തർക്കത്തിനിടെ ശിവസേന നേതാവിനു നേരെ വെടിയുതിർത്ത് ബിജെപി എംഎൽഎ; സംഭവം പൊലീസ് സ്റ്റേഷനിൽ
Mail This Article
മുംബൈ ∙ ഭൂമിതർക്കവുമായി ബന്ധപ്പെട്ട വാഗ്വാദത്തിനിടെ പൊലീസ് സ്റ്റേഷനിൽവച്ച് ശിവസേന (ഷിൻഡെ വിഭാഗം) നേതാവിനുനേരെ വെടിയുതിർത്ത് ബിജെപി എംഎൽഎ. കല്യാൺ ഈസ്റ്റ് മണ്ഡലത്തിൽനിന്നുള്ള എംഎൽഎ ഗണപത് ഗയ്ക്‌വാദ് സംഭവത്തേത്തുടർന്ന് അറസ്റ്റിലായി. ശിവസേനാ നേതാവ് മഹേഷ് ഗയ്ക്‌വാദിനും മറ്റൊരാൾക്കും പരുക്കേറ്റതായി പൊലീസ് അറിയിച്ചു. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രി ഉൽഹാസ്നഗർ പൊലീസ് സ്റ്റേഷനിലാണ് സംഭവം.
വെടിയേറ്റ മഹേഷ് ഗയ്ക്‌വാദിന്റെ ശരീരത്തിൽനിന്ന് അഞ്ച് ബുള്ളറ്റുകൾ പുറത്തെടുത്തതായാണു വിവരം. ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. അതേസമയം വെടിയുതിർത്തത് സ്വയരക്ഷയ്ക്കാണെന്നും മകനെ ആക്രമിക്കാൻ മഹേഷ് ഗയ്ക്‌വാദ് ശ്രമിച്ചെന്നും അറസ്റ്റിലായ ഗണപത് ഗയ്ക്‌വാദ് പറഞ്ഞു.
മഹേഷ് ഗയ്ക്‌വാദ് ഭൂമി അനധികൃതമായി പിടിച്ചെടുക്കുകയാണെന്നു കാണിച്ചാണ് ബിജെപി എംഎൽഎ ഗണപത് ഗയ്ക്‌വാദ് പരാതിയുമായെത്തിയത്. ഇരുവിഭാഗങ്ങളും തമ്മിലുള്ള വാക്കുതർക്കത്തിനിടെയാണ് ഗണപത് നിറയൊഴിച്ചത്. സംസ്ഥാനത്തെ ക്രമസമാധാന നില തകർന്നെന്ന് തെളിയിക്കുന്നതാണ് സംഭവമെന്ന് ഉദ്ധവ് താക്കറെ വിഭാഗം ശിവസേന പ്രതികരിച്ചു. ഭരണകക്ഷികളായ രണ്ടു വിഭാഗക്കാർ തമ്മിലാണ് സംഘർഷമുണ്ടായതെന്നും സർക്കാരിന്റെ ‘ഇരട്ട എൻജിൻ’ തകരാറായെന്നും ഉദ്ധവ് വിഭാഗം പറഞ്ഞു.