വിദ്വേഷ പ്രസംഗം: മുഫ്തി സൽമാൻ അസ്ഹരിയെ പൊലീസ് കസ്റ്റഡിയിലെടുത്തു, മോചനം ആവശ്യപ്പെട്ട് അണികൾ
Mail This Article
മുംബൈ∙ വിദ്വേഷ പ്രസംഗം നടത്തിയെന്നാരോപിച്ച് ഇസ്‌ലാമിക് പ്രബോധകൻ മുഫ്തി സൽമാൻ അസ്ഹരിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഗുജറാത്ത് പൊലീസാണ് അസ്ഹരിയെ കസ്റ്റഡിയിലെടുത്തത്. ഇദ്ദേഹത്തെ പിന്നീട് മുംബൈ ഘട്കോപർ പൊലീസ് സ്റ്റേഷനിൽ എത്തിച്ചു.
വിദ്വേഷ പ്രസംഗം നടത്തിയെന്നാരോപിച്ച് ഗുജറാത്തിൽ ഇയാൾക്കെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്തിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി നഗരത്തിലെത്തിയ ഗുജറാത്ത് പൊലീസ് ഞായറാഴ്ചയാണ് അസ്ഹരിയെ കസ്റ്റഡിയിലെടുത്തത്.
അസ്ഹരിയെ പൊലിസ് കസ്റ്റഡിയിലെടുത്ത വാർത്ത പരന്നതോടെ അദ്ദേഹത്തെ ഉടൻ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് അണികൾ പൊലീസ് സ്റ്റേഷന് പുറത്ത് തടിച്ചുകൂടി. ആൾക്കൂട്ടത്തെ തുടർന്ന് ഗതാഗതം സ്തംഭിച്ചു. ഉച്ചഭാഷിണിയിൽ ജനങ്ങൾ പിരിഞ്ഞുപോകണമെന്ന് പൊലീസ് ആവശ്യപ്പെട്ടെങ്കിലും ജനക്കൂട്ടം അർധരാത്രി വരെ നിൽപ് തുടർന്നു. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പ്രത്യേകസേനയെ പൊലീസ് രംഗത്തിറക്കി. സംഭവസ്ഥലത്ത് ലാത്തിച്ചാർജ് നടന്നതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.
ജനുവരി 31–ന് ജുനഗഡിൽ വച്ച് അസ്ഹരി നടത്തിയ വിദ്വേഷ പ്രസംഗം സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇന്ത്യൻ ശിക്ഷാനിയമം 153 ബി, 505(2) എന്നിവ ഏർപ്പെടുത്തി പൊലീസ് എഫ്.ഐ.ആർ.രജിസ്റ്റർ ചെയ്തു. സംഘാടകരായ രണ്ടുപേരെയും ജുനഗഡിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അസ്ഹരിയുടെ അറസ്റ്റ് സംബന്ധിച്ച് ഞായറാഴ്ച വൈകും വരെയും സ്ഥിരീകരണം ഉണ്ടായിട്ടില്ല.