‘അന്ന് വിദ്യാർഥികളെ ചാവേർപ്പടകളായി നയിച്ചത് ഇന്നത്തെ ധനമന്ത്രി; അവതരിപ്പിച്ചത് പരാജയപ്പെട്ട സർക്കാരിന്റെ പ്രോഗ്രസ് കാർഡ് ’
Mail This Article
ജനോപകാരപ്രദമായ യാതൊരു നിർദേശങ്ങളുമില്ലാത്ത ഒരു ബജറ്റാണ് ധനമന്ത്രി ബാലഗോപാൽ അവതരിപ്പിച്ചതെന്ന് യുഡിഎഫ് സെക്രട്ടറിയും സിഎംപി ജനറൽ സെക്രട്ടറിയുമായ സി.പി.ജോൺ. സർക്കാർ പദ്ധതികൾ പോലും കൃത്യമായി നടത്താൻ കഴിയാത്ത സർക്കാർ എല്ലാകുറ്റവും കേന്ദ്രത്തിന് മേൽ ചാർത്തുകയാണെന്നും ജോൺ പറഞ്ഞു. ഒരു സ്വയം വിമർശനത്തിന് സംസ്ഥാന സർക്കാർ തയ്യാറാകുന്നില്ലെന്നും അങ്ങേയറ്റം നിർജീവമായ ഒരു ബജറ്റാണ് അവതരിപ്പിക്കപ്പെട്ടതെന്നും അദ്ദേഹം കുറ്റപ്പെടുത്തി
‘‘കേന്ദ്ര വിരുദ്ധ പ്രസംഗമാണ് ബജറ്റ് പ്രസംഗം എന്ന് തെറ്റിദ്ധരിച്ച ഒരു ധനമന്ത്രിയെയാണ് രണ്ടര മണിക്കൂറിലധികം നീണ്ട ബജറ്റ് പ്രസംഗത്തിൽ കണ്ടത്. കേരളത്തിന്റെ വികസനത്തിന് വേണ്ടി കേരള സർക്കാർ മാറ്റിവച്ച തുക പോലും ചെലവഴിക്കാൻ ഈ മന്ത്രിസഭയ്ക്ക് കഴിഞ്ഞിട്ടില്ല. ഈ വർഷമാകട്ടെ, കഴിഞ്ഞ രണ്ടുവർഷങ്ങളിലെന്ന പോലെ 30,370 കോടി രൂപയിൽ നിന്ന് ഒരു രൂപപോലും സംസ്ഥാന പ്ലാനിൽ കൂട്ടിച്ചേർത്തിട്ടില്ല. അതിന്റെ അർഥം പഞ്ചായത്തുകൾക്ക് ഒരുരൂപയും കൂടാൻ പോകുന്നില്ലെന്നാണ്.
കേന്ദ്രസർക്കാരിനെ ഫെഡറലിസത്തിന്റെ പേരിൽ വിമർശിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ പഞ്ചായത്തുകൾക്കും മുനിസിപ്പാലിറ്റികൾക്കുമുള്ള പണം കൂട്ടാത്തതിൽ സ്വയം വിമർശനം ചെയ്യാൻ തയ്യാറല്ല. പട്ടികജാതി–പട്ടിക വർഗ വിദ്യാർഥികൾക്ക് സംസ്ഥാന പദ്ധതിയുടെ 9.8 ശതമാനം പട്ടികജാതി വിഭാഗത്തിനും മൂന്നുശതമാനം പട്ടിക വർഗ വിഭാഗത്തിനുമാണ്. കഴിഞ്ഞ മൂന്നുവർഷക്കാലമായി ഒരു രൂപപോലും അവർക്ക് കൂട്ടിയിട്ടില്ല. കാരണം സംസ്ഥാന പദ്ധതി നിന്നേടത്ത് നിൽക്കുകയാണ്. ആറുവർഷം മുൻപ് ഇതിലും വലിയ പദ്ധതി അടങ്കൽ ഉണ്ടായിരുന്നു 50,670 കോടി രൂപ. രണ്ടുവർഷം അത് 25,000 ആയി കുറഞ്ഞത് കോവിഡ് കാരണമാണ് എന്നുപറയാം. എന്നുപറഞ്ഞാൽ അങ്ങേയറ്റം പരാജയപ്പെട്ട സർക്കാരിന്റെ പ്രോഗ്രസില്ലാത്ത പ്രോഗസ് കാർഡാണ് ഇവിടെ അവതരിപ്പിക്കപ്പെട്ടത്.
