‘എയർപോഡ് മോഷ്ടിച്ചു’:സിപിഎം കൗൺസിലർ ബിനുവിന് എതിരെ പരാതി നൽകി ജോസ് ചീരാംകുഴി
Mail This Article
പാലാ∙ പാലാ നഗരസഭയിലെ സിപിഎം കൗൺസിലർ ബിനു പുളിക്കക്കണ്ടം എയർപോഡ് മോഷ്ടിച്ചെന്ന് ആരോപിച്ച് കേരള കോൺഗ്രസ് (എം) അംഗം ജോസ് ചീരാംകുഴി പാലാ പൊലീസിൽ പരാതി നൽകി. തന്നോടുള്ള ശത്രുതകൊണ്ടോ അല്ലെങ്കിൽ അതിനോടുള്ള കൗതുകം കൊണ്ടോ ബിനു എയർപോഡ് എടുത്തതാണെന്നാണു ജോസ് ചീരാംകുഴിയുടെ ആരോപണം. എന്നാൽ തനിക്കെതിരായ ആരോപണം രാഷ്ട്രീയ പ്രേരിതമെന്നായിരുന്നു ബിനു പുളിക്കക്കണ്ടത്തിന്റെ പ്രതികരണം.
Read Also: പാലാ നഗരസഭയിൽ വിവാദം: കൗൺസിലറുടെ ഇയർഫോൺ മറ്റൊരു കൗൺസിലർ മോഷ്ടിച്ചെന്ന് ആരോപണം
എയർപോഡ് ഉപയോഗിച്ച് ആരെയെങ്കിലും വിളിക്കുകയോ ആരുടെയെങ്കിലും കോള്‍ എടുക്കുകയോ ചെയ്തെന്നതിന് ഒരു തെളിവ് ജോസ് ഹാജരാക്കട്ടേ എന്നും ബിനു പറഞ്ഞു. എയർപോഡ് കാണാതായതിനു തൊട്ടുപിന്നാലെ തന്റെ എയർപോഡ് മോഷണം പോയതായി ജോസ് പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിനു പിന്നാലെയാണു ബിനു തന്റെ എയർപോഡ് മോഷ്ടിച്ചെന്ന് ചൂണ്ടിക്കാട്ടി ജോസ് വീണ്ടും പരാതി നൽകിയിരിക്കുന്നത്.
ഒക്ടോബർ നാലിലെ കൗൺസിൽ യോഗത്തിനിടെയാണു ജോസ് ചീരാംകുഴിയുടെ വിലകൂടിയ എയർപോഡ് നഷ്ടപ്പെട്ടത്. കഴിഞ്ഞ മാസം 18നു ചേർന്ന കൗൺസിൽ യോഗത്തിൽ ജോസ് ഇക്കാര്യം രേഖാമൂലം അറിയിച്ചു. ജനുവരി 24ന് കൗൺസിൽ യോഗത്തിൽ വിഷയം ഉന്നയിച്ചതോടെ പോരു മുറുകി. ഇതോടെ എയർപോഡ് എടുത്തയാളുടെ പേരു വെളിപ്പെടുത്തണമെന്നു കേരള കോൺഗ്രസ് (എം) അംഗങ്ങൾ ആവശ്യപ്പെട്ടു. ബിനു യാത്ര ചെയ്ത പ്രദേശങ്ങളിൽ തന്റെ എയർപോഡിന്റെ ലൊക്കേഷൻ കാണിക്കുന്നുണ്ടെന്നായിരുന്നു ജോസ് പറഞ്ഞത്.
കേരള കോൺഗ്രസ് (എം), സിപിഎം, സിപിഐ എന്നിവർ ചേർന്നാണു നഗരസഭ ഭരിക്കുന്നത്. മുന്നണി ധാരണപ്രകാരം സിപിഎമ്മിനു ലഭിച്ച നഗരസഭാധ്യക്ഷ സ്ഥാനത്തേക്കു ബിനു പുളിക്കക്കണ്ടത്തിനെ പരിഗണിക്കാതിരിക്കാൻ കേരള കോൺഗ്രസ് (എം) സിപിഎം സംസ്ഥാന നേതൃത്വത്തെ വരെ സമീപിച്ചതു വിവാദമായിരുന്നു. കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പിനു മുൻപാണു ബിനു ബിജെപിയിൽ നിന്നു സിപിഎമ്മിൽ എത്തിയത്.