ADVERTISEMENT

തിരുവനന്തപുരം∙ റജിസ്ട്രേഷൻ വിഭാഗത്തിൽ വിവിധയിനങ്ങളിൽ നികുതി വർധിപ്പിച്ചും ചില ഇളവുകൾ നൽകിയും സംസ്ഥാന ബജറ്റ്. പ്രധാന നിർദേശങ്ങൾ ഇവ:

∙ ഡെപ്പോസിറ്റ് ഓഫ് ടൈറ്റിൽ ഡീഡിന്റെ കരാറുകൾ നിർബന്ധമായും ഓൺലൈനായി സബ് റജിസ്ട്രാർ ഓഫിസുകളിൽ ഫയൽ ചെയ്യുന്നതിനുള്ള ഉത്തരവ് പുറപ്പെടുവിക്കും. ഇപ്രകാരമുള്ള ഫയലിങ്ങിന് വായ്പാ തുകയുടെ 0.1% നിരക്കിൽ പരമാവധി 10,000 രൂപ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും ഫയലിങ് ഫീസ് ഇനത്തിൽ ഈടാക്കും. പ്രതിവർഷം ഏകദേശം 50 കോടിയുടെ അധികവരുമാനം പ്രതീക്ഷിക്കുന്നു.

Read also: ക്ഷേമപെന്‍ഷന്‍ വര്‍ധിപ്പിക്കാതെയും സ്വകാര്യ നിക്ഷേപത്തിനു വഴിതുറന്നും ബജറ്റ് – ഒറ്റനോട്ടത്തില്‍ അറിയാം

∙ നിലവിൽ, ലീസ് കരാറുകൾക്ക് അവയുടെ കാലാവധി അനുസരിച്ച് വാർഷിക ശരാശരി പാട്ടത്തുകയുടെ ഒരു നിശ്ചിത ശതമാനം നിരക്കിലാണ് സ്റ്റാംപ് ഡ്യൂട്ടി ഈടാക്കി വരുന്നത്. ലീസ് കരാറുകളുടെ റജിസ്ട്രേഷൻ പ്രോത്സാഹിപ്പിക്കുന്നതിനും പാട്ടത്തുക ആധാരത്തിൽ കുറച്ചുകാണിച്ച് നികുതി വെട്ടിക്കുന്നത് തടയുന്നതിനു മായി, വാർഷിക ശരാശരി പാട്ടത്തുകയ്ക്ക് പകരം, പാട്ടത്തിന് നൽകുന്ന ഭൂമിയുടെ ന്യായവിലയുടെ അടിസ്ഥാനത്തിൽ സ്റ്റാംപ് ഡ്യൂട്ടി നിശ്ചയിക്കുന്നതിന് കേരള മുദ്രപ്പത്ര നിയമത്തിൽ ഭേദഗതി വരുത്തും. കെട്ടിടം മാത്രം കൈമാറ്റം ചെയ്യുന്ന ലീസ് കരാറുകൾക്ക്, കെട്ടിടം സ്ഥിതിചെയ്യുന്ന ഭൂമിയുടെ ന്യായവിലയോ ആകെ വാടകത്തുകയോ ഏതാണോ കൂടുതൽ, അത് സ്റ്റാംപ് ഡ്യൂട്ടിയായി കണക്കാക്കും.ലീസ് കരാറുകൾക്ക് നിലവിലുള്ള സ്റ്റാംപ് ഡ്യൂട്ടി സ്ലാബുകള്‍ പരിഷ്കരിക്കും. ഇതിലൂടെ പ്രതിവർഷം ഏകദേശം 40 കോടിയുടെ അധിക വരുമാനം പ്രതീക്ഷിക്കുന്നു.

∙ ഒരു പാർട്‌ണർഷിപ് ഫേമിലെ വസ്തുവകൾ മുഴുവനും നിലവിലെ പാർട്‌ണർമാർ പുതിയ പാർട്‌ണർമാർക്ക് കൈമാറിയ ശേഷം നിന്നും ഫേമിൽ റിട്ടയർ ചെയ്യുന്നതിലൂടെ വിലയാധാരം ഒഴിവാക്കി വസ്തുകൈമാറ്റം നടക്കുന്ന സാഹചര്യം ഒഴിവാക്കാൻ വിലയാധാരത്തിന്റെ നിരക്കിൽ സ്റ്റാംപ് ഡ്യൂട്ടി ചുമത്തുന്നതിന് ആവശ്യമായ ഭേദഗതികൾ 1959ലെ കേരള മുദ്രപ്പത്ര നിയമത്തിൽ കൊണ്ടുവരും. ഇതിലൂടെ പ്രതിവർഷം ഏകദേശം 2 കോടിയുടെ അധികവരുമാനം പ്രതീക്ഷിക്കുന്നു.