2022–23ലെ വികസനപദ്ധതികളുടെ രേഖ ഇക്കണോമിക് റിവ്യൂ സംയുക്തമായി പുറത്തുകൊണ്ടുവന്നിട്ടുണ്ട്. കൃഷിക്കും അനുബന്ധ മേഖലയ്ക്കും കൂടി മാറ്റിവച്ച 1,600ലധികം കോടിയിലധികം രൂപയുടെ മൂന്നിൽ രണ്ടുമാത്രമാണ് ചെലവഴിക്കാൻ കഴിഞ്ഞത്. എന്നുപറഞ്ഞാൽ അഞ്ഞൂറുകോടിയിലധികം നഷ്ടപ്പെടുത്തി. 1200 കോടിയിലധികമുള്ള വ്യവസായ മേഖലയിൽ 49 ശതമാനം ഏതാണ്ട് 600 കോടി മാത്രമാണ് ചെലവഴിച്ചത്. അവിടെയും 600 കോടിയോളം രൂപ നഷ്ടമാക്കി. കൃഷിക്കും വ്യവസായത്തിനും വേണ്ടി മാറ്റിവെച്ച സ്വന്തം പദ്ധതി പോലും നടത്താനാകാത്ത സർക്കാരാണ് കേന്ദ്രത്തെ വിമർശിക്കുന്നത്.
പിന്നെ കേന്ദ്രത്തെ വിമർശിക്കുന്നതിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ക്ലാസ് യുഡിഎഫിന് ആവശ്യമില്ല. ബിജെപിയുടെ തെറ്റായ നയങ്ങളെ ചെറുക്കുന്നതിൽ അവരെ അധികാരത്തിൽ നിന്ന് മാറ്റുന്നതിൽ ഇന്ത്യയിൽ മുന്നിൽ നിന്ന് പ്രവർത്തിക്കുന്നത് യു.ഡി.എഫിന് നേതൃത്വം കൊടുക്കുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസാണെന്ന് എല്ലാവർക്കും അറിയാം.
കേരളത്തെ സംബന്ധിച്ചിടത്തോളം തീർച്ചയായും ധനകാര്യ കമ്മിഷനുകൾ നൽകുന്ന അവാർഡിന്റെ കാര്യത്തിൽ നിരവധി പോരായ്മകൾ ഉണ്ടായിട്ടുണ്ട്. ആകെ നികുതി വരുമാനത്തിന്റെ 3.86 പത്തുവർഷം മുൻപ് നമുക്ക് ലഭിച്ചിരുന്നുവെങ്കിൽ അത് 2.4 ആയിക്കുറയുകയും പിന്നീട് 1.9 ആയതും നമുക്കറിയാം. പക്ഷേ ഇതിനിടയിൽ മറ്റുസംസ്ഥാനങ്ങൾക്ക് ലഭിക്കാത്ത റവന്യൂ കമ്മി ഗ്രാൻറ് കിട്ടി എന്ന കാര്യം ഇടതുപക്ഷ ജനാധിപത്യ മുന്നണി മറച്ചുവയ്ക്കുന്നു. ഇന്ത്യയിലെ 11 സംസ്ഥാനങ്ങൾക്ക് മാത്രമാണ് റവന്യുകമ്മി ഗ്രാൻറ് കൊടുത്തത്. അതിൽ ഒന്നാം സ്ഥാനം കേരളത്തിനായിരുന്നു എന്ന കാര്യവും സമർഥമായി ഇടതുമുന്നണി മറച്ചുവയ്ക്കുകയാണ്. റവന്യൂക്കമ്മി ഗ്രാൻറും അതേപോല തന്നെ നികുതിയിൽ നിന്ന് ലഭിക്കുന്ന വരുമാനവും ചേർത്താൽ വാസ്തവത്തിൽ 3.8ശതമാനം കിട്ടുന്നതിലധികം നമുക്ക് കിട്ടിയിട്ടുണ്ട് എന്നതാണ് യാഥാർഥ്യം. കേന്ദ്രം തെറ്റായ രീതിയിലൂടെയാണ് മുന്നോട്ടുപോകുന്നത് എന്ന് നമുക്കറിയാം. പക്ഷേ അതുമാത്രം കൈമുതലാക്കിക്കൊണ്ട് തങ്ങളുടെ പരാജയങ്ങൾ മൂടിവയ്ക്കുന്ന ബജറ്റിനെ അങ്ങേയറ്റം എതിർക്കേണ്ടതായിട്ടുണ്ടെന്ന് ഞാൻ കരുതുന്നു.
