ADVERTISEMENT

കപ്പൽചാലിലേക്കു കണ്ണുംനട്ടിരിക്കുന്ന തൊഴിലാളികളുടെ സങ്കേതമാണ് ബേപ്പൂർ തുറമുഖം. ചരക്കെന്തെങ്കിലും വരുമെന്നു പ്രതീക്ഷിച്ച് കരയ്ക്കടുപ്പിച്ചിരിക്കുന്ന ഉരുക്കൾ ഒരു ഭാഗത്ത്. പല ഉരുക്കളും ഒരാഴ്ചയിലധികമായി ഈ കിടപ്പ് തുടങ്ങിയിട്ട്. ഇതിനിടെയാണ് ബേപ്പൂരിന് ഐഎസ്പിഎസ് (ഇന്റർനാഷനൽ ഷിപ്പ് ആൻഡ് പോർട്ട് ഫെസിലിറ്റി സെക്യൂരിറ്റി) കോഡ് സ്ഥിരമായി ലഭിച്ചത്. നേരത്തേ താൽക്കാലികമായി ലഭിച്ചിരുന്ന ഐഎസ്പിഎസ് കോഡാണ് ഇപ്പോൾ സ്ഥിരമായത്. ഒരു ഉരു പോലും വിദേശത്തേക്കു ചരക്കുമായി പോകാത്ത ബേപ്പൂരിന് ഐഎസ്പിഎസ് കോഡ് കിട്ടിയിട്ട് എന്താണ് കാര്യം എന്നാണ് ഇവിടുത്തെ തൊഴിലാളികൾ ചോദിക്കുന്നത്.

ഒരു കാലത്ത് കേരളത്തിലെ സുപ്രധാന തുറമുഖമായിരുന്ന ബേപ്പൂർ നിലവിൽ കടൽക്കാറ്റേറ്റ് ഗതകാല സ്മരണകൾ അയവിറക്കി മയക്കത്തിലാണ്. തുരുമ്പിച്ച ക്രെയിനും വലിയ യന്ത്രങ്ങളും വെയിലേറ്റ് കിടക്കുന്നു. കോഴിക്കോട് നഗരം അതിവേഗം വികസിച്ചെങ്കിലും തുറമുഖത്തിനു മാത്രം അതുണ്ടായില്ല. 

∙ എന്താണ് ഐഎസ്പിഎസ് കോഡ്

മറ്റു രാജ്യങ്ങളിൽനിന്നു ചരക്കുമായി വരുന്ന കപ്പലുകള്‍ അടുക്കുന്നതിനുള്ള അനുമതിയാണ് ഐഎസ്പിഎസ് കോഡ്. കേന്ദ്ര ഷിപ്പിങ് മന്ത്രാലയം നിഷ്കര്‍ഷിച്ച നിബന്ധനകള്‍ പൂര്‍ത്തിയാക്കിയ പശ്ചാത്തലത്തിലാണ് ബേപ്പൂരിന് ഈ അനുമതി ലഭിച്ചത്. എന്നാൽ ഇവിടെനിന്നു മറ്റു രാജ്യങ്ങളിലേക്ക് ചരക്കുമായി കപ്പലുകളോ ഉരുക്കളോ നിലവിൽ പോകുന്നില്ല. അതുകൊണ്ട് ഐഎസ്പിഎസ് അനുമതി ലഭിച്ചതുകൊണ്ട് മാത്രം യാതൊരു പ്രയോജനവുമില്ലെന്നാണ് തുറമുഖത്തെ തൊഴിലാളികൾ പറയുന്നത്.

