‘അത്യന്തം ദുഃഖകരം, നടുക്കമുണ്ടാക്കുന്ന വാർത്ത’: തണ്ണീർക്കൊമ്പൻ ചരിഞ്ഞ സംഭവത്തിൽ വനംമന്ത്രി
Mail This Article
കോഴിക്കോട്∙ മാനന്തവാടി ടൗണിൽനിന്നു മയക്കുവെടി വച്ചു പിടികൂടിയ കാട്ടാന തണ്ണീർക്കൊമ്പൻ ചരിഞ്ഞ സംഭവത്തിൽ പ്രതികരിച്ച് വനംമന്ത്രി എ.കെ.ശശീന്ദ്രൻ. തണ്ണീർക്കൊമ്പൻ ചരിഞ്ഞെന്ന വാർത്ത അത്യന്തം ദുഃഖകരമെന്നും നടുക്കമുണ്ടാക്കുന്ന വാർത്തയെന്നും എ.കെ.ശശീന്ദ്രൻ പറഞ്ഞു. ‘‘ബന്ദിപ്പുരിൽ ഇന്നലെ രാത്രി എത്തിച്ച ആനയെ വിദഗ്ധ പരിശോധനയ്ക്കുശേഷം കാട്ടിലേക്ക് അയക്കാനായിരുന്നു തീരുമാനം. എന്നാൽ വിദഗ്ധ പരിശോധന തുടങ്ങുന്നതിനു മുൻപു തന്നെ ആന ചരിഞ്ഞു. കർണാടക വനംവകുപ്പിന്റെയും കേരള വനംവകുപ്പിന്റെ മേധാവിയും തണ്ണീർക്കൊമ്പന്റെ മരണം സ്ഥിരികരിച്ചു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മാത്രമേ മരണകാരണം അറിയാൻ പറ്റു’’–ശശീന്ദ്രൻ മാധ്യമങ്ങളോടു പറഞ്ഞു.
ഒരു പകൽ മുഴുവൻ മാനന്തവാടി ടൗണിനെ വിറപ്പിച്ച കാട്ടാനയെ രാത്രിയോടെയാണു പിടികൂടി ബന്ദിപ്പുരിലേക്കു മാറ്റിയത്. കർണാടക വനംവകുപ്പിനു കൈമാറിയ ശേഷമാണ് ആന ചരിഞ്ഞത്. ആനയുടെ കാലിനു പരുക്കുണ്ടായിരുന്നുവെന്ന് ഇന്നലെ കർണാടകയിൽനിന്ന് എത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു. ആനയെ മയക്കുവെടി വച്ചു വാഹനത്തിൽ കയറ്റുന്ന സമത്തു തന്നെ ആന തീർത്തും അവശനായിരുന്നു.
ജനവാസ മേഖലയിൽ ഇറങ്ങിയതിനെ തുടർന്ന് ഒരു മാസത്തിനിടെ രണ്ടു തവണ തണ്ണീർക്കൊമ്പനെ മയക്കുവെടി വച്ചിരുന്നു. നേരത്തേ ജനുവരി 10ന് കർണാടക ഹാസൻ ഡിവിഷനിലെ ബേലൂർ എസ്റ്റേറ്റിൽനിന്ന് പിടികൂടി ബന്ദിപ്പുർ വനത്തിൽ വിട്ടതായിരുന്നു തണ്ണീർക്കൊമ്പനെ. അവിടെ നിന്നാണ് ആന മാനന്തവാടിയിൽ എത്തിയത്.