ജാർഖണ്ഡിലെ വിശ്വാസ വോട്ടെടുപ്പിൽ ഹേമന്ത് സോറനു പങ്കെടുക്കാം: റാഞ്ചി കോടതിയുടെ ഉത്തരവ്
Mail This Article
ന്യൂഡൽഹി∙ ജാർഖണ്ഡ് നിയമസഭയിൽ ഫെബ്രുവരി ആറിനു നടക്കുന്ന വിശ്വാസ വോട്ടെടുപ്പിൽ ജെഎംഎം നേതാവും മുൻ മുഖ്യമന്ത്രിയുമായ ഹേമന്ത് സോറനു പങ്കെടുക്കാമെന്ന് റാഞ്ചി പ്രത്യേക കോടതി. ചംപയ് സോറൻ സർക്കാരിന്റെ വിശ്വാസവോട്ടെടുപ്പിൽ പങ്കെടുക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഹേമന്ത് സോറൻ നൽകിയ ഹർജിയിലാണ് കോടതിയുടെ ഉത്തരവ്. കഴിഞ്ഞ ബുധനാഴ്ചയാണ് കള്ളപ്പണക്കേസിൽ ഹേമന്ത് സോറനെ എൻഫോഴ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്തത്.
ഹേമന്ത് സോറൻ രാജിവച്ചതിനെ തുടർന്ന് ചംപയ് സോറനെ ജെഎംഎം മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കുകയായിരുന്നു. മണിക്കൂറുകൾ നീണ്ട രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കൊടുവിൽ ഫെബ്രുവരി 2ന് ചംപയ് സോറൻ ജാർഖണ്ഡ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. അധികാരം നിലനിർത്താൻ 10 ദിവസത്തിനുള്ളിൽ വിശ്വാസം തെളിയിക്കണമെന്ന വെല്ലുവിളിയാണ് ചംപയ്ക്കും ജാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം) പാർട്ടിക്കും മുന്നിൽ ഇനിയുള്ളത്. 43 എംഎൽഎമാരുടെ പിന്തുണ തനിക്ക് ഉണ്ടെന്നാണ് ചംപയ് അവകാശപ്പെട്ടത്.
മുഖ്യമന്ത്രിയായിരുന്ന ഹേമന്ത് സോറനെ ഇ.ഡി അറസ്റ്റ് ചെയ്തതോടെ ജാർഖണ്ഡിൽ 24 മണിക്കൂറിലേറെ മുഖ്യമന്ത്രിയില്ലാതെ ഭരണം സ്തംഭിച്ചിരുന്നു. അതിനിടെ ഭൂരിപക്ഷ എംഎൽഎമാരുടെ പിന്തുണ അവകാശപ്പെട്ട് ചംപയ് ഉൾപ്പെടെയുള്ളവർ രാജ്ഭവനിൽ എത്തിയെങ്കിലും സത്യപ്രതിജ്ഞയ്ക്കുള്ള സമയം അനുവദിക്കാൻ ഗവർണർ വിമുഖത കാട്ടി. സത്യപ്രതിജ്ഞ വൈകിപ്പിച്ച് അധികാരം പിടിക്കാൻ ബിജെപി ശ്രമിച്ചേക്കുമെന്ന ആശങ്കയിൽ എംഎൽഎമാരെ ഹൈദരാബാദിലേക്ക് അയയ്ക്കാൻ ഇന്നലെ രാത്രി ജെഎംഎം ശ്രമിച്ചെങ്കിലും മോശം കാലാവസ്ഥ മൂലം വിമാനത്തിന്റെ ടേക്ക് ഓഫ് അവസാന നിമിഷം റദ്ദാക്കി.