പ്രവർത്തനരഹിതമായി കിടക്കുന്ന യന്ത്രം
പ്രവർത്തനരഹിതമായി കിടക്കുന്ന യന്ത്രം

ഇത്രയും കാലം ബേപ്പൂർ തുറമുഖത്തെ കസ്റ്റംസിന്റെ ഇഡിഐ (ഇലക്ട്രോണിക് ‌ഡേറ്റ ഇന്റർചേഞ്ച്) ഓൺലൈൻ സിസ്റ്റത്തിൽ രേഖപ്പെടുത്തിയിരുന്നില്ല. അടുത്ത കാലത്താണ് ബേപ്പൂരിനെ ഈ സംവിധാനത്തിൽ രേഖപ്പെടുത്തിയത്. ഇഡിഐയിലൂടെ മറ്റു രാജ്യങ്ങളിലേക്ക് പോകാൻ കപ്പലുകൾക്ക് മാത്രമേ അനുമതി ലഭിക്കുകയുള്ളു. ഉരുക്കൾക്ക് ഇതിലൂടെ നിലവിൽ അനുമതി ലഭിക്കാത്ത സാഹചര്യമാണ്. അങ്ങനെ വരുന്ന സാഹചര്യത്തിൽ ഇഡിഐയിലൂടെ റജിസ്റ്റർ ചെയ്യുന്ന ഉരുക്കൾക്ക് ഒരു റൊട്ടേഷൻ നമ്പർ ലഭിക്കും. ഈ നമ്പർ രേഖപ്പെടുത്തിയ അപേക്ഷയുമായി കസ്റ്റംസ് ഓഫിസിൽ നേരിട്ട് അപേക്ഷ നൽകണം. അപേക്ഷ നൽകിയാൽ, മറ്റു രാജ്യത്തേക്ക് ചരക്കുമായി പോകാൻ  കസ്റ്റംസ് കമ്മിഷണർ അനുമതി നൽകും. 

ബേപ്പൂർ തുറമുഖം ഏറ്റവും വലിയ പ്രശ്നം നേരിടുന്നത് ഇവിടെയാണ്. ഇത്തരം അനുമതിക്കായി മാനാഞ്ചിറയിലെ കസ്റ്റംസ് ഓഫിസിലോ കരിപ്പൂർ വിമാനത്താവളത്തിലെ ഓഫിസിലോ പോകണം. അവിടെനിന്ന് അനുമതി ലഭിക്കാൻ ദീർഘനാളത്തെ കാത്തിരിപ്പു വേണ്ടി വരും. കഴിഞ്ഞ ഒക്ടോബറിൽ ഒരു ഉരു ബേപ്പൂരിൽനിന്നു ദുബായിലേക്കു ചരക്കുമായി പോകാൻ അനുമതി തേടി. കസ്റ്റംസ് ഓഫിസിൽ നിന്നുള്ള അനുമതിക്കായി രണ്ടു മാസം കാത്തിരുന്നു. അനുമതി ലഭിക്കാൻ കാലതാമസം വന്നതോടെ, ചരക്കില്ലാതെ കാലിയായി പോകാൻ അനുമതി േതടി. അതിനുള്ള അനുമതിക്ക് ഒരു മാസം കൂടി കാത്തിരിക്കേണ്ടി വന്നു കൊണ്ടോട്ടി സ്വദേശിയായ ഉരു ഉടമയ്ക്ക്. 

അതേസമയം മറ്റു രാജ്യങ്ങളിൽനിന്ന് ഇവിടേക്ക് ചരക്കുമായി വരുന്നതിന് ഇത്രയേറെ സാങ്കേതിക പ്രശ്നങ്ങളില്ല. ബേപ്പൂരുനിന്ന് കാലിയായി തിരിച്ചു പോകുന്നത് വൻ നഷ്ടമായതിനാൽ ഉരു ഉടമകൾ അതിന് മെനക്കെടാറില്ല. അതേസമയം മംഗളൂരു പോലുള്ള തുറമുഖങ്ങളിൽ നിന്ന് പോകുന്ന ഉരുക്കൾക്ക് വളരെ പെട്ടെന്നു തന്നെ അനുമതി ലഭിക്കുന്നുമുണ്ട്. മംഗളൂരു പോലുള്ള തുറമുഖങ്ങളോട് ചേർന്ന് കസ്റ്റംസ് ഓഫിസ് പ്രവർത്തിക്കുന്നതിനാൽ നടപടികൾ ദിവസങ്ങൾക്കുള്ളിൽ പൂർത്തിയാക്കാൻ സാധിക്കും. രണ്ടു വർഷത്തോളമായി കസ്റ്റംസിന് ബേപ്പൂരിൽ ഓഫിസ് അനുവദിച്ചിട്ട്. എന്നാൽ അവിടേക്ക് ജീവനക്കാരൊന്നും വന്നില്ല. ബേപ്പൂരിൽനിന്ന് ഉരുക്കളുടെ രാജ്യാന്തര ഗതാഗതം നിലവിൽ വലിയ പ്രതിസന്ധിയിലാണ്. ബേപ്പൂരു നിന്ന് ലക്ഷദ്വീപിലേക്കു മാത്രമാണ് ഉരുക്കൾ ചരക്കുമായി പോകുന്നത്. 

