കോടതി ഉത്തരവിനു പിന്നാലെ ഗ്യാന്‍വാപി പള്ളിയിൽ പൂജ നടത്തി ഹൈന്ദവ വിഭാഗം
Mail This Article
വാരണാസി ∙ കാശി വിശ്വനാഥ ക്ഷേത്രത്തിനു സമീപമുള്ള ഗ്യാന്‍വാപി മസ്ജിദ് സമുച്ചയത്തില്‍ ഹൈന്ദവ വിഭാഗം ആരാധന നടത്തി. ബുധനാഴ്ചയാണ് മസ്ജിദ് സമുച്ചയത്തിലെ തെക്കുഭാഗത്തുള്ള അറകളിലൊന്നിൽ (വ്യാസ്ജി കാ തെഹ്ഖാന) ആരാധന നടത്താൻ വാരാണസി ജില്ലാ കോടതി അനുമതി നല്‍കിയത്. പള്ളിയുടെ ബേസ്മെന്‍റിലുള്ള നിലവറകളുടെ മുന്‍പില്‍ പൂജക്ക് 7 ദിവസത്തിനകം സാഹചര്യം ഒരുക്കണമെന്നായിരുന്നു ഉത്തരവ്. ഇതിന് പിന്നാലെയാണ് ഇന്നു രാവിലെ ഹൈന്ദവ വിഭാഗം ആരാധന നടത്തിയത്.
പൂജയ്ക്ക് അനുമതിയുള്ള ഭാഗം ഇരുമ്പുവേലി കെട്ടി തിരിക്കാനും കലക്ടർക്കുള്ള ഉത്തരവിൽ കോടതി നിർദേശിച്ചിരുന്നു. കാശി വിശ്വനാഥ ട്രസ്റ്റ് ശുപാർശ ചെയ്യുന്ന പൂജാരിക്കു പൂജാകർമങ്ങൾ നിർവഹിക്കാമെന്നു ജില്ലാ ജഡ്ജി എ.െക.വിശ്വേശ വ്യക്തമാക്കി. പള്ളി നിലനിൽക്കുന്ന സ്ഥലത്തെ ചൊല്ലിയുള്ള തർക്കം തുടരുന്നതിനിടെയാണ് കോടതിയുടെ നിർണായക ഉത്തരവ്.
കോടതി നിയോഗിച്ച റിസീവറായ കലക്ടറുടെ അധികാരത്തിലാണ് നിലവിൽ സ്ഥലമുള്ളത്. ഉത്തരവു വലിയ വിജയമാണെന്ന് ഹിന്ദു വിഭാഗവും നിയമപരമായി മുന്നോട്ടുപോകുമെന്നു മസ്ജിദ് കമ്മിറ്റിയും പ്രതികരിച്ചു. 31 വർഷങ്ങൾക്കു ശേഷമാണ് ഹിന്ദുവിഭാഗത്തിന് ഇവിടെ പ്രാർഥനയ്ക്ക് അനുമതി ലഭിക്കുന്നത്. 1993 വരെ ഇവിടെ പൂജകള്‍ നടന്നിരുന്നുവെന്ന് ഹൈന്ദവ വിഭാഗത്തിന്‍റെ വാദം കോടതി അംഗീകരിച്ചു.