ADVERTISEMENT

ന്യൂഡൽഹി∙ രണ്ടാം നരേന്ദ്ര മോദി സർക്കാരിന്റെ അവസാന പാർലമെന്റ് സമ്മേളനത്തിൽ രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചർച്ചയിൽ പ്രധാനമന്ത്രിയുടെ മറുപടി പ്രസംഗം തിങ്കളാഴ്ച. സഭയിൽ മോദി  പ്രസംഗിക്കുന്ന ദിവസം എല്ലാ അംഗങ്ങളും ഹാജരാകണമെന്ന് ബിജെപി നിർദേശം നൽകി. ലോക്സഭാ എംപിമാർക്ക് പാർട്ടി വിപ്പും നൽകിയിട്ടുണ്ട്.

Read also: ‘സ്വാതന്ത്ര്യാനന്തരം ഭരിച്ചവർ സ്വന്തം സംസ്‌കാരത്തിൽ ലജ്ജിച്ചു; ആരാധനാലയങ്ങളുടെ പ്രാധാന്യം മനസ്സിലാക്കിയില്ല’

ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, കേന്ദ്രസർക്കാരിന്റെ 10 വർഷത്തെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞുള്ള പ്രസംഗമാകും പ്രധാനമന്ത്രി നടത്തുകയെന്നാണ് കരുതുന്നത്. ‘ഇന്ത്യ’ മുന്നണിയിൽ ഭിന്നത രൂക്ഷമായിരിക്കെ പ്രതിപക്ഷത്തെ കടന്നാക്രമിക്കാനും സാധ്യതയുണ്ട്.

ബുധനാഴ്ചയാണ് രാഷ്ട്രപതി ദ്രൗപദി മുർമു ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്തത്. വ്യാഴാഴ്ച ഇടക്കാല ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചു. തുടർന്ന് ലോക്‌സഭയിലും രാജ്യസഭയിലും നന്ദിപ്രമേയ ചർച്ച നടന്നു. നന്ദിപ്രമേയ ചർച്ചയിൽ പല എംപിമാരും വിട്ടുനിന്നതിനെ തുടർന്നാണ് പ്രധാനമന്ത്രി മറുപടി പ്രസംഗം നടത്തുന്ന ദിവസം സഭയിൽ ഹാജരാകാൻ ബിജെപി വിപ്പ് നൽകിയത്.

പാർലമെന്റ് സമ്മേളനത്തിനു തുടക്കം കുറിച്ച് ഒന്നേകാൽ മണിക്കൂറോളം നടത്തിയ പ്രസംഗത്തിൽ കേന്ദ്രസർക്കാരിന്റെ കഴിഞ്ഞ 10 വർഷത്തെ നേട്ടങ്ങളാണു രാഷ്ട്രപതി പരാമർശിച്ചത്. എല്ലാവരെയും ഉൾക്കൊള്ളുന്ന, എല്ലാവർക്കും തുല്യാവസരങ്ങളുള്ള ഭരണമുറപ്പാക്കാൻ കേന്ദ്രസർക്കാർ പ്രതിജ്ഞാബദ്ധമാണെന്നാണും രാഷ്ട്രപതി പ്രഖ്യാപിച്ചു. രാജ്യത്തെ ജനങ്ങളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുമെന്ന ഉറപ്പാണ് സർക്കാരിന്റെ മുഖമുദ്ര.

യുവശക്തി, നാരീശക്തി, കർഷകർ, ദരിദ്രർ എന്നിവരാണ് പുരോഗതിയുടെ 4 സ്തംഭങ്ങൾ. അവരെ ശാക്തീകരിക്കാനുള്ള ശ്രമങ്ങൾ സർക്കാർ ഊർജിതമാക്കും. രാജ്യത്തെ സമ്പദ് വ്യവസ്ഥയെ ചലനാത്മകമാക്കിയ സർക്കാർ ആദിവാസികളടക്കമുള്ള പിന്നാക്ക വിഭാഗങ്ങൾക്കു തുല്യനീതി ഉറപ്പാക്കി. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കു കൂടി സംവരണം നടപ്പാക്കിയതു വലിയ ചുവടുവയ്പായെന്നും രാഷ്ട്രപതി പറഞ്ഞിരുന്നു.

English Summary:

BJP Issues 3-Line Whip to MPs Ahead of PM's Reply to The Motion of Thanks In Lok Sabha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com