∙ ആഴമില്ലാത്ത കപ്പൽചാൽ

ചരക്ക് കയറ്റാൻ കാത്തു കിടക്കുന്ന ഉരു
ചരക്ക് കയറ്റാൻ കാത്തു കിടക്കുന്ന ഉരു

400 ടൺ വരെ കയറ്റാവുന്ന ഉരുക്കളാണ് ബേപ്പൂരിലുള്ളത്. 2000 ടൺ വരെ കയറ്റുന്ന കപ്പലുകൾക്ക് ബേപ്പൂരിലേക്കു വരാം. 2000 ടണ്ണിന്റെ കപ്പൽ വരുന്നതും 5000 ടണ്ണിന്റെ കപ്പൽ വരുന്നതും തമ്മിൽ ചെലവിൽ വലിയ അന്തരമില്ല. പക്ഷേ 5000 ടണ്ണിന്റെ കപ്പലുകൾ വരുന്നതിനാവശ്യമായ സൗകര്യം ബേപ്പൂരിലില്ല. അതിനാൽ കപ്പലുകൾക്കൊന്നും ബേപ്പൂരിനോട് താൽപര്യമില്ല. ബേപ്പൂർ തുറമുഖത്തിന് മൂന്ന് മീറ്ററോളമാണ് ആഴം. അതിനു താഴെ െചങ്കൽപാറയാണ്.   

കഴിഞ്ഞ വർഷം മേയിൽ കേരള മാരിടൈം ബോർഡിന്റെ നിയന്ത്രണത്തിൽ ബേപ്പൂർ തുറമുഖത്ത് ആഴംകൂട്ടാൻ ആരംഭിച്ചെങ്കിലും ജൂണിൽ പ്രതികൂല കാലാവസ്ഥയെത്തുടർന്ന്‌ നിർത്തിവച്ചു. ചാലിയാറിന്റെ കുത്തൊഴുക്കിനെത്തുടർന്നാണ് കൊച്ചിയിലെ വെസ്റ്റ് കോസ്റ്റ് ഡ്രഡ്ജിങ് കമ്പനി ആഴം കൂട്ടൽ നിർത്തിയത്. ചെങ്കൽപ്പാറകൾ തുറമുഖ ബേസിനിൽനിന്നു പൊളിച്ചുനീക്കുന്ന പ്രവർത്തനവും മണ്ണുമാന്തലും പുരോഗമിക്കുന്നതിനിടയിലാണ് കാലവർഷം ശക്തിപ്പെട്ടത്. ബേപ്പൂർ വാർഫ് മുതൽ കടലിലേക്ക് കാപ്പിറ്റൽ ഡ്രഡ്ജിങ് നടത്താനായിരുന്നു ശ്രമം. 

ബേപ്പൂരിലേക്ക് കൂടുതൽ കണ്ടെയ്നറുകൾ എത്തിക്കുന്നതിന് സർക്കാർ തലത്തിൽ നീക്കം നടത്തിയിരുന്നു. കണ്ടെയ്നറുകൾക്ക് സർക്കാർ ഇൻസെന്റീവ് പ്രഖ്യാപിച്ചു. ഇതോടെ കൊച്ചിയിൽനിന്നും മറ്റും കണ്ടെയ്നറുകൾ എത്താൻ തുടങ്ങി. ഇതിനിടെ സർക്കാർ ഇൻസെന്റീവ് നിർത്തലാക്കി. അതോടെ കണ്ടെയ്നറുകളുടെ വരവും നിലച്ചു. കണ്ടെയ്നറുകൾ സ്ഥിരമായി ബേപ്പൂരിലേക്കെത്തിക്കാനുള്ള സർക്കാരിന്റെ നീക്കം പരാജയപ്പെട്ടു. ഇൻസെന്റീവ് നൽകിയ വകയിൽ സർക്കാരിന് കോടികൾ നഷ്ടമായത് മിച്ചം. 

