‘ദിവാസ്വപ്നങ്ങളുടെ മൈതാന പ്രസംഗമായി ബജറ്റ് മാറി’: വിമർശനവുമായി പ്രതിപക്ഷം
Mail This Article
തിരുവനന്തപുരം∙ ധനമന്ത്രി കെ.എൻ.ബാലഗോപാൽ അവതരിപ്പിച്ച സംസ്ഥാന ബജറ്റിനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാക്കൾ. മാസങ്ങളായി കുടിശിക നിലനില്‍ക്കുന്ന പദ്ധതികളിലാണു വീണ്ടും പ്രഖ്യാപനങ്ങള്‍ നടത്തിയതെന്നും പ്രയാസങ്ങള്‍ തുടരുമെന്നുള്ള പ്രഖ്യാപനമാണ് ബജറ്റെന്നുമായിരുന്നു മുസ്‍ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. നിലവിലെ ദയനീയ സാമ്പത്തിക സ്ഥതിയില്‍ ധനമന്ത്രി എന്തെങ്കിലും പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദേശിക്കുമോയെന്നാണ് നോക്കിയിരുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കാര്‍ഷിക മേഖലയില്‍ കൂടുതല്‍ നടപടികളുണ്ടാകുമെന്നാണു കരുതിയതെന്നും എന്നാല്‍ നിരാശാജനകമായിരുന്നെന്നും കടുത്തുരുത്തി എംഎൽഎ മോന്‍സ് ജോസഫ് പറഞ്ഞു. കര്‍ഷക ആത്മഹത്യകള്‍ നടക്കുന്ന കാലമായിട്ടും കൃഷിക്കാര്‍ക്കു വേണ്ടി സര്‍ക്കാര്‍ ഒന്നും പറഞ്ഞിട്ടില്ലെന്നും മോൻസ് ജോസഫ് ചൂണ്ടിക്കാട്ടി. ‘‘നെല്ല് സംഭരണത്തില്‍ മുന്‍ വര്‍ഷങ്ങളില്‍ സര്‍ക്കാരിന്റെ ഭാഗത്ത് പാളിച്ചകളുണ്ടായി. ഇത് പരിഹരിക്കുന്നതിനുള്ള ഒരു പ്രഖ്യാപനവും ബജറ്റിലില്ല. 300 രൂപ അടിസ്ഥാന വിലയായി പ്രഖ്യാപിക്കുമെന്നാണ് റബര്‍ കര്‍ഷകര്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ 10 രൂപയുടെ വര്‍ധയാണ് പ്രഖ്യാപിച്ചത്. ഇത് ശുദ്ധ തട്ടിപ്പാണ്. നിലവില്‍ 165 രൂപയാണ് മാര്‍ക്കറ്റ് വില. അതുകൊണ്ടാണ് വെബ്‌സൈറ്റില്‍ റജിസ്റ്റര്‍ ചെയ്യാന്‍ പോലും കര്‍ഷകര്‍ തയാറാകാത്തത്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മാര്‍ക്കറ്റില്‍ 70-80 രൂപ വിലയുള്ളപ്പോഴാണ് 180 രൂപ പ്രഖ്യാപിച്ചത്. കാര്‍ഷിക മേഖലയെ തകര്‍ക്കുന്ന സമീപനമാണ് ബജറ്റില്‍ സ്വീകരിച്ചത്. എല്ലാ രംഗത്തും ഒരു പ്രതീക്ഷയും നല്‍കാത്ത ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചത്’’–മോൻസ് ജോസഫ് കുറ്റപ്പെടുത്തി.
കേരളത്തിന്റെ സമ്പദ് വ്യവസ്ഥ കുത്തകകൾക്കു തുറന്നു കൊടുക്കുന്ന സ്വകാര്യവത്ക്കരണ പദ്ധതികളാണു കേരള ബജറ്റിന്റെ മുഖമുദ്രയെന്ന് ആർഎംപിഐ കേരള സംസ്ഥാന കമ്മിറ്റി പറഞ്ഞു. ‘‘അതിരൂക്ഷമായ വിലക്കയറ്റം തടയാനോ തകർന്നുകിടക്കുന്ന പൊതുവിതരണ സംവിധാനം മെച്ചപ്പെടുത്താനോ നടപടിയില്ല. കാർഷിക മേഖലയുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ക്രിയാത്മകമായ നിർദേശങ്ങളൊന്നുമില്ല. റബർ താങ്ങുവിലയിലെ 10 രൂപ വർധനവ് കൃഷിക്കാരെ കളിയാക്കുന്നതായി. ഏറ്റവും വലിയ പൊതുമേഖല സ്ഥാപനമായ കെഎസ്ആർടിസിയിലെ പ്രതിസന്ധിയെപ്പോലും അഭിസംബോധന ചെയ്യാത്ത ഒന്നായി പുതിയ ബജറ്റ്. ദിവാസ്വപ്നങ്ങളുടെ മൈതാന പ്രസംഗമായി 2024 ലെ സംസ്ഥാന ബജറ്റ് മാറി. പ്രതിപക്ഷ വിമർശനത്തിന്റെ രാഷ്ട്രീയ രേഖയായി ബജറ്റ് അധപതിക്കുന്നത് അത്യന്തം ഖേദകരം.’’– ആർഎംപിഐ പറഞ്ഞു.