ബജറ്റിൽ കേരളത്തോട് മുഖംതിരിച്ച് കേന്ദ്രം; ‘ബ്രാൻഡിങ്’ ചൂണ്ടിക്കാട്ടി പണം നിഷേധിച്ചതെന്ന് ഉദ്യോഗസ്ഥർ
Mail This Article
തിരുവനന്തപുരം∙ തിരഞ്ഞെടുപ്പ് വർഷമായിട്ടും, ബിജെപി രാഷ്ട്രീയ നേട്ടത്തിന് ശ്രമിക്കുന്ന സംസ്ഥാനമായിട്ടും ഇത്തവണയും കേന്ദ്രം കേരളത്തിന്റെ ആവശ്യങ്ങളോട് മുഖം തിരിച്ചു. കഴിഞ്ഞ തവണ ഉന്നയിച്ച 17 ആവശ്യങ്ങളിൽ ഒന്നുപോലും കേന്ദ്രം അംഗീകരിച്ചിരുന്നില്ല. ഇത്തവണയും അവഗണനയുണ്ടായി. ഇടക്കാല ബജറ്റായതിനാലാണ് വലിയ പ്രഖ്യാപനങ്ങളില്ലാത്തത് എന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം. തിരഞ്ഞെടുപ്പിനുശേഷം വരുന്ന സർക്കാരായിരിക്കും പൂർണ ബജറ്റ് അവതരിപ്പിക്കുക.
Read Also: ‘ബജറ്റ് കേരളത്തിന് നേട്ടമുണ്ടാക്കും; കേന്ദ്രവിരുദ്ധ സമരത്തിനിറങ്ങിയ ഇടതു സര്‍ക്കാരിന്റെ മുന ഒടിഞ്ഞു
ബജറ്റിനു മുൻപായി കേന്ദ്ര–സംസ്ഥാന ചർച്ചകളൊന്നും ഇത്തവണ നടന്നില്ല. ആവശ്യങ്ങൾ ഉന്നയിച്ചു നിവേദനം നൽകലും ഉണ്ടായില്ല. കേന്ദ്ര അവഗണന തുടരുന്നതിനാൽ പ്രത്യേക ആവശ്യങ്ങളൊന്നും ഇത്തവണ ഉന്നയിച്ചില്ലെന്ന് ധനവകുപ്പ് പറയുന്നു. കഴിഞ്ഞ ഒക്ടോബറിൽ ധനമന്ത്രി കെ.എൻ.ബാലഗോപാൽ കേന്ദ്ര ധനമന്ത്രിക്കു നൽകിയ കത്തിലെ ആവശ്യങ്ങളും പരിഗണിച്ചിരുന്നില്ല. പലിശയില്ലാതെ 50 വർഷം കൊണ്ടു തിരിച്ചടയ്ക്കാവുന്ന വായ്പ കഴിഞ്ഞ ബജറ്റിൽ എല്ലാ സംസ്ഥാനങ്ങൾക്കുമായി പ്രഖ്യാപിച്ചിരുന്നു. ഒരു ലക്ഷം കോടി രൂപയാണ് വായ്പയായി നൽകുമെന്നു പ്രഖ്യാപിച്ചത്. 1500 കോടിയോളം രൂപ കിട്ടുമെന്നായിരുന്നു ധനവകുപ്പിന്റെ കണക്കുകൂട്ടൽ.
ഈ പ്രഖ്യാപനം അനുസരിച്ച് ഒരു രൂപപോലും കേരളത്തിനു കിട്ടിയില്ല. ‘ബ്രാൻഡിങ്’ വിഷയം ചൂണ്ടിക്കാട്ടിയാണ് പണം നിഷേധിച്ചതെന്ന് ഉദ്യോഗസ്ഥർ പറയുന്നു. കേന്ദ്രപദ്ധതികളിൽ കേന്ദ്രം നിശ്ചയിക്കുന്ന ലോഗോയും പ്രധാനമന്ത്രിയുടെ ചിത്രവും വയ്ക്കണമെന്ന് നിർദേശിച്ചിരുന്നതായും, വിയോജിപ്പ് അറിയിച്ചതോടെ പണം നൽകിയില്ലെന്നും സംസ്ഥാന ധനവകുപ്പ് പറയുന്നു. ഇത്തവണ 75,000 കോടി രൂപയാണ് 50 വർഷത്തേക്ക് പലിശ രഹിത വായ്പയായി പ്രഖ്യാപിച്ചിരിക്കുന്നത്. എത്ര പണം ലഭിക്കുമെന്ന് വ്യക്തമല്ല.
കേരളത്തിന്റെ പ്രധാന ആവശ്യമായ സിൽവർലൈനെക്കുറിച്ച് ബജറ്റിൽ പരാമർശമില്ല. ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയന്‍സ് (എയിംസ്) സെന്റർ ഇത്തവണയും കേരളത്തിനു ലഭിച്ചില്ല. കോഴിക്കോട് കിനാലൂരിലാണ് സംസ്ഥാന സർക്കാർ എയിംസിനായി സ്ഥലം കണ്ടെത്തിയിരുന്നത്. ഏറെ വർഷമായുള്ള ആവശ്യം ഇത്തവണയും അവഗണിക്കപ്പെട്ടു. തിരുവനന്തപുരം, കോഴിക്കോട് മെട്രോകൾക്കുള്ള സഹായവും ലഭിച്ചില്ല.
റബ്ബറിന്റെ താങ്ങുവില 170 രൂപയിൽനിന്ന് 250 രൂപയായി ഉയർത്തണമെന്ന ആവശ്യവും പരിഗണിക്കപ്പെട്ടില്ല. കേന്ദ്ര ധനമന്ത്രിക്ക് കെ.എൻ.ബാലഗോപാൽ നൽകിയ നിവേദനത്തിലെ വിഷയങ്ങളിലും അനുകൂല തീരുമാനം ഉണ്ടായിട്ടില്ല. സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി വർധിപ്പിക്കണമെന്നായിരുന്നു പ്രധാന ആവശ്യം. കേന്ദ്രത്തിൽനിന്നുള്ള നികുതി വിഹിതം കൂട്ടണമെന്നും കിഫ്ബി വഴി ചെലവിട്ട തുക കടമെടുപ്പ് പരിധിയിൽനിന്ന് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടെങ്കിലും അനുകൂല തീരുമാനം ഉണ്ടായില്ല.