റബറിന്റെ താങ്ങുവില ഇനിയും ഉയർത്തണമെങ്കിൽ കേന്ദ്രത്തിന്റെ സഹായം വേണം: ബാലഗോപാൽ
Mail This Article
തിരുവനന്തപുരം∙ കേന്ദ്രത്തിൽനിന്നും സംസ്ഥാനങ്ങൾക്കു കിട്ടേണ്ട ന്യായമായ സാമ്പത്തിക പരിഗണന കിട്ടുന്നില്ലെന്നും ഒന്നിച്ചുനിന്നാൽ മാത്രമേ കൂടുതൽ ശക്തമായി മുന്നോട്ട് പോകാൻ കഴിയുവെന്നും ധനമന്ത്രി കെ.എൻ.ബാലഗോപാൽ. കേന്ദ്രത്തിൽനിന്നു കിട്ടാനുള്ളതിന്റെ നല്ലൊരുഭാഗം പണവും കിട്ടാതിരിക്കുന്ന സാഹചര്യത്തിൽ ഒന്നിച്ചുനിന്നാൽ മാത്രമേ കൂടുതൽ ശക്തമായി മുന്നോട്ട് പോകാൻ പറ്റുവെന്നായിരുന്നു ധനമന്ത്രിയുടെ വിശദീകരണം.
Read Also: ഫ്ലാറ്റിൽ താമസിക്കുന്നവർക്കും ഭൂനികുതി; ഫെയർവാല്യു പരിഷ്കരിക്കും: ധനമന്ത്രി
റബറിന്റെ താങ്ങുവില ഇനിയും ഉയർത്തണമെങ്കിൽ കേന്ദ്രസർക്കാരിന്റെ സഹായം വേണമെന്നും ധനമന്ത്രി പറഞ്ഞു. ‘‘താങ്ങുവില 250 രൂപയാക്കണമെങ്കിൽ കേന്ദ്രം സഹായിക്കണം. ദൈനംദിന കാര്യങ്ങൾക്കു പോലും പണം അനുവദിക്കാത്ത സാഹചര്യത്തിലും റബറിന്റെ താങ്ങുവില വർധിപ്പിച്ചിട്ടുണ്ട്. വിപണയിൽ ഇപ്പോൾ കിട്ടുന്ന വിലയേക്കാളും പത്തോ പതിനഞ്ചോ രൂപ അധികം കർഷകർക്ക് കിട്ടും’’–ബാലഗോപാൽ പറഞ്ഞു.
‘‘പതിനായിരക്കണക്കിന് ആളുകൾക്ക് ജോലി കിട്ടുന്ന, ലക്ഷക്കണക്കിന് കോടി രൂപയുടെ നിക്ഷേപം വരുന്ന പദ്ധതിയാണ് വിഴിഞ്ഞം പദ്ധതി. അടുത്ത മൂന്നുവർഷത്തിനുള്ളിൽ 3 ലക്ഷം കോടി രൂപയുടെ നിക്ഷേപം വരുമെന്ന് പ്രതീക്ഷിക്കുന്നു. കേരളത്തിൽ അങ്ങോളമിങ്ങോളം ടൂറിസം മേഖലയിൽ വലിയ സാധ്യതയുണ്ട്’’–ബാലഗോപാൽ പറഞ്ഞു.