ADVERTISEMENT

ന്യൂഡൽഹി∙ രണ്ടാം മോദി സർക്കാർ ഭരണത്തിലെ അവസാന പാർലമെന്റ് സമ്മേളനത്തിന് തുടക്കം കുറിച്ച് ഇരുസഭകളുടെയും സംയുക്ത സമ്മേളനം അഭിസംബോധന ചെയ്ത് രാഷ്ട്രപതി ദ്രൗപദി മുർമു. പുതിയ പാലർലമെന്റ് മന്ദിരത്തിൽ രാഷ്ട്രപതിയുടെ ആദ്യ അഭിസംബോധനയാണിത്. ‘അമൃത് കാലത്തിന്റെ’ തുടക്കത്തിൽ നിർമിച്ച പുതിയ പാർലമെന്റ് മന്ദിരത്തിലെ തന്റെ ആദ്യ പ്രസംഗമാണെന്ന് പറഞ്ഞാണ് രാഷ്ട്രപതി അഭിസംബോധന ആരംഭിച്ചത്.

രാജ്യത്തിന് ഐതിഹാസിക നേട്ടങ്ങളുടെ വർഷമാണ് കഴിഞ്ഞുപോയതെന്ന് രാഷ്ട്രപതി പറഞ്ഞു. പ്രതിസന്ധികൾക്കിടയിലും സമ്പദ്‌വ്യവസ്ഥ വളർന്നു. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ത്രിവർണ പതാക ഉയർത്തി. ജി20 വിജയകരമായി നടത്തി; കായികരംഗത്തും നേട്ടമുണ്ടായി. വനിതാ സംവരണ ബിൽ പാസാക്കിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിക്കുന്നതായി രാഷ്ട്രപതി പറഞ്ഞു. മുത്തലാഖ് നിരോധിക്കാനും പാർലമെന്റിനായി. ജമ്മു കശ്മീരിന്റെ പുനഃസംഘടന ശ്രദ്ധേയനേട്ടമാണ്.

Read Also: ‘ബജറ്റ് സമ്മേളനം തെറ്റ് തിരുത്താനുള്ള അവസരം; പൂർണ ബജറ്റ് പുതിയ ബിജെപി സർക്കാർ തന്നെ അവതരിപ്പിക്കും’

നൂറ്റാണ്ടുകളുടെ കാത്തിരിപ്പിനുശേഷം അയോധ്യയിൽ രാമക്ഷേത്രം യാഥാർഥ്യമായെന്ന് രാഷ്ട്രപതി പറഞ്ഞു. ഇതിന് ‘ജയ് ശ്രീറാം’ വിളികളുമായി ഭരണപക്ഷം ആഹ്ലാദപ്രകടനം നടത്തി. മുദ്രാവാക്യത്തിനപ്പുറം ദാരിദ്ര്യനിർമാജനം യാഥാർഥ്യമായി. നീതി ആയോഗ് കണക്കനുസരിച്ച്, തന്റെ സർക്കാന്റെ 10 വർഷത്തെ ഭരണത്തിൽ ഏകദേശം 25 കോടി ജനങ്ങൾ ദാരിദ്ര്യത്തിൽ നിന്ന് കരകയറിയെന്ന് രാഷ്ട്രപതി പറഞ്ഞു.

നേരത്തേ, രാജ്യത്തെ പണപ്പെരുപ്പ നിരക്ക് ഇരട്ട അക്കത്തിലായിരുന്നു, അത് ഇപ്പോൾ നാല് ശതമാനത്തിനുള്ളിലാണ്. കഴിഞ്ഞ 10 വർഷത്തിനിടയിൽ ജനങ്ങൾ ദശാബ്ദങ്ങളായി കാത്തിരിക്കുന്ന  നിരവധി കാര്യങ്ങൾ പൂർത്തീകരിക്കുന്നത് ഇന്ത്യ കണ്ടു. ഇന്ത്യ ശരിയായ ദിശയിൽ ശരിയായ തീരുമാനങ്ങളെടുത്ത് മുന്നേറുന്നതായി രാഷ്ട്രപതി പറഞ്ഞു.

ലോക്‌സഭയുടെയും രാജ്യസഭയുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യാൻ ബഗ്ഗിയിലാണ് രാഷ്ട്രപതി ദ്രൗപദി മുർമു പാർലമെന്റിൽ എത്തിയത്. ‘ചെങ്കോൽ’ പിടിച്ചു മുന്നിൽപോയ ആളെ അനുഗമിച്ചാണ് രാഷ്ട്രപതി പാർലമെന്റിൽ പ്രവേശിച്ചത്. പിന്നാലെ സ്പീക്കർ ഓം ബിർല, ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയർമാനുമായ ജഗ്ദീപ് ധൻകർ, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരും എത്തി.

English Summary:

President Droupadi Murmu addresses both Houses of Parliament at start of Budget Session

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com