ഇടത് അംഗത്തിന്റ വോട്ട് അസാധുവായി; പിറവം നഗരസഭ അധ്യക്ഷ സ്ഥാനം യുഡിഎഫിന്
Mail This Article
കൊച്ചി∙ പിറവം നഗരസഭ അധ്യക്ഷ സ്ഥാനം ഇടതുമുന്നണിക്കു നഷ്ടമായത് അപ്രതീക്ഷിതം. സിപിഎമ്മിന്റെ കാലാവധി പൂർത്തിയായതിനെ തുടർന്ന് സിപിഐക്ക് അധ്യക്ഷ സ്ഥാനം കൈമാറുന്നതിനായി വീണ്ടും നടത്തിയ തിരഞ്ഞെടുപ്പിലാണ് സ്ഥാനം യുഡിഎഫിനു ലഭിച്ചത്. ഇടതുമുന്നണിക്കു ഭൂരിപക്ഷം ഉണ്ടായിട്ടും ഇടത് അംഗത്തിന്റെ വോട്ട് അസാധുവായതോടെ അധ്യക്ഷസ്ഥാനത്തേക്കു നറുക്കെടുപ്പു നടന്നു. ഇതിൽ കോൺഗ്രസിലെ ജിൻസി മാത്യുവിന് അധ്യക്ഷ സ്ഥാനം ലഭിച്ചു.
27 അംഗ നഗരസഭ സമിതിയിൽ എൽഡിഎഫിനു 14-ഉം യുഡിഎഫിനു 13-ഉം അംഗങ്ങളാണുള്ളത്. ആദ്യ മൂന്നുവർഷം അധ്യക്ഷസ്ഥാനം സിപിഎമ്മിനും പിന്നീട് രണ്ടുവർഷം സിപിഐക്കും എന്ന ധാരണയിലാണ് ഇടതുമുന്നണി ഭരണം തുടങ്ങിയത്. എന്നാൽ അഞ്ചുവർഷം തുടരാമെന്ന വ്യവസ്ഥയിൽ ഉപാധ്യക്ഷസ്ഥാനം സിപിഎമ്മിനു തന്നെയാണ്. ഇടതു മുന്നണിയിലെ ധാരണപ്രകാരം നഗരസഭാധ്യക്ഷ ഏലിയാമ്മ ഫിലിപ്പ് (സിപിഎം) സിപിഐക്ക് അധ്യക്ഷ സ്ഥാനം കൈമാറാനായി രാജിവച്ചതിനെ തുടർന്നാണ് ബുധനാഴ്ച പുതിയ അധ്യക്ഷയെ കണ്ടെത്താൻ വോട്ടെടുപ്പ് നടത്തിയത്.
സിപിഐ അംഗം അഡ്വ. ജൂലി ബാബുവായിരുന്നു ഇടതുമുന്നണി സ്ഥാനാർഥി. കോൺഗ്രസ് അംഗം ജിൻസി രാജു യുഡിഎഫ് സ്ഥാനാർഥിയായി. ഇടത് അംഗം ഏലിയാമ്മ ഫിലിപ്പിന്റെ വോട്ടാണ് അസാധുവായത്. ഇടത് സ്ഥാനാര്‍ഥിക്കു വോട്ട് ചെയ്‌തെങ്കിലും ബാലറ്റിന്റെ മറുവശത്ത് പേരെഴുതി ഒപ്പിടണമെന്ന വ്യവസ്ഥ പാലിക്കാത്തതിനെ തുടര്‍ന്നാണ് ഏലിയാമ്മ ഫിലിപ്പിന്റെ വോട്ട് അസാധുവായത്. തുടര്‍ന്ന് അധ്യക്ഷസ്ഥാനത്തേക്കു നടത്തിയ നറുക്കെടുപ്പിൽ യുഡിഎഫിന്റെ ജിൻസി മാത്യുവിനു നറുക്കുവീഴുകയായിരുന്നു.