ജയിലിൽ 36 തടവുകാർക്ക് കൂടി എച്ച്ഐവി ബാധ; രോഗബാധിതരുടെ എണ്ണം 63, ആശങ്ക
Mail This Article
ലക്‌നൗ∙ ഉത്തർപ്രദേശിലെ ലക്‌നൗ ജില്ലാ ജയിലിൽ പുതുതായി 36 തടവുകാർക്കു കൂടി എച്ച്ഐവി ബാധിച്ചതായി കണ്ടെത്തി. കഴിഞ്ഞ ഡിസംബറിൽ ജയിലിൽ നടത്തിയ ആരോഗ്യ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ എച്ച്ഐവി ബാധിതരായ തടവുകാരുടെ എണ്ണം 63 ആയെന്നു ജയിൽ അധികൃതർ പറഞ്ഞു. കഴിഞ്ഞ സെപ്‌റ്റംബർ മുതൽ ജയിലിൽ എച്ച്ഐവി പരിശോധനാ കിറ്റുകൾ ലഭ്യമല്ലായിരുന്നു.
വൈകിയ എച്ച്ഐവി പരിശോധന കഴിഞ്ഞ ഡിസംബറിലാണ് നടത്താനായത്. ലഹരിമരുന്നുകൾക്ക് അടിമകളായ തടവുകാരിലാണ് രോഗം കണ്ടെത്തിയതെന്ന് ജയിൽ അധികൃതർ വിശദീകരിച്ചു. ഇവർ ജയിൽ പരിസരത്തിന് പുറത്ത് മലിനവും ഉപേക്ഷിക്കപ്പെട്ടതുമായ സിറിഞ്ചുകൾ ഉപയോഗിച്ചതാകാം രോഗത്തിനിടയാക്കിയതെന്നാണ് നിഗമനം.
ജയിലിൽ എത്തിയശേഷം ആർക്കും രോഗംബാധിച്ചിട്ടില്ലെന്നും ഇത്രയേറെ തടവുകാർക്ക് രോഗം ബാധിച്ചതു ഗൗരവമായാണ് കാണുന്നതെന്നും ജയിൽ അധികൃതർ വിശദീകരിച്ചു. രോഗബാധിതർക്ക് ലക്‌നൗവിലെ ആശുപത്രിയിൽ വിദഗ്ദ ചികിൽസ നൽകുന്നുണ്ട്. കൂടാതെ ഇവരുടെ ആരോഗ്യസ്ഥിതി സസൂക്ഷ്‌മം നിരീക്ഷിക്കുന്നുമുണ്ട്.
രോഗബാധിതരുടെ എണ്ണം വർധിച്ചെങ്കിലും കഴിഞ്ഞ അഞ്ചുകൊല്ലത്തിനിടെ ആരും മരണപ്പെട്ടിട്ടില്ലെന്ന് അധികൃതർ പറഞ്ഞു. ഈ സാഹചര്യത്തിൽ തടവുകാർക്ക് ബോധവത്‌ക്കരണം നൽകാനും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാനുമാണ് ജയിൽ അധികൃതരുടെ തീരുമാനം.