∙ വസ്തു വിൽപന കരാറുകളുടെ റജിസ്ട്രേഷൻ പ്രോത്സാഹിപ്പിക്കുന്നതിനായി, വിൽപ്പന കരാർ റജിസ്റ്റർ ചെയ്ത് 6 മാസത്തിനുള്ളിൽ അതേ കക്ഷികൾ തമ്മിൽ വിലയാധാരം റജിസ്റ്റർ ചെയ്യുകയാണെങ്കിൽ, വിൽപ്പന കരാറിന് നൽകിയ റജിസ്ട്രേഷൻ ഫീസ് വിലയാധാരത്തിന്റെ റജിസ്ട്രേഷൻ ഫീസിൽ നിന്ന് കുറച്ചു നൽകുന്നതിന് റജിസ്ട്രേഷൻ ഫീസ് പട്ടിക ഭേദഗതി ചെയ്യും.

∙ വാണിജ്യബാങ്കുകളിൽ നിന്നും കാർഷിക വിദ്യാഭ്യാസ ആവശ്യങ്ങൾക്കുള്ള വായ്പകളും മറ്റു മറ്റാവശ്യങ്ങൾക്കുള്ള വായ്പകളും എടുക്കുന്നതിനുള്ള പണയാധാരങ്ങളും അവയുടെ റീ കൺവേയൻസ് ആധാരങ്ങളും റജിസ്റ്റർ ചെയ്യുന്നതിന് നിലവിൽ 1% നിരക്കിൽ പരമാവധി 525 രൂപയാണ് റജിസ്ട്രേഷൻ ഫീസ്. ഈ ഇളവ് വാണിജ്യ ബാങ്കുകൾ നൽകുന്ന റിലീസ് ആധാരങ്ങൾക്കും അനുവദിക്കും.

∙ സിവിൽ റവന്യു കോടതി, ഗവൺമെന്റ്, കലക്ടർ, മറ്റ് റവന്യു ഉദ്യോഗസ്ഥർ എന്നിവർ പുറപ്പെടുവിക്കുന്ന വിൽപ്പന സർട്ടിഫിക്കറ്റുകൾക്ക് സ്റ്റാംപ് ഡ്യൂട്ടി ഈടാക്കുന്നുണ്ട്. ഇത് മറ്റു സിവിൽ ഉദ്യോഗസ്ഥർ പുറപ്പെടുവിക്കുന്ന വിൽപനകൾക്കും ബാധകമാക്കും.

∙ കെട്ടിടങ്ങളുടെ കൈമാറ്റവുമായി ബന്ധപ്പെട്ട നികുതി ചോർച്ച തടയുന്നതിനായി, പ്ലിന്ത് ഏരിയയുടെ അടിസ്ഥാനത്തിൽ സിപിഡബ്ല്യുഡി നിരക്കിൽ കെട്ടിടത്തിന്റെ മൂല്യം കണക്കാക്കുന്നതിനുള്ള മാനദണ്ഡങ്ങൾ രൂപീകരിക്കാനുള്ള നടപടികൾ സ്വീകരിക്കും. ആധാരത്തിന്റെ റജിസ്ട്രേഷൻ സമയത്ത്, ഈ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കി നിശ്ചയിക്കപ്പെട്ട വിലയിൽ കുറയാത്ത തുകയ്ക്ക് സ്റ്റാംപ് ഡ്യൂട്ടി അടച്ചിട്ടുണ്ടെന്ന് പരിശോധിക്കുന്നതിന് പുതുക്കിയ മാർഗ്ഗനിർദ്ദേശം പുറപ്പെടുവിക്കും. 500 ചതുരശ്ര അടിയിൽ കുറവ് വിസ്തീർണമുള്ള പാർപ്പിട ഉദ്ദേശ്യത്തിനുള്ള കെട്ടിടങ്ങൾ, ഓല, ഓട്, റൂഫിംഗ് ഷീറ്റ് എന്നിവ കൊണ്ട് മേൽക്കൂര നിർമ്മിച്ച ഒറ്റനില കെട്ടിടങ്ങൾ എന്നിവയെ ഈ മൂല്യനിർണ്ണയ സാക്ഷ്യപത്രത്തിന്റെ പരിധിയിൽ നിന്നും ഒഴിവാക്കും. പ്രതിവർഷം ഏകദേശം 100 കോടിയുടെ അധികവരുമാനം പ്രതീക്ഷിക്കുന്നു.

English Summary:

Registration Tax Hike in Kerala Budget 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com