‘മോദി ഗ്യാരന്റി പ്രസംഗത്തിൽ മാത്രം; കേന്ദ്രസർക്കാർ തോന്നിയതുപോലെ കടമെടുക്കുന്ന കാഴ്ച’
Mail This Article
തിരുവനന്തപുരം∙ സാമ്പത്തിക രംഗത്തെ ഉത്തേജിപ്പിക്കുന്ന കാര്യങ്ങൾ കേന്ദ്ര ബജറ്റിൽ പറയുന്നില്ലെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ. മാന്ദ്യവിരുദ്ധ പാക്കേജ് വേണമായിരുന്നു. മോദി ഗ്യാരന്റി പ്രസംഗത്തിൽ മാത്രമേയുള്ളൂ. ബജറ്റ് നിരാശാജനകമാണ്. പഴയകാര്യങ്ങളുടെ ആവർത്തനമായിരുന്നു ബജറ്റിൽ ഉണ്ടായിരുന്നത്. കേരളം നിശ്ചിത ശതമാനത്തിനപ്പുറം കടമെടുക്കരുതെന്നു പറയുന്ന കേന്ദ്രസർക്കാർ തോന്നിയതുപോലെ കടമെടുക്കുന്ന കാഴ്ചയാണ് കേന്ദ്ര ബജറ്റ് രേഖകളിൽ കാണുന്നതെന്നും ബാലഗോപാൽ കുറ്റപ്പെടുത്തി.
ജിഡിപിയുടെ 5.8% ഈ വർഷം കേന്ദ്രം കടമെടുത്തു. കഴിഞ്ഞ വർഷം 6.4% ആയിരുന്നു. അടുത്ത വർഷം 5.1% കടമെടുക്കുമെന്നാണ് കേന്ദ്രം പറയുന്നത്. കേരളത്തിന്റെ മൊത്തം ആഭ്യന്തര വരുമാനത്തിന്റെ മൂന്ന് ശതമാനമേ കടമെടുക്കാൻ പാടുള്ളൂ എന്നാണ് കേന്ദ്ര നിർദേശം. കേരളത്തിനും കേന്ദ്രത്തിനും എഫ്ആർബിഎം (ഫിസിക്കൽ റെസ്പോൺസിബിലിറ്റി ആൻഡ് ബജറ്റ് മാനേജ്മെന്റ് ആക്ട്) ഒരുപോലെ ബാധകമാണ്. 11 ലക്ഷം കോടിയാണ് കേരളത്തിന്റെ ആഭ്യന്തര വരുമാനം. ഈ വർഷം ഇനിയും വരുമാനം കൂടും. 11 ലക്ഷം കോടിയുടെ മൂന്നു ശതമാനം കേരളത്തിനു കടം എടുക്കാം. കേന്ദ്രത്തിനും ഇതേ മൂന്നു ശതമാനമേ കടമെടുക്കാൻ കഴിയൂ. എന്നാൽ, കേന്ദ്രത്തിൽ രണ്ട് ലക്ഷം കോടി എന്നതുപോലുള്ള വലിയ തുകയാണ് കടമായി വരുന്നത്. മൂന്നു ശതമാനത്തിനു പകരം 5.8 ശതമാനം കടമെടുക്കുന്നവരാണ് കേരളം മൂന്നു ശതമാനം മാത്രമേ എടുക്കാവൂ എന്നു പറയുന്നത്. മുൻപ് കിഫ്ബിയുടെ പേരു പറഞ്ഞ് 2.5 ശതമാനമേ കടം എടുക്കാൻ അനുവദിച്ചുള്ളൂ. കേന്ദ്രം ചെലവാക്കുന്നതിന്റെ നാലിലൊന്നും കടമെടുത്തിട്ടാണ്. കടം വാങ്ങി ചെലവാക്കുന്നതിന്റെ 25% പലിശയിനത്തിൽ കേന്ദ്രം കൊടുക്കുന്നുണ്ടെന്നും ബാലഗോപാൽ ചൂണ്ടിക്കാട്ടി.
21,300407 രൂപ കേന്ദ്രം നികുതി പിരിക്കാനുണ്ട്. അതിൽ 9,80,430 രൂപ ഒരു തർക്കവുമില്ലാത്ത തുകയാണ്. 27000 കോടി സംസ്ഥാനത്തിനും അതിലൂടെ വിഹിതമായി കിട്ടേണ്ടതാണ്. ബജറ്റിൽ ഓരോ മേഖലയിലും പണം കുറച്ചു. സാമ്പത്തിക രംഗത്ത് മരവിപ്പുണ്ടെന്നും ബാലഗോപാൽ പറഞ്ഞു.