ADVERTISEMENT

കൊച്ചി∙ തിരക്കേറിയ റൂട്ടുകളിൽ കൂടുതൽ സർവീസുകൾ ഏർപ്പെടുത്താനും പ്രാദേശിക റൂട്ടുകൾ തുടങ്ങാനുമുള്ള  കൊച്ചിൻ ഇന്റർനാഷനൽ എയർപോർട്ട് ലിമിറ്റഡിന്റെ (സിയാൽ) നീക്കത്തിന് എയർലൈനുകളിൽ നിന്ന് മികച്ച പ്രതികരണം. ലക്ഷദ്വീപിലെ അഗത്തിയിലേക്കുള്ള വിമാനസർവീസുകളുടെ എണ്ണം ഇരട്ടിയാകും. ഗൾഫിലെ പല നഗരങ്ങളിലേക്കും കൂടുതൽ സർവീസുകൾ നടത്തും. വിമാനങ്ങളുടെ എണ്ണം കൂടുന്നത് ടിക്കറ്റ് നിരക്ക് ഗണ്യമായി കുറയ്ക്കും.

നിലവിൽ ഇന്ത്യയിൽ ലക്ഷദ്വീപിലെ അഗത്തിയിലേക്ക് കൊച്ചിയിൽനിന്നു മാത്രമാണ് വിമാന സർവീസുള്ളത്. അലയൻസ് എയർ ആഴ്ചയിൽ ഏഴു സർവീസ് ഇവിടേക്കു നടത്തുന്നുണ്ട്. അത് ഒൻപത് ആകും. കൂടാതെ ഏപ്രിൽ മുതൽ ഇൻഡിഗോയും അഗത്തിയിലേക്ക് സർവീസ് നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. ബെംഗളൂരുവിലേക്ക് നിലവിൽ പ്രതിവാരം 97 സർവീസുകളുണ്ട്. ഇൻഡിഗോയും എയർ ഇന്ത്യ എക്‌സ്പ്രസും ആകാശ് എയറും 14 പ്രതിവാര സർവീസുകൾ അധികമായി നടത്തും. ഇതോടെ കൊച്ചി-ബെംഗളൂരു സെക്ടറിൽ പ്രതിദിനം ശരാരി 16 വിമാനങ്ങൾ സർവീസ് നടത്തും.

ഹൈദരാബാദിലേയ്ക്ക് 54ലും ഡൽഹിയിലേയ്ക്ക് 77ഉം മുംബൈയിലേയ്ക്ക് 80ഉം പ്രതിവാര സർവീസുകളുണ്ട്. എയർ ഇന്ത്യ എക്സ്പ്രസ് ഹൈദരാബാദിലേക്കും എയർ ഇന്ത്യ മുംബൈ, ഡൽഹി എന്നിവിടങ്ങളിലേയ്ക്കും അധിക സർവീസുകൾ തുടങ്ങുന്നുണ്ട്. അലയൻസ് എയറിന്റെ കണ്ണൂർ, തിരുപ്പതി, മൈസൂർ പ്രാദേശിക സർവീസുകളും ഉടനെ ആരംഭിക്കും.

അബുദാബി, ദുബായ്, ഷാർജ എന്നിവയടങ്ങിയ യുഎഎ മേഖലയിലേക്ക് നിലവിൽ കൊച്ചിയിൽ നിന്ന് 114 സർവീസുകളുണ്ട്. അബുദാബിയിലേക്ക് എത്തിഹാദും എയർ അറേബ്യയും അധിക സർവീസുകൾ നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. ബാങ്കോക്കിലെ ഡോൺ മുവാങ്ങ് വിമാനത്താവളത്തിലേക്ക് നിലവിൽ എയർ ഏഷ്യ 7 പ്രതിവാര സർവീസുകൾ നടത്തുന്നുണ്ട്. മാർച്ച് 31ന് തായ് എയർവേസിന്റെ പ്രീമിയം വിമാന സർവീസ് ബാങ്കോക്കിലെ സുവർണഭൂമി വിമാനത്താവളത്തിലേയ്ക്ക് ആഴ്ചയിൽ 3 സർവീസുകൾ നടത്തും. ഓസ്ട്രലിയ, ന്യൂസിലൻഡ് എന്നിവിടങ്ങളിലേയ്ക്കുള്ള ട്രാൻസിറ്റ് യാത്രക്കാർക്ക് അതിവേഗം യാത്ര തുടരാൻ ഇതു സഹായകമാകും. ബാത്തിക് എയറും ബാങ്കോക്കിലേയ്ക്ക് 3 പ്രതിവാര സർവീസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

മലേഷ്യയിലെ ക‌്വാലലംപുരിലേക്ക് ആഴ്ചയിൽ 26 സർവീസുകളുണ്ട്. മലേഷ്യ എയർലൈൻസ്, ബാത്തിക് എയർ, എയർ ഏഷ്യ എന്നീ എയർലൈനുകളാണ് ക്വാലലംപുരിലേക്ക് സർവീസ് നടത്തുന്നത്. എയർ ഏഷ്യ എയർലൈൻ അധിക സർവീസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതു കൂടി ചേരുമ്പോൾ കൊച്ചി-ക്വാലലംപുർ പ്രതിവാര സർവീസുകളുടെ എണ്ണം 30 ആയി ഉയരും. മാർച്ച് മാസത്തോടെ കൊച്ചിയിൽ പ്രതിദിന സർവീസുകൾ 185 ആയി ഉയരും. 2023ൽ ഒരു കോടി യാത്രക്കാർ സിയാൽ വഴി കടന്നുപോയിരുന്നു. യാത്രക്കാരുടെ എണ്ണത്തിൽ 17 ശതമാനം വളർച്ചയാണ് ഈ വർഷം പ്രതീക്ഷിക്കുന്നത്.

English Summary:

Kochi Airport Expands Services: Cheaper Flights and More Destinations on the Horizon

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com