∙ പണിയില്ലാതെ തൊഴിലാളികൾ

200 തൊഴിലാളികളാണ് ബേപ്പൂർ തുറമുഖത്ത് ജോലി ചെയ്യുന്നത്. നിലവിൽ 300 രൂപ പോലും ദിവസക്കൂലി ലഭിക്കാത്ത സാഹചര്യമാണെന്ന് തൊഴിലാളികൾ പറഞ്ഞു. ലക്ഷദ്വീപിലേക്കായിരുന്നു കൂടുതലും ചരക്ക് കൊണ്ടുപോയിരുന്നത്. നിർമാണ സാമഗ്രികൾ ഉൾപ്പെടെ പല സാധനങ്ങളും ബേപ്പൂരു നിന്നും കയറ്റിപ്പോയിരുന്നു. അതിനിടെയാണ് ലക്ഷദ്വീപിൽ പുതിയ അഡ്മിനിസ്ട്രേറ്റർ വന്നതും നിർമാണ പ്രവർത്തനങ്ങൾക്കുൾപ്പെടെ നിയന്ത്രണം വന്നതും. ഇത് സാരമായി ബാധിച്ചത് ബേപ്പൂർ തുറമുഖത്തെയാണ്. 

ഉപയോഗിക്കാതെ കിടക്കുന്ന ക്രയ്ൻ
ഉപയോഗിക്കാതെ കിടക്കുന്ന ക്രയ്ൻ

ലക്ഷദ്വീപിലെ കവരത്തി, മിനിക്കോയ്, ആന്ത്രോത്ത്, കൽപേനി, അമിനി, അഗത്തി, കിൽത്താൻ, കടമത്ത് തുടങ്ങിയ ദ്വീപുകളിലേക്കുള്ള കരിങ്കല്ല്, ജെല്ലി(മെറ്റൽ), എംസാൻഡ്, മണൽ തുടങ്ങിയവ പ്രധാനമായും ബേപ്പൂരിൽ നിന്നായിരുന്നു കൊണ്ടുപോയിരുന്നത്. സീസണിൽ ലക്ഷദ്വീപിൽ നിർമാണ പ്രവൃത്തികൾക്ക് കാര്യമായ കരാർ നൽകാത്തതും ബേപ്പൂരിൽനിന്നു നിർമാണ വസ്തുക്കൾ കൊണ്ടു പോകുന്നതിനുള്ള ചെലവു കൂടിയതും കരാറുകാരെ പിന്നോട്ടുവലിച്ചു. അഗത്തി ദ്വീപിൽ വിമാനത്താവള അറ്റകുറ്റപ്പണിക്ക് കരാർ നൽകിയിട്ടുണ്ടെങ്കിലും അവിടേക്ക് വേണ്ട നിർമാണ വസ്തുക്കൾ മംഗളൂരു തുറമുഖം വഴിയാണ് കൊണ്ടു പോകുന്നത്. 

