റ് സമ്മേളനം തെറ്റു തിരുത്താനുള്ള അവസരമെന്ന് പ്രതിപക്ഷത്തോട് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കവേയായിരുന്നു മോദിയുടെ പരാമർശം. സമ്മേളനം തടസ്സപ്പെടുത്താൻ ശ്രമിക്കരുതെന്ന് മോദി പ്രതിപക്ഷ എംപിമാർക്ക് മുന്നറിയിപ്പും നൽകി. രണ്ടാം മോദി സർക്കാർ ഭരണത്തിലെ അവസാന പാർലമെന്റ് സമ്മേളനമാണ് ഇന്ന് ആരംഭിക്കുന്നത്. പൂർണ ബജറ്റ് പുതിയ ബിജെപി സർക്കാർ തന്നെ അവതരിപ്പിക്കുമെന്നും മോദി പറഞ്ഞു.
Read also: 'യഥാര്‍ഥ ഭക്തര്‍ മാലയൂരിയോ തേങ്ങയുടച്ചോ മടങ്ങിയിട്ടില്ല, അത് ചെയ്തത് കപടഭക്തര്‍'
‘‘ജനാധിപത്യ മൂല്യങ്ങളെ വാക്കുകൾ കൊണ്ട് ആക്രമിക്കുന്നത് പതിവാക്കിയ എംപിമാർ പാർലമെന്റിന്റെ ഭാഗമായിരുന്ന കാലത്ത് എന്തൊക്കെയാണ് ചെയ്തെന്ന് പുനർചിന്തനം നടത്തുമെന്ന് കരുതുന്നു. പാർലമെന്റിലേക്ക് മാതൃകാപരമായി സംഭാവനകൾ നൽകിയവർ എല്ലായ്പ്പോഴും എല്ലാവരാലും ഓർമിക്കപ്പെടുകയും ചെയ്യും. എന്നാൽ തടസ്സങ്ങൾ സൃഷ്ടിച്ചവരെ അങ്ങനെ ഓർത്തെന്നു വരില്ല. തെറ്റു തിരുത്താനുള്ള അവസരമാണ് ബജറ്റ് സമ്മേളനം. ഈ അവസരം നഷ്ടപ്പെടുത്തരുത്. എല്ലാവരും അവരാൽ കഴിയുന്ന വിധം അവസരം ഉപയോഗപ്പെടുത്തുമെന്ന് കരുതുന്നു.’’– മോദി പറഞ്ഞു.
ധനമന്ത്രി നിർമല സീതാരാമൻ നാളെ രാവിലെ 11ന് ഇടക്കാല ബജറ്റ് അവതരിപ്പിക്കും. പുതിയ സർക്കാരാണു പൂർണ ബജറ്റ് അവതരിപ്പിക്കുക ബജറ്റ് ചർച്ചകൾക്കു സമാപനദിവസമായ ഫെബ്രുവരി 9ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി പറയും.