65,000 പേർക്ക് ലാബ് പരിശോധന നടത്തിയെന്ന് വ്യാജ രേഖ; മൊഹല്ല ക്ലിനിക്കിനും രോഗബാധ
Mail This Article
ന്യൂഡൽഹി ∙ മൊഹല്ല ക്ലിനിക്കുകളിൽ 65,000 പേർക്ക് വിവിധ പരിശോധനകൾ നടത്തിയതായി വ്യാജ രേഖകളുണ്ടാക്കിയെന്ന് സംസ്‌ഥാന ആന്റി കറപ്ഷൻ ബ്രാഞ്ച് (എസിബി) കണ്ടെത്തി. 2023 ഫെബ്രുവരി മുതൽ ഡിസംബർ വരെ മൊഹല്ല ക്ലിനിക്കുകൾക്ക് വേണ്ടി രണ്ടു സ്വകാര്യ ലാബുകൾ ഏകദേശം 22 ലക്ഷം പരിശോധനകൾ നടത്തിയെന്നാണ് രേഖ. ഇതിൽ 65,000 പരിശോധനകൾ വ്യാജമാണെന്നാണ് എസിബിയുടെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്. പരിശോധനകൾ നടത്തിയ രണ്ടു സ്വകാര്യ ലാബുകൾക്ക് സർക്കാർ ഖജനാവിൽ നിന്ന് ആകെ അനുവദിച്ചത് 4.63 കോടി രൂപയാണ്.
മൊഹല്ല ക്ലിനിക്കുകളിൽ പരിശോധനകളുടെ മറവിലുള്ള തട്ടിപ്പുകൾ സംബന്ധിച്ച് സിബിഐ അന്വേഷണത്തിന് കഴിഞ്ഞ മാസം ലഫ്. ഗവർണർ വി.കെ.സക്സേന നൽകിയ ശുപാർശ കേന്ദ്ര സർക്കാർ അംഗീകരിച്ചിരുന്നു. സിബിഐയും ഇക്കാര്യത്തിൽ വിശദമായ അന്വേഷണത്തിന് നടപടി തുടങ്ങി.
ആയിരക്കണക്കിന് ആളുകളുടെ പേരിൽ വ്യാജ രേഖകൾ ചമച്ചാണ് തട്ടിപ്പു നടത്തിയതെന്നാണ് സിബിയുടെ കണ്ടെത്തൽ. രോഗിയുടെ പേരും മൊബൈൽ നമ്പറും രേഖപ്പെടുത്തുന്ന ലാബ് മാനേജ്‌മെന്റ് ഇൻഫർമേഷൻ സിസ്‌റ്റത്തിൽ രണ്ടു ലാബുകളും ചേർന്ന് കൃത്രിമം കാണിച്ചതായി സംശയമുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. രേഖകളിൽ ഉൾപ്പെടുത്തിയ രോഗികളുടെ ഫോൺ നമ്പറുകളിൽ പലതും നിലവിൽ ഇല്ലാത്തതാണെന്ന് കണ്ടെത്തി. ചില മൊബൈൽ നമ്പറുകൾ ആവർത്തിച്ച് രേഖപ്പെടുത്തിയിട്ടുമുണ്ട്.
മൊഹല്ല ക്ലിനിക്കുകളിൽ 100 മുതൽ 300 രൂപവരെ ഈടാക്കിയാണ് ലാബ് പരിശോധനകൾ നടത്തുന്നത്. മൊഹല്ല ക്ലിനിക്കിൽ എത്തുന്നവരുടെ പരിശോധനകൾ സ്വകാര്യ ലാബുകളിൽ നടത്താൻ സംസ്‌ഥാന സർക്കാർ നൽകിയ അനുമതിയുടെ മറവിൽ വൻ തട്ടിപ്പു നടന്നതായാണ് സൂചനയെന്ന് എസിബി വ്യക്തമാക്കി.