തിരഞ്ഞെടുപ്പിനു മുൻപുള്ള ഇടക്കാല ബജറ്റിൽ അയോധ്യയിലെ രാമക്ഷേത്രം പരാമർശിച്ച് നിർമല
2024 Union Budget Highlights
Mail This Article
ന്യൂഡൽഹി∙ പൊതുതിരഞ്ഞെടുപ്പിനു മുൻപായി, രണ്ടാം നരേന്ദ്ര മോദി സർക്കാരിന്റെ ഇടക്കാല ബജറ്റിൽ ഇടം പിടിച്ച് അയോധ്യയിലെ രാമക്ഷേത്രവും. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രധാന പ്രചാരണ വിഷയമായി രാമക്ഷേത്രം മാറുമെന്ന സൂചന കൂടിയായി പരാമർശം. മറ്റൊരു പദ്ധതിയെപ്പറ്റി പറയുന്നതിനിടെ നിർമല രാമക്ഷേത്രവും പരാമർശിക്കുകയായിരുന്നു.
രാജ്യത്തെ ഒരു കോടി വീടുകളുടെ മേൽക്കൂരകളിൽ സൗരോർജ പദ്ധതി നടപ്പാക്കാൻ ലക്ഷ്യമിട്ട് ‘പ്രധാനമന്ത്രി സൂര്യോദയ പദ്ധതി’ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഇതേപ്പറ്റി വിശദീകരിക്കുമ്പോഴാണു രാമക്ഷേത്രത്തെപ്പറ്റി പറഞ്ഞത്. പ്രാണപ്രതിഷ്ഠയ്ക്കുശേഷം അയോധ്യയിൽനിന്നു മടങ്ങിയെത്തിയപ്പോഴെടുത്ത ആദ്യ തീരുമാനമാണെന്നു വിശേഷിപ്പിച്ചാണു പ്രധാനമന്ത്രി നരേന്ദ്ര മോദി പദ്ധതി പ്രഖ്യാപിച്ചത്.
‘‘മേൽക്കൂരകളിലെ സൗരോർജ പദ്ധതിയിലൂടെ രാജ്യത്തെ ഒരു കോടി വീടുകൾക്കു പ്രതിമാസം 300 യൂണിറ്റ് വൈദ്യുതി സൗജന്യമായി നേടാനാകും. അയോധ്യയിലെ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ നിർവഹിച്ച ചരിത്രദിനത്തിലാണു പദ്ധതി പ്രധാനമന്ത്രി പ്രഖ്യാപിച്ചത്’’ എന്നായിരുന്നു നിർമലയുടെ വാക്കുകൾ. സൗരോർജ പദ്ധതിയിലൂടെ ഓരോ കുടുംബത്തിനും 18,000 രൂപ വരെ പ്രതിവർഷം സമ്പാദിക്കാം. പദ്ധതി മൂലം തൊഴിലവസരങ്ങൾ ഉണ്ടാകുമെന്നും ധനമന്ത്രി വ്യക്തമാക്കി.
‘‘സൂര്യവംശത്തിൽ നിന്നുള്ള ഭഗവാൻ ശ്രീരാമനിൽനിന്നു പ്രസരിക്കുന്ന വെളിച്ചത്തിൽനിന്നാണ് ലോകം ഊർജം സ്വീകരിക്കുന്നത്. പാവപ്പെട്ടവരുടെയും ഇടത്തരക്കാരുടെയും വൈദ്യുതി ബിൽ കുറയ്ക്കുന്നതിനു പുറമേ ഊർജരംഗത്ത് ഇന്ത്യയെ സ്വയം പര്യാപ്തമാക്കാനും തീരുമാനം സഹായിക്കും’’– പദ്ധതി പ്രഖ്യാപിക്കവെ മോദി അഭിപ്രായപ്പെട്ടിരുന്നു. ജനുവരി 22നാണ് രാമക്ഷേത്രത്തിൽ രാംലല്ല വിഗ്രഹത്തിന്റെ പ്രാണപ്രതിഷ്ഠ നടന്നത്. കാശിയിലെ പുരോഹിതൻ ലക്ഷ്മീകാന്ത് ദീക്ഷിത് മുഖ്യകാർമികത്വം വഹിച്ച ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യയജമാനനായിരുന്നു.