പങ്കാളിത്ത പെൻഷനു പകരം പുതിയ പദ്ധതി നടപ്പിലാക്കാൻ സർക്കാർ; ഏപ്രിലിൽ ഒരു ഗഡു ഡിഎ
Mail This Article
തിരുവനന്തപുരം∙ പങ്കാളിത്ത പെൻഷൻ പദ്ധതിക്കു പകരം പുതിയ പെൻഷൻ പദ്ധതി നടപ്പിലാക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. ധനമന്ത്രി കെ.എൻ.ബാലഗോപാൽ അവതരിപ്പിച്ച ബജറ്റിലാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം. പങ്കാളിത്ത പെൻഷൻ പദ്ധതി സൃഷ്ടിച്ച അരക്ഷിതത്വം സർക്കാർ ജീവനക്കാരിൽ വലിയ ആശങ്കയ്ക്ക് വഴിവച്ചിട്ടുണ്ടെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. ഇതു പുനഃപരിശോധിക്കുന്നത് സംബന്ധിച്ച് പഠിക്കാൻ സർക്കാർ നിയമിച്ച കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ തുടർ പരിശോധനയ്ക്കായി മൂന്നംഗ കമ്മിറ്റി രൂപീകരിച്ചു.
പങ്കാളിത്ത പെൻഷൻ സമ്പ്രദായത്തിനു പകരം ജീവനക്കാർക്ക് സുരക്ഷിതത്വം നൽകുന്ന മറ്റൊരു പെൻഷൻ പദ്ധതി നടപ്പിലാക്കാനാണ് സർക്കാർ ആലോചിക്കുന്നതെന്ന് ധനമന്ത്രി പറഞ്ഞു. കേന്ദ്രസർക്കാരിന് നൽകിയ വിഹിതം തിരികെ ലഭിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കും. മറ്റു സംസ്ഥാനങ്ങളിലെ പുതിയ പദ്ധതികൾ കൂടി പഠിച്ച് സംസ്ഥാനത്ത് നടപ്പിലാക്കാനാവശ്യമായി നടപടികൾ സ്വീകരിക്കും.
സർക്കാർ ജീവനക്കാർക്ക് ഏപ്രിൽ മാസത്തെ ശമ്പളത്തോടൊപ്പം ഒരു ഗഡു ഡിഎ നൽകുമെന്നും ധനമന്ത്രി ബജറ്റിൽ പ്രഖ്യാപിച്ചു. പെൻഷൻകാരുടെയും ഒരു മാസത്തെ ഗഡു നൽകും. നിലവിൽ ആറു മാസത്തെ ഡിഎയാണ് കുടിശികയുള്ളത്. സർക്കാർ ജീവനക്കാർ കോവിഡ് കാലഘട്ടത്തിൽ പെൻഷൻ പരിഷ്കരണം നടപ്പാക്കിയ ഏക സംസ്ഥാനമാണ് കേരളമെന്നും കേന്ദ്രം കേരളത്തിനർഹതപ്പെട്ട 57,00 കോടി രൂപ വെട്ടിക്കുറച്ചതിനിടെയാണ് കുടിശിക വിതരണം ചെയ്യാൻ തീരുമാനിച്ചതെന്നും ധനമന്ത്രി പറഞ്ഞു.