രണ്ടു ദിവസം കൊണ്ട് ചരക്കു നിറച്ച് പോകാൻ സാധിക്കുമായിരുന്ന ഉരു ഇപ്പോൾ ഒരാഴ്ച കിടന്നാലും ചരക്ക് നിറയാത്ത അവസ്ഥയാണെന്ന് തൊഴിലാളിയായ നദീർ പറഞ്ഞു. ഒരു ദിവസം അഞ്ച് ഉരു വരെ ചരക്ക് നിറച്ച് പോയിരുന്ന സമയുണ്ടായിരുന്നു എന്നാൽ ഇപ്പോൾ ആഴ്ചയിൽ ഒന്നു പോലും നിറയ്ക്കാനാകാത്ത സാഹചര്യമായെന്നും നദീർ പറഞ്ഞു. കേന്ദ്രസർക്കാരിന്റെ സാഗർമാല പദ്ധതിയിൽ ഉൾപ്പെടുത്തിയാലേ ബേപ്പൂർ തുറമുഖം രക്ഷപ്പെടൂ എന്നാണ് നദീർ പറയുന്നത്. കേരള സർക്കാരിന് തുറമുഖത്തിനു വേണ്ടി ചെലവഴിക്കാൻ സാധിക്കുന്ന പണത്തിന് പരിമിതികൾ ഉണ്ടെന്നും അദ്ദേഹം പറയുന്നു.   

പൂട്ടിക്കിടക്കുന്ന കസ്റ്റമസ് ഓഫീസ്
പൂട്ടിക്കിടക്കുന്ന കസ്റ്റമസ് ഓഫീസ്

എട്ടു മാസം മാത്രമാണ് തുറമുഖത്ത് പ്രധാനമായും പണി നടക്കുന്നത്. മഴക്കാലമാകുന്നതോടെ മേയ് 15 മുതൽ സെപ്റ്റംബർ 15 വരെ തുറമുഖത്ത് ഉരുക്കൾ അടുപ്പിക്കാൻ അനുമതി നൽകാറില്ല. അതേസമയം കപ്പലുകൾക്ക് വരാം. എന്നാൽ ബേപ്പൂരിലേക്ക് കപ്പലുകൾ സാധാരണഗതിയിൽ വരാത്തതിനാൽ നാലു മാസം തൊഴിലാളികൾക്ക് പണിയുണ്ടാകില്ല. ചരക്കു നീക്കം വൻതോതിൽ ഇടിഞ്ഞതോടെ എല്ലാ മാസവും പട്ടിണി മാസമായി മാറിയിരിക്കുകയാണ്. ആഴം വർധിപ്പിച്ചാൽ മാത്രമേ ബേപ്പൂർ തുറമുഖത്തിന് പുരോഗതിയുണ്ടാകൂവെന്ന് 20 വർഷമായി ഇവിടെ ജോലി ചെയ്യുന്ന മുഹമ്മദ് ബഷീർ പറഞ്ഞു.    

∙ രക്ഷപ്പെടുമോ ബേപ്പൂർ?

ഐഎസ്പിഎസ് അംഗീകാരം സ്ഥിരമായി ലഭിച്ചത് വലിയ മുതൽക്കൂട്ടാകുമെന്നാണ് തുറമുഖം മന്ത്രി വി.എൻ.വാസവൻ പറഞ്ഞത്. വി.എന്‍.വാസവന്‍റെയും പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസിന്‍റെയും നേതൃത്വത്തില്‍ പ്രത്യേക യോഗം ചേര്‍ന്ന് ബേപ്പൂര്‍ തുറമുഖത്തിന്‍റെ തുടര്‍ വികസനം സംബന്ധിച്ച ചര്‍ച്ച നടത്തിയിരുന്നു. തുറമുഖത്തിന്‍റെ വികസനം ഉറപ്പാക്കാന്‍ തുറമുഖ വകുപ്പ് എല്ലാ ശ്രമങ്ങളും നടത്തുമെന്ന് വാസവൻ അറിയിച്ചു. തുറമുഖത്തിന്‍റെ ഡ്രഡ്ജിങ്ങിനുള്ള സാങ്കേതികാനുമതി പുതുക്കി നല്‍കി പ്രവൃത്തി വേഗം ആരംഭിക്കും. പാറയുടെ സാന്നിധ്യം കാരണം പ്രവൃത്തി റീ ടെൻഡര്‍ ചെയ്യുമെന്നും മന്ത്രി അറിയിച്ചു. അതിനുള്ള നടപടികൾ വേഗം പൂർത്തിയാക്കാൻ സർക്കാർ തലത്തിൽ നീക്കം നടക്കുന്നുണ്ട്.

English Summary:

Beypore Port's ISPS Code Permanency: A Beacon of Hope or Mere Facade?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com