ADVERTISEMENT

കോഴിക്കോട്∙ അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിൽ കോഴിക്കോട് എൻഐടിയിൽ ഇന്ത്യയുടെ ഭൂപടം കാവിയിൽ വരച്ചതിനെതിരെ പ്രതിഷേധിച്ച ദലിത് വിദ്യാർഥിയെ ഒരു വർഷത്തേക്ക് സസ്‌പെൻഡ് ചെയ്ത  നടപടി അധികൃതർ മരവിപ്പിച്ചു. വിദ്യാർഥി നൽകിയ അപ്പീലിൽ തീരുമാനമാകും വരെയാണ് സസ്പെൻഷൻ മരവിപ്പിച്ചത്. തിങ്കളാഴ്ച അപ്പീൽ പരിഗണിക്കുമെന്നാണ് കരുതുന്നത്. ഇതോടെ എൻഐടിയിൽ നടന്നുവന്ന വിദ്യാർഥി പ്രതിഷേധം അവസാനിപ്പിച്ചു. കാലിക്കറ്റ് എൻഐടിയിൽ വിദ്യാർഥികളുടെ ഉപരോധം രാത്രിയും തുടർന്നതിനിടെയാണ് വിദ്യാർഥിയുടെ സസ്പെൻഷൻ മരവിപ്പിച്ചത്. 

സംഭവുമായി ബന്ധപ്പെട്ട് എസ്എഫ്ഐ നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി. ഗെയ്റ്റിനകത്തേക്ക് തള്ളിക്കയറാൻ ശ്രമിക്കുന്നത് പൊലീസ് തടഞ്ഞതോടെയാണ് സംഘർഷം ഉണ്ടായത്. സംസ്ഥാന കമ്മിറ്റി അംഗം മിഥുൻ, ഏരിയ സെക്രട്ടറി യാസിർ എന്നിവർക്ക് പരുക്കേറ്റു. ഇവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എട്ടുമണിയോടെയാണ് സംഘർഷം ഉണ്ടായത്. വൻ പൊലീസ് സംഘം ക്യാംപസിന് മുന്നിൽ ക്യാംപ് ചെയ്യുന്നുണ്ട്. പ്രധാന ഗേറ്റുകൾ അടച്ചാണ് വിദ്യാർഥികൾ ക്യാംപസ് ഉപരോധിച്ചത്.

Read also: വണ്ടിപ്പെരിയാർ പീഡനക്കേസിൽ ‘ഗുരുതര വീഴ്ച’; അന്വേഷണ ഉദ്യോഗസ്ഥന് സസ്പെൻഷൻ

അയോധ്യയിലെ രാമക്ഷേത്ര പ്രാണപ്രതിഷ്ഠയുമായി ബന്ധപ്പെട്ട് എൻഐടിയിൽ വിദ്യാർഥികൾ തമ്മിൽ സംഘർഷമുണ്ടായിരുന്നു. ഇതിനു പിന്നാലെ മലയാളിയായ ഒരു വിദ്യാർഥിയെ മാത്രം സസ്പെൻഡ് ചെയ്തതിൽ വിവിധ വിദ്യാർഥി സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. കെഎസ്‌യു ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ക്യാംപസിന് മുന്നിൽ പ്രതിഷേധ തെരുവും ഫ്രറ്റേണിറ്റി മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ പ്രതിഷേധ മാർച്ചും സംഘടിപ്പിച്ചു. ഫ്രറ്റേണിറ്റി മൂവ്മെന്റിന്റെ മാർച്ച് ഗേറ്റിന് മുന്നിൽ ബാരിക്കേഡുകൾ സ്ഥാപിച്ച് പൊലീസ് തടഞ്ഞു. ബാരിക്കേഡ് മറികടന്ന് പ്രവർത്തകർ ക്യാംപസിലേക്ക് കടക്കാൻ ശ്രമിച്ചതോടെ നേരിയ ഉന്തുംതള്ളുമുണ്ടായി. 

ഇലക്ട്രോണിക്‌സ് ആൻഡ് ടെലി കമ്യൂണിക്കേഷൻസ് നാലാം വർഷ വിദ്യാർഥിയേയാണ് സസ്പെൻഡ് ചെയ്തത്. 'ഇന്ത്യ രാമരാജ്യമല്ല, മതേതര രാജ്യമാണ്‌' എന്ന പ്ലക്കാർഡുമായി പ്രതിഷേധിച്ചതിലായിരുന്നു നടപടി.

English Summary:

Student Protest in Calicut NIT updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com