പാണക്കാട് സാദിഖലി തങ്ങളുടെ അയോധ്യ പരാമർശം സദുദ്ദേശ്യപരം, ദുർവ്യാഖ്യാനം ചെയ്യേണ്ടതില്ല: കുഞ്ഞാലിക്കുട്ടി
Mail This Article
മലപ്പുറം: അയോധ്യ വിഷയവുമായി ബന്ധപ്പെട്ട് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നടത്തിയ പരാമർശം ദുർവ്യാഖ്യാനം ചെയ്യേണ്ടതില്ലെന്ന് മുസ്‍ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി. അയോധ്യയെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കാനാണ് ബിജെപി ശ്രമമെന്നും ഈ കെണിയിൽ ആരും വീഴരുതെന്നുമാണ് സാദിഖലി തങ്ങള്‍ സവിസ്തരം നടത്തിയ പ്രസംഗത്തിൽ പറഞ്ഞത്. ബാബറി മസ്ജിദുമായി ബന്ധപ്പെട്ട് മുൻപും ലീഗ് സഹിഷ്ണുതയുടെ മാർഗമാണ് തിരഞ്ഞെടുത്തതെന്നും സദുദ്ദേശ്യത്തോടെയാണ് തങ്ങൾ അത് പറഞ്ഞതെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
Read Also: ഗോഡ്സെയെ മഹത്വവത്കരിച്ച എൻഐടി പ്രഫസറുടെ നിലപാട് അപമാനകരം: മന്ത്രി ആർ. ബിന്ദു
അയോധ്യയിലെ രാമക്ഷേത്രവും നിർമിക്കാൻ പോവുന്ന മസ്ജിദും മതേതരത്വത്തെ ശക്തിപ്പെടുത്തുന്നതാണെന്നായിരുന്നു സാദിഖലി തങ്ങൾ മുസ്‌ലിം ലീഗ് പരിപാടിയിൽ പ്രസംഗിച്ചത്. രാമക്ഷേത്രം രാജ്യത്തെ വലിയൊരു വിഭാഗം ജനങ്ങളുടെ വിശ്വാസത്തിന്റെ ഭാഗമാണ്. അത് രാജ്യത്തെ ബഹുഭൂരിപക്ഷത്തിന്റെയും ആവശ്യമാണ്. അതിൽ പ്രതിഷേധിക്കേണ്ട കാര്യമില്ല. ബഹുസ്വര സമൂഹത്തിൽ ഓരോരുത്തരുടെയും വിശ്വാസം അനുസരിച്ച് ജീവിക്കാൻ നമ്മുടെ രാജ്യത്ത് സ്വാതന്ത്ര്യമുണ്ടെന്നുമായിരുന്നു സാദിഖലി തങ്ങളുടെ പരാമർശം.
ബാബറി മസ്ജിദ് തകർത്തതിൽ അക്കാലത്ത് നമുക്ക് പ്രതിഷേധമുണ്ടായിരുന്നു. അതിനെ സഹിഷ്ണുതയോടെ നേരിടാൻ ഇന്ത്യൻ മുസ്ലിംകൾക്ക് കഴിഞ്ഞു. മുസ്ലിംകൾ സെൻസിറ്റീവായും ഊർജസ്വലമായും ജീവിക്കുന്ന കേരളത്തിലാണ് സഹിഷ്ണുതയുടെ മാതൃക രാജ്യത്തിന് കാണിച്ചുകൊടുത്തത്. തകർപ്പെട്ടത് അയോധ്യയിലെ ബാബറി മസ്ജിദാണെങ്കിലും രാജ്യം മൊത്തം ഉറ്റുനോക്കിയത് കേരളത്തിലേക്കായിരുന്നു. അയോധ്യയിൽ കർസേവകരും ചില ഭീകരവാദികളും അസഹിഷ്ണുതയുടെ കതിന പൊട്ടിച്ചപ്പോൾ കേരളത്തിൽ സമാധാനത്തിന്റെ പൂത്തിരി കത്തുന്നുണ്ടോ എന്നാണ് രാജ്യം ഉറ്റുനോക്കിയതെന്നും സാദിഖലി തങ്ങൾ പറഞ്ഞു.