‘എന്‍ നെഞ്ചില്‍ കുടിയിരുക്കും തോഴര്‍കളെ’: ആരാധകർക്ക് പുതിയ വിശേഷണവുമായി വിജയ്
Mail This Article
ചെന്നൈ∙ സിനിമ പ്രമോഷൻ വേദികളിലും ഫാൻസ് അസോസിയേഷൻ വേദികളിലും ആരാധകരോട് സംസാരിക്കുമ്പോൾ പതിവായി ഉപയോഗിച്ചിരുന്ന അഭിസംബോധനയിൽ മാറ്റം വരുത്തി ഇളയദളപതി വിജയ്. ‘എന്‍ നെഞ്ചില്‍ കുടിയിരുക്കും രസികര്‍കളെ’ എന്നാണ് ഇക്കാലമത്രയും അദ്ദേഹം ആരാധകരെ അഭിസംബോധന ചെയ്തിരുന്നത്. എന്നാൽ പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചതിനു ശേഷം ‘എന്‍ നെഞ്ചില്‍ കുടിയിരുക്കും തോഴര്‍കളെ’ എന്നാണ് താരത്തിന്റെ പുതിയ അഭിസംബോധന.
രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചശേഷം വിജയ് പുറത്തിറക്കിയ പ്രസ്താവനയിലെ അഭിസംബോധനയിലുണ്ടായ മാറ്റം ഏവരും ശ്രദ്ധിച്ചു. പുതിയ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ ഔദ്യോഗിക ലെറ്റർ പാഡിൽ പുറത്തിറക്കിയ കുറിപ്പിൽ തന്റെ രാഷ്ട്രീയ യാത്രയിൽ ആശംസ അറിയിച്ച എല്ലാവരോടും നന്ദി അറിയിക്കുകയാണ് അദ്ദേഹം. അക്കൂട്ടത്തിൽ ആരാധകരെ അഭിസംബോധന ചെയ്യുന്നിടത്താണ് രസികര്‍കളെ എന്ന വാക്കിനു പകരം തോഴർകളെ എന്നു ഉപയോഗിച്ചിരിക്കുന്നത്. ഇനി ആരാധകരെ വിജയ് ഇങ്ങനെയാകുമോ അഭിസംബോധന ചെയ്യുക എന്നാണ് സാമൂഹ്യ മാധ്യമങ്ങളിലെ പുതിയ ചർച്ച.
രാഷ്ട്രീയത്തിൽ പ്രവേശിക്കുമെന്ന ഏറെക്കാലം നീണ്ട അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് വെളളിയാഴ്ചയാണ് വിജയ് രാഷ്ട്രീയ പാർട്ടിയുടെ പ്രഖ്യാപനം നടത്തിയത്. രണ്ടു വർഷത്തിനു ശേഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തമിഴ്നാട് ഭരണം പിടിക്കുകയാണ് പാർട്ടിയുടെ ലക്ഷ്യം. ലോക്സഭാ തിരഞ്ഞെടുപ്പിൽ തമിഴക വെട്രി കഴകം മത്സരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.