‘രാമക്ഷേത്രം ബിജെപിക്ക് ഗുണം ചെയ്യില്ല, ജനങ്ങൾ ജീവിതത്തെപ്പറ്റി ചിന്തിക്കും; ഞങ്ങൾ ഹിന്ദുവിരുദ്ധരല്ല’
Mail This Article
ജയ്പുർ∙ അയോധ്യയിലെ രാമക്ഷേത്ര വിഷയം ഹ്രസ്വകാലത്തേക്കു മാത്രമേ ബിജെപിക്ക് അനുകൂലമായി ഭവിക്കൂവെന്നും വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ അവർക്കു ഗുണം ചെയ്യില്ലെന്നും കോൺഗ്രസ് നേതാവ് ശശി തരൂർ എംപി. ഒരു സമയം കഴിഞ്ഞാൽ ജനം രാമക്ഷേത്രത്തെ കുറിച്ചല്ല അവരുടെ ജീവിത സാഹചര്യത്തെ കുറിച്ച് ചിന്തിച്ചു തുടങ്ങും. ജയ്പുർ ലിറ്ററേച്ചർ ഫെസ്റ്റിവലിനെത്തിയ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
Read also: ‘കോൺഗ്രസ് കട പൂട്ടാറായി, ഈ സർക്കാർ മൂന്നാമതും വരാൻ 100–125 ദിവസം; ഇനി വൻ തീരുമാനങ്ങൾ’
‘‘ജനം അവരുടെ സാമ്പത്തിക സ്ഥിതിയെ കുറിച്ച് ചിന്തിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു. ഈ സർക്കാരിന്റെ കീഴിൽ അത് മികച്ചതായിരുന്നോ? ജീവിതത്തിൽ അവർ സന്തോഷിച്ചിരുന്നോ? രണ്ടു വർഷം മുൻപ് കഴിച്ചിരുന്ന ഭക്ഷ്യസാധനങ്ങൾ ഇപ്പോൾ അവർക്ക് വാങ്ങാൻ കഴിയുന്നുണ്ടോ? അവശ്യസാധനങ്ങളുടെ വില ഉയരുന്നത് നോക്കൂ. എന്തെങ്കിലും ഒരു മാനദണ്ഡം കണക്കാക്കിയാൽ, ഈ സർക്കാരിനു കീഴിൽ അവരുടെ ജീവിത നിലവാരം ഉയർന്നിട്ടുണ്ടോ?
ദരിദ്രർ വീണ്ടും ദരിദ്രരായിക്കൊണ്ടിരിക്കുന്നു. അവരുടെ കാര്യത്തിൽ ഒരു മാറ്റവും സംഭവിച്ചിട്ടില്ല. ഒരു സ്വതന്ത്ര സമ്പദ് വ്യവസ്ഥയാണ് രാജ്യത്തിനാവശ്യം. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ആളുകളെ കൂടി ഉൾപ്പെടുത്തിയുള്ള സാമ്പത്തിക മുന്നേറ്റമാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. സാമ്പത്തികമായി പിന്നാക്കമുള്ളവർക്ക് അതിലൂടെ മാത്രമേ ജീവിത വിജയം നേടാനാകൂ’’– തരൂർ പറഞ്ഞു.
രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുക്കാത്തതിനെ ബിജെപി വിമർശിച്ചതിനെ കുറിച്ച് ചോദിച്ചപ്പോൾ തരൂരിന്റെ പ്രതികരണം ഇങ്ങനെ: ‘‘ഞങ്ങൾ അയോധ്യയിൽ എത്തിയില്ല എന്നതുകൊണ്ട് ഹൈന്ദവ വിശ്വാസത്തിന് എതിരാണ് എന്നല്ല. ചെറുപ്പം മുതൽ രാമനെ ആരാധിക്കുന്ന ഒരാളാണ് ഞാൻ. ബിജെപിക്ക് രാമനുമേൽ യാതൊരു അവകാശവുമില്ലെന്ന് അവർ ഓർക്കണം. എനിക്കെപ്പോഴാണോ അവിടേക്ക് പോകാൻ തോന്നുന്നത് അപ്പോൾ പോകും. ആരാധിക്കാനും പ്രാർഥിക്കാനും ഞങ്ങൾക്ക് സൗകര്യമുള്ള സമയവും ദിവസവും തിരഞ്ഞെടുക്കുന്നുകൊണ്ട് ഞങ്ങളെ ഹിന്ദുവിരുദ്ധരാക്കേണ്ടതില്ല.’’
കേന്ദ്ര സർക്കാരിന്റെ നയങ്ങളെ എതിർക്കുന്നവരെയെല്ലാം ബിജെപി ദേശവിരുദ്ധരായി ചിത്രീകരിക്കുകയാണ്. കേന്ദ്ര ഏജൻസികളെ സർക്കാർ അവരുടെ നേട്ടങ്ങൾക്കായി ഉപയോഗിക്കുന്നു. കേന്ദ്ര ഏജൻസികൾ എന്തുകൊണ്ടാണ് പ്രതിപക്ഷ നേതാക്കളെ മാത്രം ലക്ഷ്യംവയ്ക്കുന്നത്? രാജ്യത്തിന്റെ ജനാധിപത്യ സ്ഥാപനങ്ങളെയെല്ലാം കേന്ദ്ര സർക്കാർ ഇല്ലാതാക്കി കൊണ്ടിരിക്കുകയാണ്. രാജ്യം ‘തിരഞ്ഞെടുപ്പ് ഏകാധിപത്യ’ത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. ജനങ്ങളുടെ ആവശ്യങ്ങൾ മനസ്സിലാക്കുന്ന നേതൃത്വമാണ് രാജ്യത്തിന് ഇപ്പോൾ ആവശ്യം– തരൂർ പറഞ്ഞു.