ADVERTISEMENT

കോഴിക്കോട്∙ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തന്റെ ഹീറോ ആണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖി. എൻവൈസിസി, നെഹ്റു യുവകേന്ദ്ര, ഖേലോ ഭാരത്, തപസ്യ എന്നിവർ ചേർന്ന് സംഘടിപ്പിച്ച ‘എവേക് യൂത്ത് ഫോർ നാഷൻ’ കോൺക്ലേവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. ‘‘ഷാ ബാനു കേസുമായി ബന്ധപ്പെട്ടാണ് ആരിഫ് മുഹമ്മദ് ഖാൻ രാജീവ് ഗാന്ധി സർക്കാരിൽനിന്നും രാജിവയ്ക്കുന്നത്. ഷാ ബാനു കേസിൽ മുത്തലാഖ് നിർത്തലാക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. അന്ന് ഞാൻ കോളജ് വിദ്യാർഥിയായിരുന്നു. മുതിർന്നപ്പോൾ മുത്തലാഖ് നിർത്തലാക്കാൻ തീരുമാനമെടുത്ത സഭയിൽ അംഗമാകാൻ സാധിച്ചു. 

‘എവേക് യൂത്ത് ഫോർ നാഷൻ’ കോൺക്ലേവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്ന കേന്ദ്ര വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖി
‘എവേക് യൂത്ത് ഫോർ നാഷൻ’ കോൺക്ലേവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്ന കേന്ദ്ര വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖി

രാജ്യത്തിന്റെ 65 % ജനസംഖ്യ 35 വയസ്സിൽ താഴെയുള്ളവരാണ്. 2047 ആകുമ്പോൾ ഇന്ത്യ വികസിത രാജ്യമാകണം എന്നതാണ് പ്രധാനമന്ത്രിയുടെ ആഗ്രഹം. നിങ്ങളാണ് 2047ലെ നേതാക്കൻമാർ. നിങ്ങൾ ഇന്നു കാണുന്ന സ്വപ്നമാണ് നാളെ നടപ്പാകാൻ പോകുന്നത്. മോദിയുെട ഗ്യാരന്റി എന്നത് കേരളത്തിന് വേണ്ടിയുമുള്ള ഗ്യാരന്റി ആണ്. ലക്ഷ്യ ബോധമുള്ളതുകൊണ്ടാണ് മോദി സർക്കാർ പല പദ്ധതികളും പൂർത്തിയാക്കിയത്. 140 കോടി ജനങ്ങളിൽ 11 കോടി പേർക്ക് മാത്രാണ് ബാങ്ക് അക്കൗണ്ട് ഉണ്ടായിരുന്നത്. മോദി സർക്കാർ വന്ന ശേഷം നാലുമാസം കൊണ്ട് 52 കോടി ആയി.

‘‘അഴിമതി ഇല്ലാതാക്കാനും സ്കോളർഷിപ്പുകൾ ഉൾപ്പെടെ നേരിട്ട് അക്കൗണ്ടിലേക്ക് എത്തിക്കുന്നതിനുമായിരുന്നു ഇത്. കോഴിക്കോടിന് പുതിയ തുറമുഖം ആവശ്യമാണ്. വിഴിഞ്ഞം ‌തുറമുഖം നാഴികക്കലാണ്. മനുഷ്യശേഷി മാത്രമല്ല ചരക്കും കയറ്റി അയയ്ക്കാൻ സാധിക്കണം. 2047ൽ വികസിത ഇന്ത്യയിൽ ഞാന‍ുണ്ടാകുമോ എന്നറിയില്ല. എന്നാൽ ആ സമയത്ത് നിങ്ങളിലാരെങ്കിലും ആയിരിക്കും എന്റെ സ്ഥാനത്ത് നിൽക്കുക’’–മീനാക്ഷി പറഞ്ഞു. 

‘ഭാരത് മാതാ കീ ജയ്’ വിളിപ്പിച്ച് മീനാക്ഷി ലേഖി

ഉദ്ഘാടന പ്രസംഗത്തിന്റെ അവസാനം ‘ഭാരത് മാതാ കീ ജയ്’ ഏറ്റുവിളിക്കാൻ മീനാക്ഷി ലേഖി സദസിലുണ്ടായിരുന്നവരോട് ആവശ്യപ്പെട്ടു. എന്നാൽ ചിലർ ഏറ്റുവിളിക്കാൻ തയാറാകാതിരുന്നത് അവരെ പ്രകോപിപ്പിച്ചു. വിളിക്കാൻ തയാറാകാതിരുന്നവരോട് ഭാരതം നിങ്ങളുടെ അമ്മയല്ലേ എന്നായിരുന്നു മീനാക്ഷി ലേഖിയുടെ ചോദ്യം.

എല്ലാവരും വിളിക്കാൻ തയാറാകുന്നതുവരെ അവർ ‘ഭാരത് മാതാ കീ ജയ്’ എന്ന് തുടരെ വിളിച്ചുകൊണ്ടിരുന്നു. തുടർന്ന് എല്ലാവരെയും കൈ ഉയർത്തി ‘ഭാരത് മാതാ കീ ജയ്’ വിളിപ്പിച്ചു

വീണാ വിജയൻ അന്വേഷണവുമായി സഹകരിക്കണം

മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയൻ അന്വേഷണവുമായി സഹകരിക്കണമെന്ന് മീനാക്ഷി ലേഖി പറഞ്ഞു. മാധ്യമപ്രവർത്തകരോട് സംസാരിക്കവേയാണ് അവർ ഇക്കാര്യം പറഞ്ഞത്. എല്ലാ സർക്കാരും നിയമവിധേമായി പ്രവർത്തിക്കണം. അധികാരത്തിലിരിക്കുന്നവർ അഴിമതി രഹിതരായാലേ ഇന്ത്യ അഴിമതിരഹിതമാകു. അധികാരം കുടുംബത്തിന്റെയും സ്വന്തക്കാരുടെയും നേട്ടത്തിനായി ഉപയോഗിക്കരുത്. സീസറിന്റെ ഭാര്യ അഴിമതി രഹിതയായിരിക്കണമെന്നു പറയുന്നത് എല്ലാവർക്കും ബാധകമാണ്. വീണാ വിജയന് ഒന്നും മറച്ചുവയ്ക്കാനില്ലെങ്കിൽ അന്വേഷണവുമായി സഹകരിക്കണം. കേന്ദ്രം കേരളത്തിനു പണം നൽകുന്നില്ലെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും അവർ പറ‍ഞ്ഞു.   

English Summary:

Meenakshi Lekhi says Kerala Governor is her hero

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com