ജിഎസ്ടി കുടിശിക 14,000 കോടി; തീർപ്പാക്കാൻ പദ്ധതി, ചെറുകിട മേഖലയുടെ ഉണർവ് ലക്ഷ്യമിട്ട് സർക്കാർ
Kerala Budget 2024
Mail This Article
തിരുവനന്തപുരം∙ ബജറ്റില്‍ ജിഎസ്ടി നികുതി കുടിശിക തീർപ്പാക്കൽ പദ്ധതി പ്രഖ്യാപിച്ചു. കുടിശികയായി സർക്കാരിനു ലഭിക്കാനുള്ളത് 14,000 കോടിരൂപയാണ്. പല കുടിശികകളും വളരെ പഴക്കമേറിയതോ ചെറിയ തുകകളോ ആണ്. ചെറുകിട വ്യാപാര മേഖലയ്ക്ക് ഉണർവ് നൽകുന്ന നടപടിയായി പദ്ധതിയെ സർക്കാർ കാണുന്നു.
പദ്ധതിയുടെ സവിശേഷതകൾ
∙ കേരള മൂല്യ വർധിത നികുതി നിയമം, കേരള കാർഷിക ആദായ നികുതി നിയമം, കേരള പൊതുവിൽപ്പന നികുതി നിയമം, കേരള ആഡംബര നികുതി നിയമം, നികുതിയിന്മേലുള്ള സർച്ചാർജ് നിയമം എന്നിവയ്ക്കു കീഴിലെ കുടിശ്ശികകൾക്കു ഈ പദ്ധതി ബാധകമായിരിക്കും.
∙ ബാർ ഹോട്ടലുകൾ, ഡിസ്റ്റിലറികൾ ഉൾപ്പെടെ പൊതുവിൽപ്പന നികുതി നിയമത്തിലെ ടേണോവർ ടാക്സ്, കോംപൗണ്ടിങ് നികുതി എന്നിവയുടെ കുടിശ്ശികകൾക്കു ഈ പദ്ധതി ബാധകമായിരിക്കില്ല.
∙ ജിഎസ്ടി നിയമം വരുന്നതിനു മുൻപ് നടന്ന കച്ചവടത്തെ ആസ്പദമാക്കിയുള്ള നികുതി കുടിശ്ശികകൾക്കു ഈ പദ്ധതി ബാധകമായിരിക്കും.
∙ ഈ പദ്ധതിയിലൂടെ കുടിശ്ശികകളുടെ പിഴയും പലിശയും പൂർണമായി ഒഴിവാക്കും.
∙ ഈ പദ്ധതിയിൽ കുടിശ്ശികകളെ അവയിലെ നികുതി തുകയെ അടിസ്ഥാനമാക്കി നാലു സ്ലാബുകളായി തിരിച്ചിട്ടുണ്ട്.
∙ ഒന്നാമത്തെ സ്ലാബായ 50,000 രൂപ വരെ നികുതി തുകയുള്ള കുടിശ്ശികകളെ അവയുടെ പിഴയും പലിശയുമടക്കം പൂർണമായും ഒഴിവാക്കും. ആകെ ഉള്ള കുടിശ്ശിക തുകയുടെ ഒരു ശതമാനത്തിൽ താഴെ മാത്രം ആണ് ഈ സ്ലാബിൽ ഉള്ളതെങ്കിലും, ഇത് ഏതാണ്ട് ഇരുപത്തിരണ്ടായിരത്തോളം കുടിശ്ശികകളെ തീർപ്പാക്കുന്നതിനു ഉപകരിക്കും. ഇതു ചെറുകിട വ്യാപാര മേഖലയ്ക്ക് പുത്തൻ ഉണർവേകും.
∙ രണ്ടാമത്തെ സ്ലാബായ 50,000 രൂപ മുതൽ 10 ലക്ഷം രൂപ വരെ നികുതി കുടിശ്ശികകൾക്ക്, നികുതി തുകയുടെ 30% അടച്ചാൽ മതിയാകും.
∙ മൂന്നാമത്തെ സ്ലാബായ 10 ലക്ഷം രൂപ മുതൽ ഒരു കോടി രൂപ വരെ നികുതി തുകയുള്ള കുടിശ്ശികകൾക്കു രണ്ട് തരം പദ്ധതികളാണ് ഉള്ളത്.
∙ ഈ സ്ലാബിൽ, അപ്പീലിലുള്ള (നിയമ വ്യവഹാരത്തിലുള്ള) കുടിശ്ശികകൾക്കു 40% ഒടുക്കിയാൽ മതിയാകും.
∙ ഈ സ്ലാബിൽ ഉള്ള അപ്പീലിൽ ഇല്ലാത്ത (നിയമ വ്യവഹാരമില്ലാത്ത) കുടിശ്ശികകൾ തീർപ്പാക്കുന്നതിന് നികുതി തുകയുടെ 50% അടച്ചാൽ മതിയാകും.
∙ നാലാമത്തെ സ്ലാബായ ഒരു കോടി രൂപയിൽ അധികം നികുതി തുകയുള്ള കുടിശ്ശികകൾക്കും രണ്ട് തരം പദ്ധതികളാണുള്ളത്.
∙ ഈ സ്ലാബിൽ അപ്പീലിലുള്ള (നിയമ വ്യവഹാരത്തിലുള്ള) കുടിശ്ശികകൾക്കു നികുതി തുകയുടെ 70% ഒടുക്കിയാൽ മതിയാകും.
∙ ഈ സ്ലാബിൽ ഉള്ള അപ്പീലിൽ ഇല്ലാത്ത (നിയമ വ്യവഹാരമില്ലാത്ത) കുടിശ്ശികകൾ തീർപ്പാക്കുന്നതിനു നികുതി തുകയുടെ 80% അടച്ചാൽ മതിയാകും.
∙ ആംനെസ്റ്റി 2024 പദ്ധതിയിൽ നിർദിഷ്ട തീയതിക്കു മുൻപു ചേരുന്നവർക്കാണ് മേൽപ്പറഞ്ഞ നിരക്കുകൾ. ഈ പദ്ധതിയിൽ ചേരാൻ വൈകിയാൽ പദ്ധതി പ്രകാരം ലഭിക്കുന്ന ആനുകൂല്യം കുറയും. ഡിസംബർ 31, 2024 ആയിരിക്കും പദ്ധതിയിൽ ചേരുന്നതിനുള്ള അവസാന തീയതി.