അപ്പീൽ കൊടുക്കാൻ ചെലവേറും; കോടതി ഫീസുകളുടെ നിരക്കിൽ വർധന
Mail This Article
തിരുവനന്തപുരം∙ ബജറ്റിൽ കോടതി ഫീസുകളുടെ നിരക്ക് വർധിപ്പിച്ചു. നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് 138–ാം വകുപ്പിനു കീഴിൽ റജിസ്റ്റർ ചെയ്യുന്ന കേസുകളിൽ നിരസിക്കപ്പെടുന്ന ചെക്കിന്റെ തുക 10,000 രൂപവരെയാണെങ്കിൽ 250 രൂപ ഫീസ്. 10,000 രൂപയിൽ കൂടിയാൽ 3 ലക്ഷംരൂപയിൽ കൂടരുത് എന്ന നിബന്ധനയോടെ ചെക്ക് തുകയുടെ 5 ശതമാനം ഫീസ്.
ഈ നിയമത്തിനു കീഴിൽ കുറ്റാരോപിതൻ സെഷൻസ് കോടതിയിൽ ഫയൽ ചെയ്യുന്ന അപ്പീലിന് 1000 രൂപയും ഹൈക്കോടതിയിൽ ഫയൽ ചെയ്യുന്ന അപ്പീലിൽ, വിചാരണ കോടതിയിൽ ഒടുക്കിയ കോടതി ഫീസിന്റെ പകുതിക്ക് തുല്യമായ തുകയും നൽകണം.
ഹൈക്കോടതി മുൻപാകെ പരാതിക്കാരൻ ഫയൽ ചെയ്യുന്ന റിവിഷൻ പെറ്റീഷനിൽ ചെക്ക് തുകയുടെ പത്തിലൊന്നും, ശിക്ഷാ വിധിക്കെതിരെ കുറ്റാരോപിതൻ ഫയൽ ചെയ്യുന്ന റിവിഷൻ പെറ്റീഷനുകളിൽ 1500 രൂപയും കോടതി ഫീസായി ഉയർത്തി. കുടുംബകോടതികളിൽ വസ്തു സംബന്ധമായ കേസ് ഫയൽ ചെയ്യുന്നതിന് നിലവിൽ 50 രൂപയാണ് ഫീസ്.
തർക്കമുള്ള വസ്തുവിന്റെ തുക ഒരു ലക്ഷംവരെ 200 രൂപയും ഒരു ലക്ഷം മുതൽ 5ലക്ഷംവരെ അവകാശപ്പെടുന്ന തുകയുടെ 5 ശതമാനവും ആയിരിക്കും. 5 ലക്ഷത്തിനു മുകളിൽ പരമാവധി 2 ലക്ഷംരൂപ എന്ന വ്യവസ്ഥയ്ക്ക് വിധേയമായി അവകാശപ്പെടുന്ന തുകയുടെ ഒരു ശതമാനവും കോടതി ഫീസ് ചുമത്തും. സംസ്ഥാനത്തെ കോർട്ട് ഫീസ് ആൻഡ് സ്യൂട്ട്സ് വാല്യുവേഷൻ ആക്ടിലും മാറ്റം വരുത്തും.