ADVERTISEMENT

കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കുന്ന ഇടക്കാല ബജറ്റ് കർഷകർ, സ്ത്രീകൾ, സംരംഭകർ എന്നിവരെ ലക്ഷ്യമിട്ടുള്ളതായിരിക്കാനാണു സാധ്യത. സാമ്പത്തിക വളർച്ച, മൊത്തം ആഭ്യന്തര ഉത്പാദനം, ധനകമ്മി എന്നിവയിൽ പ്രതീക്ഷിച്ചത്ര പുരോഗതി രാജ്യം  കൈവരിച്ചില്ലെങ്കിലും, പൊതുതിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള ബജറ്റിൽ കാർഷിക, ഗ്രാമീണ, തൊഴിൽ മേഖലകൾക്കു കൂടിയ ഊന്നൽ ലഭിക്കുമെന്നു പ്രതീക്ഷിക്കാം.

ജി 20 ഉച്ചകോടി, COP 28 എന്നിവയുടെ പശ്ചാത്തലത്തിൽ ടെക്നോളജി, സബ്‌സിഡി, കുറഞ്ഞ കാർബൺ ബഹിർഗമനം, വിളകളുടെ ഉയർന്ന താങ്ങുവില, കൂടിയ വായ്പാവിഹിതം എന്നിവ പുതിയ ബജറ്റിന്റെ സവിശേഷതകളാകാനാണു സാധ്യത. കർഷകർ, സംരംഭകർ, സ്ത്രീകൾ എന്നിവരെ ലക്ഷ്യമിട്ട പദ്ധതി നിർദേശങ്ങൾ ബജറ്റിൽ പ്രതീക്ഷിക്കാം. 

കർഷകർ നേരിടുന്ന രാസവള ക്ഷാമം, വർധിച്ച വില എന്നിവ നേരിടാനായി രാസവള സബ്സിഡിക്കായി കൂടുതൽ നീക്കിയിരിപ്പ് ബജറ്റിൽ പ്രതീക്ഷിക്കാം. പിഎം കൃഷി സമ്മാൻ നിധി 6000 രൂപയിൽനിന്ന് 8000 രൂപയായി ഉയർത്താനുള്ള സാധ്യതയുണ്ട്. യുവാക്കൾക്ക് കൂടുതൽ സംരംഭങ്ങൾ തുടങ്ങാൻ സംരംഭകത്വ പദ്ധതികൾ, സ്റ്റാർട്ടപ്പുകൾ, കാർഷിക എംഎസ്എംഇ മേഖലകളിലെ ഉയർന്ന വകയിരുത്തൽ എന്നിവ പ്രതീക്ഷിക്കാം.

സ്റ്റാർട്ടപ്പുകൾക്ക് കാർഷിക, വ്യവസായ, സേവന മേഖലകളിൽ പ്രാധാന്യം ലഭിച്ചേക്കും. ഘട്ടംഘട്ടമായി കാർബൺ, ഹരിതഗൃഹ വാതകങ്ങളുടെ ബഹിർഗമനം കുറയ്ക്കാനായി COP 28 , പാരിസ് പ്രോട്ടോക്കോൾ എന്നിവയ്ക്കനുസരിച്ചുള്ള നിരവധി നൂതന പദ്ധതികൾ ബജറ്റിലുണ്ടാകാം. ഹരിത ഹൈഡ്രജൻ ഉൽപാദനം, സൗരോർജ, പാരമ്പര്യേതര ഊർജോൽപ്പാദനം എന്നിവ ഇതിലുൾപ്പെടും. നികുതി ഘടനയിലും ഇൻകം ടാക്സ് നിരക്കിലും മാറ്റം വരാനിടയുണ്ട്.

കാർഷിക വായ്പ, ഭക്ഷ്യ സംസ്കരണം, ഹോർട്ടികൾച്ചർ വികസനം, ശീതീകരണ സംവിധാനം, ഇ വിപണി എന്നിവയിൽ കൂടുതൽ കേന്ദ്ര പദ്ധതികൾ പ്രതീക്ഷിക്കാം. ദാരിദ്ര്യ ലഘൂകരണം, വനിതാ ശാക്തീകരണം, ദുർബല വിഭാഗത്തിൽപ്പെട്ടവർക്കുള്ള ക്ഷേമ പദ്ധതികൾ എന്നിവയിൽ വർധനയുണ്ടായേക്കും.

പിപിപി, വിദേശ നിക്ഷേപ വ്യവസായ മോഡലുകൾ എന്നിവ പ്രോത്സാഹിപ്പിക്കപ്പെടും. മൃഗസംരക്ഷണ, ഫിഷറീസ് മേഖലകൾക്ക് ഉത്പാദനം, സംസ്കരണം, വ്യാപനം, ഇൻഷുറൻസ്, ഏകാരോഗ്യം എന്നിവയ്ക്ക് ഊന്നൽ നൽകും. തനതു കന്നുകാലി ജനുസ്സുകളുടെ പരിരക്ഷ, ക്ഷീരോൽപാദനം, ഗോശാല എന്നിവയിൽ കൂടുതൽ പദ്ധതികൾ പ്രതീക്ഷിക്കാം. പൊതുമേഖലാ സ്ഥാപനങ്ങൾ, ഗവേഷണ സ്ഥാപനങ്ങൾ, സർവകലാശാലകൾ എന്നിവയ്ക്കുള്ള ഗ്രാന്റിൽ വർധനവിനുള്ള സാധ്യത കുറവാണ്. കാലാവസ്ഥ മാറ്റം, ഡിജിറ്റൽ ടെക്നോളജി എന്നിവയിൽ  ഗവേഷണ ഗ്രാന്റിൽ വർധന പ്രതീക്ഷിക്കാം.

സെമികണ്ടക്ടർ നിർമാണം, ഐടി അധിഷ്ഠിത കാർഷിക സാങ്കേതിക വിദ്യകൾ, ഇലക്ട്രിക് വെഹിക്കിൾ ടെക്നോളജി, ഡിജിറ്റൽ മാർക്കറ്റിങ്, ഡിസൈൻ എന്നിവയിൽ പുത്തൻ നിർദേശങ്ങൾ ബജറ്റിലുണ്ടാകും. കാർഷിക, ഗ്രാമീണ മേഖലകൾക്കു മുന്തിയ പരിഗണന ലഭിക്കുമെന്നുറപ്പാണ്. നിലവിലുള്ള ക്ഷേമ പദ്ധതികൾ തുടരാനാണു സാധ്യത. സുസ്ഥിര കൃഷിരീതികൾ, കൃത്യതാ കൃഷി, നൈപുണ്യ വികസനം, പരിശീലനം, ടെക്നോളജി ഉപയോഗം എന്നിവയിൽ കാർഷിക മേഖലയ്ക്കു പ്രാധാന്യം ലഭിക്കും. ഇതിലൂടെ സ്മാർട് അഗ്രികൾച്ചറിന് പ്രാമുഖ്യം ലഭിക്കും. 

(ലേഖകൻ ബെംഗളൂരുവിലെ ട്രാൻസ്ഡിസിപ്ലിനറി യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ് ആൻഡ് ടെക്നോളജിയിലെ പ്രഫസറും ലോകബാങ്ക് കൺസൽറ്റന്റുമാണ്. അഭിപ്രായങ്ങൾ വ്യക്തിപരം)

English Summary:

Union Budget 2024 expectations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com