ഹേമന്ത് സോറൻ ഒരുദിവസം ജയിലിൽ; 10 ദിവസത്തേക്കുളള കസ്റ്റഡി അപേക്ഷയിൽ അന്തിമ വിധി നാളെ
Mail This Article
റാഞ്ചി∙ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ബുധനാഴ്ച രാത്രി അറസ്റ്റ് ചെയ്ത ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറനെ ഒരു ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. റാഞ്ചി പ്രത്യേക കോടതിയുടേതാണ് വിധി. 10 ദിവസത്തെ കസ്റ്റഡിയ്ക്ക് വേണ്ടിയുള്ള ഇഡിയുടെ അപേക്ഷയിൽ സുപ്രീം കോടതിയുടെ അന്തിമ വിധി നാളെ ഉച്ചയോടെയുണ്ടാകും.
ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാകും ഹർജി പരിഗണിക്കുക. തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അട്ടിമറിക്കാനുളള നീക്കമാണ് ഇ.ഡി നടത്തുന്നതെന്ന് ഹേമന്ത് സോറന്റെ അഭിഭാഷകൻ സുപ്രീംകോടതിയെ ധരിപ്പിച്ചു. കേന്ദ്രസർക്കാരിന്റെ ആജ്ഞയനുസരിച്ചാണ് ഇ.ഡി. പ്രവർത്തിക്കുന്നത്. ജനാധിപത്യ സർക്കാരിനെ വേട്ടയാടുകയാണെന്നും അദ്ദേഹം കോടതിയിൽ വാദിച്ചു. പട്ടികജാതി/പട്ടികവർഗ നിയമപ്രകാരം അന്വേഷണ ഏജൻസിയിലെ മുതിർന്ന ഉദ്യോഗസ്ഥർക്കെതിരെ സോറൻ കേസ് ഫയൽ ചെയ്തിട്ടുണ്ട്. ഇഡി ഉദ്യോഗസ്ഥരുടെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും ഒപ്പം ആത്മവിശ്വാസത്തോടെ പുഞ്ചിരിച്ചും കൈവീശിയുമാണ് ഹേമന്ത് സോറൻ രാവിലെ റാഞ്ചി പ്രത്യേക കോടതിയിൽ ഹാജരായത്.
2020–22ൽ വ്യാജരേഖ ചമച്ച് ആദിവാസി ഭൂമി തട്ടിയെടുത്തു, ഖനന വകുപ്പിന്റെ ചുമതലയുളള സോറൻ പദവി ദുരുപയോഗം ചെയ്ത് റാഞ്ചിയിൽ 0.88 ഏക്കർ ഖനിയുടെ പാട്ടക്കരാർ നേടി എന്നിവയടക്കം മൂന്ന് കളളപ്പണ കേസുകളാണ് ഇഡി റജിസ്റ്റർ ചെയ്തിരിക്കുന്നത്. ഡൽഹിയിലെ വീട്ടിൽ തിങ്കളാഴ്ച നടത്തിയ റെയ്ഡിൽ കണക്കിൽപ്പെടാത്ത 36 ലക്ഷം രൂപയും ബിഎംഡബ്ല്യു കാറും പിടിച്ചെടുത്തിരുന്നു.