മറ്റൊരു പ്രധാനപ്പെട്ട ബജറ്റ് പ്രഖ്യാപനം കേരളത്തിൽ സ്വകാര്യ സർവകലാശാലകൾ തുടങ്ങും, വിദേശ സർവകലാശാലകൾ വരെ തുടങ്ങും എന്നതാണ്. വിദേശ സർവകലാശാലകൾ തുടങ്ങുക എന്നുപറയുന്നത് ഇടതുപക്ഷ ജനാധിപത്യ മുന്നണി, ഒരു കാലത്ത് ഏറ്റവും എതിർത്ത കാര്യമാണെന്ന് ജനങ്ങൾ ഓർക്കുന്നുണ്ടാകും. കൂത്തുപറമ്പിൽ അഞ്ചുപേർ വെടികൊണ്ട് മരിച്ചത് ഒരു സഹകരണ മെഡിക്കൽ കോളേജ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ടുള്ള സമരത്തിലാണ്. സ്വാശ്രയ കോളേജുകൾ സഹകരണാടിസ്ഥാനത്തിൽ നടത്തുന്ന, സർക്കാരിന്റെ ഐഎച്ച്ആർഡിയെ പോലുള്ള സ്ഥാപനങ്ങൾ നടത്തുന്ന അൺ എയ്ഡഡ് കോളജുകൾക്കെതിരെപ്പോലും ചാവേർപ്പടകളായി വിദ്യാർഥികളെ നയിച്ച അന്നത്തെ എസ്എഫ്ഐയുടെ സംസ്ഥാന സെക്രട്ടറിയാണ് ഇന്നത്തെ ധനമന്ത്രിയെന്നും ഓർക്കാവുന്നതാണ്. എന്തായാലും കാലമാറ്റംകൊണ്ട് നല്ല കാര്യങ്ങൾ ചെയ്യുന്നുണ്ടെങ്കിൽ നല്ലത് എന്നുപറയേണ്ടതിനെ മടിക്കേണ്ടതില്ല.
പക്ഷേ, ഈ ബജറ്റ് അങ്ങേയറ്റം വിമർശിക്കപ്പെടേണ്ടതാണ്.പുതിയ നികുതി നിർദേശം, ഫലപ്രദമായ ഒരു നിർദേശവുമില്ല എന്നുമാത്രമല്ല നമ്മളെ സംബന്ധിച്ചിടത്തോളം ജനോപകാരപ്രദമായ ഒരു നേട്ടവുമില്ല. പെൻഷൻ വർധിപ്പിക്കുന്നില്ല, പങ്കാളിത്ത പെൻഷൻ ഒഴിവാക്കുന്നില്ല, ഇതെല്ലാം തന്നെ കേന്ദ്രത്തിന്റെ കുഴപ്പമാണ് എന്നുപറഞ്ഞ് കയ്യൊഴിയുന്ന ഒരു സർക്കാർ മാത്രമാണ് ഇതെന്ന് പറയേണ്ടി വന്നതിൽ ഖേദമുണ്ട്.’’