പരമാധികാരത്തിൽ ഇടപെടാൻ ഒരു രാജ്യത്തെയും അനുവദിക്കില്ല, ഇന്ത്യൻ സൈനികർ പിന്മാറും: കടുപ്പിച്ച് മാലദ്വീപ്
Mail This Article
ന്യൂഡൽഹി∙ ഇന്ത്യാവിരുദ്ധ നിലപാടിലുറച്ച് മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു. രാജ്യത്തിന്റെ പരമാധികാരത്തിൽ ഇടപെടുകയോ തുരങ്കം വയ്ക്കുകയോ ചെയ്യാൻ ഒരു രാജ്യത്തെയും അനുവദിക്കില്ലെന്ന് മുയിസു പറഞ്ഞു. മേയ് 10നകം ഇന്ത്യൻ സൈനികർ മാലദ്വീപിൽനിന്ന് പൂർണമായും വിട്ടുപോകുമെന്ന് ഇരുരാജ്യങ്ങളും തമ്മിൽ തീരുമാനമെടുത്തുവെന്നും അദ്ദേഹം വ്യക്തമാക്കി. ‘‘ഒരു സംഘം സൈനികർ മാർച്ച് പത്തോടുകൂടി ദ്വീപുരാഷ്ട്രം വിടും. മറ്റു രണ്ടു സംഘങ്ങൾ മേയ് 10നകവും ഇന്ത്യയിലേക്കു തിരിക്കും. ഇനി ഇന്ത്യയുമായുള്ള കരാർ പുതുക്കില്ല’’ – മുയിസു കൂട്ടിച്ചേർത്തു.
അതേസമയം, പ്രധാന പ്രതിപക്ഷ പാർട്ടികളായ എംഡിപിയും ഡെമോക്രാറ്റുകളും മുയിസുവിന്റെ പ്രസംഗം ബഹിഷ്കരിച്ചു. 56 അംഗങ്ങൾ ബഹിഷ്കരിച്ചപ്പോൾ പ്രസംഗം കേൾക്കാൻ 24 പേരെ ആകെ 87 അംഗ പാർലമെന്റിലുണ്ടായിരുന്നുള്ളൂ. ഏഴ് അംഗങ്ങൾ മുയിസു സർക്കാരിൽ അഡ്മിനിസ്ട്രേറ്റർ പദവികളിൽ ചുമതലയേൽക്കാൻ രാജിവച്ചിരുന്നു. ഇത്രയധികംപേർ ബഹിഷ്കരിക്കുന്നത് മാലദ്വീപ് പാർലമെന്റ് ചരിത്രത്തിൽ ആദ്യമാണെന്നാണ് രാജ്യത്തെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അതിനിടെ, മുയിസുവിനെ ഇംപീച്ച് ചെയ്യാനുള്ള പ്രതിപക്ഷത്തിന്റെ നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്.
മുയിസു പ്രസിഡന്റായി അധികാരമേറ്റതു മുതൽ ഇന്ത്യയുമായുള്ള മാലദ്വീപിന്റെ ബന്ധം മോശമാണ്. കടുത്ത ഇന്ത്യാ വിരോധിയും ചൈനീസ് അനുകൂലിയുമാണ് മുയിസു. രാജ്യത്തുള്ള 88 ഇന്ത്യൻ സൈനികരെ ഉടൻ പിൻവലിക്കണമെന്നു സ്ഥാനമേറ്റതിന്റെ തൊട്ടടുത്തദിവസംതന്നെ മുയിസു ആവശ്യപ്പെട്ടിരുന്നു. ഇന്ത്യ നൽകിയ 2 ഹെലികോപ്റ്ററുകളും ഒരു ചെറുവിമാനവും മാലദ്വീപ് ഉപയോഗിക്കുന്നുണ്ട്.
സാധാരണയായി മാലദ്വീപ് പ്രസിഡന്റുമാര്‍ അധികാരമേറ്റാല്‍ ആദ്യം സന്ദര്‍ശിക്കുന്നത് ഇന്ത്യയാണ്. എന്നാല്‍ കഴിഞ്ഞ നവംബര്‍ 17നു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ മുഹമ്മദ് മുയിസു ആ കീഴ്‌വഴക്കം തെറ്റിച്ചിരുന്നു. രണ്ടാഴ്ചയ്ക്കുള്ളില്‍ രണ്ടു വിദേശയാത്ര നടത്തിയ അദ്ദേഹം ആദ്യം തുര്‍ക്കിയിലേക്കാണു പോയത്. പിന്നീട് കാലാവസ്ഥാ ഉച്ചകോടിയില്‍ സംബന്ധിക്കാന്‍ യുഎഇയിലേക്ക്. അവിടെ വച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മുയിസു കൂടിക്കാഴ്ച നടത്തിയിരുന്നു. പിന്നാലെ, ചൈനയിലേക്കും പോയി
ലക്ഷദ്വീപിൽ ടൂറിസം പ്രോത്സാഹിപ്പിക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കുവച്ച സമൂഹമാധ്യമ പോസ്റ്റിനെതിരെ മാലദ്വീപ് മന്ത്രിമാരായ മറിയം ഷിയുന, മൽഷ ഷരീഫ്, അബ്ദുല്ല മഹ്സും മജീദ് എന്നിവർ അപകീർത്തികരമായ പരാമർശങ്ങളോടെ പ്രതികരിച്ചതു വിവാദമായിരുന്നു. തുടർന്ന് പ്രസിഡന്റ് മുഹമ്മദ് മുയിസു ഇവരെ സസ്പെൻഡ് ചെയ്തു. ഇതുസംബന്ധിച്ച ട്വീറ്റുകളും നീക്കം ചെയ്തിരുന്നു.